ജഡ്ജിയുടെ മകനും യുവതിയും രാസലഹരി കേസിൽ അറസ്റ്റിൽ; 1 കോടിയുടെ ഇടപാട്, പിടിയിലായത് പഞ്ചാബിൽനിന്ന്

കോഴിക്കോട്∙ രാസലഹരി വിൽപ്പന നടത്തുന്ന ടാൻസാനിയ പൗരൻമാരായ രണ്ടു പേരെ പഞ്ചാബിലെത്തി പിടികൂടി കുന്നമംഗലം പൊലീസ്. പഞ്ചാബിലെ ലൗലി പ്രഫഷണൽ യൂണിവേഴ്സിറ്റി വിദ്യാർഥികളായ ഡേവിഡ് എന്റമി (22), അത്ക ഹറുണ എന്നിവരെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്. ഇവരെ വൈകിട്ടോടെ വിമാന മാർഗം കോഴിക്കോടെത്തിച്ചു. ടാൻസാനിയയിലെ ജഡ്ജിയുടെ മകനാണ് ഡേവിഡ് എന്ന് പൊലീസ് പറഞ്ഞു. ഇയാൾ രാസലഹരി വസ്തുക്കളുടെ വിൽപ്പനക്കാരിൽ പ്രധാനിയാണെന്നാണ് കരുതുന്നത്. ഒരു കോടി രൂപയുടെ ഇടപാടുകളാണ് അടുത്തിടെ ഡേവിഡിന്റെ അക്കൗണ്ടിലൂടെ നടന്നതെന്ന് പൊലീസ് പറഞ്ഞു. അത്കയുടെ അക്കൗണ്ടിൽ 36 ലക്ഷത്തിന്റെ ഇടപാടും നടന്നിട്ടുണ്ട്. ഡേവിഡ് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും അത്ക ബിബിഎ വിദ്യാർഥിയുമാണ്. ഇരുവരും ഒരുമിച്ച് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ജനുവരി 21ന് കുന്നമംഗലം പൊലീസ് റജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിൽ അറസ്റ്റിലായ കാസർകോട് മഞ്ചേശ്വരം ബായാർപദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27), കോഴിക്കോട് വെള്ളിപറമ്പ് ഉമ്മളത്തൂർ ശിവഗംഗയിൽ അഭിനവ് (24) എന്നിവരിൽനിന്നു ലഭിച്ച സൂചനയെത്തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.ഇവരെ തെളിവെടുപ്പിനായി ബെംഗളൂരുവിൽ കൊണ്ടുപോകുകയും കൂട്ടുപ്രതിയായ മുഹമ്മദ് ഷമീലിനെ മൈസൂരുവിൽ വച്ച് പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് പ്രതികളുടെ പ്രവർത്തനങ്ങളും മറ്റും വിശദമായി പരിശോധിച്ചതിൽനിന്നു വലിയ തുക ഡേവിഡ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായി കണ്ടെത്തി. ആ പണം അത്ക ഹറുണ എന്ന യുവതിയുടെ അക്കൗണ്ട് വഴി നോയിഡയിൽ വച്ചാണ് പിൻവലിച്ചത് എന്നും കണ്ടെത്താൻ സാധിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇവരുടെ ലൊക്കേഷൻ പഞ്ചാബിലെ പഗ്വാരയിൽ ആണെന്ന് പൊലീസ് മനസ്സിലാക്കി. അന്വേഷണ സംഘം പഗ്വാരയിൽ എത്തി കോളജിന്റെ സമീപത്തുള്ള വീട്ടിൽനിന്നു പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രാസലഹരി വിൽപ്പനക്കാരനായ മറ്റൊരു ടാൻസാനിയക്കാരനെ ബെംഗളൂരുനിന്ന് വയനാട് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
Source link