മുംബൈ Vs ഡൽഹി ഫൈനൽ

മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസൺ ഫൈനലിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസും ഏറ്റുമുട്ടും. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ക്യാപ്പിറ്റൽസ് ഫൈനലിൽ പ്രവേശിച്ചത്. ഇന്നലെ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ജയന്റ്സിനെ കീഴടക്കി ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കി. നാളെയാണ് ഫൈനൽ. എലിമിനേറ്ററിൽ 47 റണ്‍സിന് ആയിരുന്നു മുംബൈയുടെ ജയം. സ്കോർ: മുംബൈ 20 ഓവറിൽ 213/4. ഗുജറാത്ത് 19.2 ഓവറിൽ 166. മുംബൈക്കു വേണ്ടി ഹെയ് ലി മാത്യൂസ് 50 പന്തിൽ 77ഉം നാറ്റ് സ്കൈവർ ബ്രണ്ട് 41 പന്തിൽ 77ഉം ഹർമൻപ്രീത് കൗർ 12 പന്തിൽ 36ഉം റണ്‍സ് നേടി. ഉയർന്ന മൂന്നാമത് ടോട്ടൽ വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന മൂന്നാമത് ടീം ടോട്ടലാണ് ഗുജറാത്ത് ജയന്റ്സിന് എതിരേ മുംബൈ ഇന്ത്യൻസ് ഇന്നലെ കുറിച്ച 213/4. ഈ സീസണിൽ ഇതു മൂന്നാം തവണയാണ് ടീം ടോട്ടൽ 210 കടക്കുന്നത്. 2025 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ യുപി വാരിയേഴ്സ് കുറിച്ച 225/5 ആണ് വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ.
2023 സീസണിൽ റോയൽ ചലഞ്ചേഴ്സിന് എതിരേ ഡൽഹി ക്യാപ്പിറ്റൽസ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റണ്‍സ് നേടിയതാണ് രണ്ടാം സ്ഥാനത്ത്. യുപി വാരിയേഴ്സിനെതിരേ ഈ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും 213 റണ്‍സ് നേടിയിരുന്നു. 225 ചേസ് ചെയ്യുന്നതിനിടെയായിരുന്നു അത്.
Source link