KERALAM

അന്ന് ആ കോടതിയിൽ കമാൽ പാഷ ചെയ‌്തതെന്താണ്? ദൃക്‌സാക്ഷിയായിരുന്നുവെന്ന് ഷാരോണിന്റെ അഭിഭാഷകൻ

ഗ്രീഷ്‌മയുടെ വധശിക്ഷയെ കുറിച്ച് റിട്ടയേർഡ് ജസ്‌റ്റിസ് കമാൽപാഷ പറഞ്ഞ വാക്കുകൾ മനസ് തുറന്ന് ആത്മാർത്ഥമായിട്ടുള്ളതാണെന്ന് കരുതുന്നില്ലെന്ന് ഷാരോണിന്റെ അഭിഭാഷകനും പബ്ളിക് പ്രോസിക്യൂട്ടറുമായ വി.എസ് വിനീത്. പത്തോളം കേസുകളിൽ വധശിക്ഷ വിധിച്ചിട്ടുള്ള ന്യായാധിപനാണ് കമാൽ പാഷ. അതുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ചില അനുഭവങ്ങളും അഡ്വ. വിനീത് പങ്കുവച്ചു.

”കമാൽ പാഷ തിരുവനന്തപുരത്ത് ജഡ്‌ജായിരിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ കോടതിയിൽ എന്റെ സീനിയറിന് വേണ്ടി ഹാജരായിട്ടുണ്ട്. അക്കാലത്ത് മൂന്ന് കേസുകളിലാണ് കമാൽ പാഷ വധശിക്ഷ പ്രഖ്യാപിച്ചത്. അതിലൊന്ന് കാള മുരുകൻ എന്ന പ്രതിയുടെ വധശിക്ഷാ വിധിയായിരുന്നു. അന്ന് ഞാൻ ആ കോടതിയിലുണ്ടായിരുന്നു. ഒരു പൊലീസുകാരനെ കാള മുരുകൻ കുത്തികൊലപ്പെടുത്തിയ കേസാണ്.

സാധാരണയായി കത്തി കൊണ്ടുനടക്കുന്നയാളാണ് പ്രതി. മുൻപത്തെ പല കേസുകളും കൈയിലോ കാലിലോ കുത്തിയ സംഭവങ്ങളാണ്. എന്നാൽ ഇവിടെ മുരുകനെ പിടിക്കാനെത്തിയ പെലീസുകാരന് നെഞ്ചിലാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ മുറിവ് മരണത്തിലേക്ക് നയിച്ചു. അപൂർവങ്ങളിൽ അപൂർവം എന്ന പരാമർശത്തോടെ കമാൽ പാഷ മുരുകന് വധശിക്ഷ വിധിച്ചു.

ഗുണ്ടകളുടെ കുടിപ്പകകളുടെ ഭാഗമായി കൈബോംബ് എറിഞ്ഞ് തലയ‌്ക്ക് പരിക്കേറ്റ് ഒരാൾ മരിച്ച സംഭവമാണ് മറ്റൊന്ന്. അതിലെ പ്രതിക്കും വധശിക്ഷയാണ് പാഷ വിധിച്ചത്. അങ്ങനെ പല കേസുകളുണ്ട്.

താൻ വധശിക്ഷയ‌്ക്ക് വിധിച്ചതെല്ലാം അപൂർവങ്ങളിൽ അപൂർവമായ കേസായിരുന്നു; ബാക്കിയുള്ളത് അങ്ങനെയല്ല എന്ന് ഹൈക്കോടതി ജഡ്‌‌ജായി വിരമിച്ച ഒരാൾ പറയാമോ എന്ന് ചിന്തിക്കേണ്ടതാണ്. ജുഡീഷ്യറിയുടെയും ഉദ്യോഗസ്ഥരുടെയും ധാർമ്മികതയെ നഷ്‌ടപ്പെടുത്തുന്ന പരാമർശമാണത്. കോടതി വിധിയെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ , അത് ആര് പറയുന്നു, എപ്പോൾ പറയുന്നു എന്നതിലൊക്കെ പ്രാധാനമുണ്ട്.”- അഡ്വ. വിനീതിന്റെ വാക്കുകൾ.


Source link

Related Articles

Back to top button