KERALAMLATEST NEWS

ആറ്റുകാൽ പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി; ഒഴുകിയെത്തി ഭക്തർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തിരുവനന്തപുരം. പൊങ്കാല ഇടാനായി ലക്ഷക്കണക്കിന് ഭക്തർ ഇതിനോടകം തന്നെ അനന്തപുരിയിൽ എത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഇടങ്ങളിലും കൂടുതൽ പൊലീസിനെയും വിന്യസിച്ചു. നഗരത്തിന്റെ ആകെ പൊങ്കാല അടുപ്പുകൾ ഒരുങ്ങി. നാളെയാണ് സ്ത്രീലക്ഷങ്ങൾ വ്രതം നോറ്റ് കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല.

രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തിനുശേഷം ചടങ്ങുകൾ ആരംഭിക്കും. പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം പാടും. ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ടു തീരുമ്പോൾ തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി വി.മുരളീധരൻ നമ്പൂതിരിക്ക് നൽകും. 10.15ന് മേൽശാന്തി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നി പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും. തുടർന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലും തീ കത്തിക്കും.

പിന്നാലെ ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിൽ തീ പകരും. ഉച്ചയ്ക്ക് 1.15ന് ഉച്ചപൂജയ്ക്കുശേഷം നിവേദ്യം സമർപ്പിക്കുന്നതോടെ പൊങ്കാല പൂർത്തിയാകും.നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്ടർ പുഷ്പവൃഷ്ടി നടത്തും.
രാത്രി 7.30ന് കുത്തിയോട്ടത്തിന് ചൂരൽ കുത്തും. രാത്രി 11ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. ഓമല്ലൂർ കുട്ടിശങ്കരൻ എന്ന കൊമ്പനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാർ അനുഗമിക്കും. സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളങ്ങളുമുണ്ടാകും.


Source link

Related Articles

Back to top button