ആശ്വാസത്തിന്റെ നാളുകൾ, പഞ്ചാരക്കൊല്ലിയിൽ പടക്കം പൊട്ടിച്ച് മധുരം നൽകി നാട്ടുകാർ

വയനാട്: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തിയ ആശ്വാസത്തിലാണ് നാട്ടുകാർ. ഇന്ന് പുലർച്ചയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയെ പിലാക്കാട് സ്വദേശിയായ റിജോയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ‘വീടിനോട് ചേർന്നുളള വനമേഖലയിൽ നിന്ന് മുൻപ് ആനയുടെയും കാട്ടുപോത്തിന്റെയും ശല്യം ഉണ്ടായിട്ടുണ്ട്. വനത്തിൽ നിന്ന് ആദ്യമായാണ് കടുവ പുറത്തേയ്ക്ക് വരുന്നത്.
പുലർച്ചയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീടിനടുത്തെത്തി വിവരം അറിയിക്കുകയായിരുന്നു. കടുവയുടെ വീഡിയോ എടുക്കരുതെന്ന് അവർ പറഞ്ഞിരുന്നു. ഞങ്ങൾ വനം വകുപ്പിനോട് പൂർണമായും സഹകരിച്ചു. കുറച്ച് നാളായി ഉണ്ടായിരുന്ന ഭീതി ഒഴിഞ്ഞിരിക്കുകയാണ്’- റിജോ പറയുന്നു.
നരഭോജി കടുവ ചത്തതിന്റെ ആശ്വാസത്തിലാണ് പഞ്ചാരക്കൊല്ലിയിലെ നാട്ടുകാർ. ചിലർ സന്തോഷ സുചകമായി നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും മധുരം കൊടുക്കയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതൽ കടുവയെ പിന്തുടർന്ന് പോകുന്നതിനിടെയാണ് ഡോക്ടർ അരുൺ സക്കറിയയും സംഘവും കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ ആഴമേറിയ പഴക്കമുളള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ചത്തത് ഏഴ് വയസുളള പെൺകടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിനായി കടുവയെ കുപ്പാടിയിലെ വൈൽഡ് ലൈഫിന്റെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും പ്രതികരിച്ചിട്ടുണ്ട്. ഇനി സമാധാനമായി ഉറങ്ങാമെന്നും ദിവസങ്ങൾ നീണ്ട ആശങ്കയ്ക്ക് അറുതിയായെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Source link