KERALAM

400 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പ്, കൊച്ചി വിമാനത്താവളത്തിന് സമീപം വരുന്നത് 5000 കോടിയുടെ പദ്ധതി

കൊച്ചി: 400 ഏക്കര്‍ സ്ഥലത്ത് 5000 കോടി രൂപ മുതല്‍മുടക്കില്‍ വമ്പന്‍ ടൗണ്‍ഷിപ്പ് പദ്ധതിയാണ് കേരളത്തിലേക്ക് വരുന്നത്. മെട്രോ നഗരമായ കൊച്ചിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമാണ് പദ്ധതി പ്രദേശം. അയ്യമ്പുഴയില്‍ ആരംഭിക്കാനിരിക്കുന്ന ഗിഫ്റ്റ് സിറ്റിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഹില്‍ടോപ് സിറ്റി നിര്‍മിക്കാനിരിക്കുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊണാര്‍ക് ഗ്രൂപ്പാണ് വന്‍കിട പദ്ധതിക്ക് പിന്നില്‍.

നെടുമ്പാശേരി വിമാനത്താവളവുമായി 13 കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട പദ്ധതിയെന്ന് മൊണാര്‍ക് ഗ്രൂപ്പ് ഡയറക്ടര്‍ സുനില്‍ കോക്രെ വ്യക്തമാക്കി. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നും അധികം വൈകാതെ നിര്‍മാണം തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മൊണാര്‍ക് ഗ്രൂപ്പ് പ്രതിനിധികള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.

കേരളത്തില്‍ 400 ഏക്കറാണ് മൊത്തം പദ്ധതിയുടെ നടത്തിപ്പിനായി വേണ്ടത്. ഭൂമി ഉടമകള്‍ക്ക് കൂടി ഗുണം ലഭിക്കുന്ന രീതിയിലാണ് മൊണാര്‍ക് ഗ്രൂപ്പ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഭൂഉടമകള്‍ക്ക് സ്ഥിര വരുമാനം ലഭിക്കത്തക്ക രീതിയിലാകും പദ്ധതി വിഭാവനം ചെയ്യുക.

എല്ലാവിധ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിലൂടെ വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. യൂണിവേഴ്‌സിറ്റി, ആശുപത്രികള്‍, റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കില്‍ ഡെവലപ്പ്‌മെന്റ്, കളിസ്ഥലങ്ങള്‍ എന്നിവയായിരിക്കും ഇവിടെ ഉണ്ടാവുക. ചണ്ഡീഗഡിലും പൂനെയിലുമായി 13 ടൗണ്‍ഷിപ്പുകള്‍ മൊണാര്‍ക് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Source link

Related Articles

Back to top button