INDIALATEST NEWS

ഇന്ന് കാണും പൊങ്കൽ, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ; അളങ്കാനല്ലൂർ ജല്ലിക്കെട്ടും ഇന്ന്

ചെന്നൈ ∙ കാണും പൊങ്കലിനായി കൂട്ടത്തോടെ എത്തുന്ന ജനത്തെ വരവേൽക്കാൻ നഗരം ഒരുങ്ങി. കുടുംബാംഗങ്ങൾക്കൊപ്പം ബീച്ചുകൾ, മൃഗശാല അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്ന കാണും പൊങ്കൽ ദിനത്തിൽ മുൻ വർഷങ്ങളിൽ കനത്ത തിരക്ക് അനുഭവപ്പെട്ടതു കണക്കിലെടുത്ത് ഇത്തവണ സുരക്ഷ കർശനമാക്കി. നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. 16,000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു.

സുരക്ഷ ഉറപ്പാക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും വിപുലമായ സുരക്ഷാ വലയം ഒരുക്കി. കൂടുതൽ പേരെത്തുന്ന മറീന ബീച്ചിലാണ് കൂടുതൽ സുരക്ഷ. 1,500 ഹോം ഗാർഡുകളെ മറീനയിൽ മാത്രം നിയോഗിച്ചു. ലേബർ സ്റ്റാച്യു മുതൽ‌ ലൈറ്റ് ഹൗസ് വരെയുള്ള പാതയിൽ മറീനയിൽ 7 പ്രവേശന ഭാഗങ്ങളിൽ താൽക്കാലിക മിനി കൺട്രോൾ റൂമുകളും പൊലീസ് ബൂത്തുകളും സ്ഥാപിച്ചു. കടലിൽ ഇറങ്ങുന്നത് വിലക്കി. കടലിൽ ഇറങ്ങുന്നത് തടയാൻ താൽക്കാലിക വേലികൾ കെട്ടി. 200 നീന്തൽ വിദഗ്ധരെ സജ്ജമാക്കി.

ബീച്ചിൽ സ്ഥാപിച്ച വാച്ച് ടവറിൽനിന്നു വോക്കി ടോക്കി, ബൈനോക്കുലർ ഉപകരണങ്ങളുടെ സഹായത്തോടെ പൊലീസുകാർ തുടർച്ചയായി നിരീക്ഷിക്കും. മോഷണം അടക്കമുള്ള കുറ്റകൃത്യം തടയാൻ പൊലീസിന്റെ 3 ഓൾ ടെറെയ്ൻ വാഹനങ്ങൾ ബീച്ചിൽ പട്രോളിങ് നടത്തും. സമാനമായ സുരക്ഷാ സംവിധാനങ്ങളാണ് ബസന്റ് നഗറിലെ എലിയട്സ് ബീച്ചിലും. പേര്, രക്ഷിതാവിന്റെ പേര്, വിലാസം, രക്ഷിതാവിന്റെ മൊബൈൽ നമ്പർ എന്നീ വിവരങ്ങളടങ്ങിയ തിരിച്ചറിയൽ കാർഡുകൾ കുട്ടികളെ ധരിപ്പിക്കും. മറീനയിലും എലിയട്സിലും 4 വീതം ഡ്രോൺ ക്യാമറകളും ഉപയോഗിക്കും. ഗിണ്ടി ചിൽഡ്രൻസ് പാർക്ക്, ടൂറിസം വകുപ്പിന്റെ പ്രദർശനം നടക്കുന്ന ഐലൻഡ് മൈതാനം, മൃഗശാല എന്നിവിടങ്ങളിലും പ്രത്യേക പൊലീസ് ബൂത്തുകൾ പ്രവർത്തിക്കും. ഇരുചക്ര വാഹനങ്ങളുടെ അമിത വേഗം, ബൈക്കോട്ടം എന്നിവ തടയുന്നതിനായി പ്രധാന ട്രാഫിക് ജംക്‌ഷനുകളിൽ ചെക്ക് പോയിന്റുകൾ സ്ഥാപിച്ചു.
തിരക്കേറിയാൽ ഗതാഗത നിയന്ത്രണംകാമരാജർ ശാലയിൽ ജനത്തിരക്ക് വർധിച്ചാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ൈലറ്റ് ഹൗസിൽ നിന്നു വാർ മെമ്മോറിയൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ കണ്ണകി പ്രതിമയിൽ നിന്ന് ഇടതുതിരിഞ്ഞ് ഭാരതി ശാല–ബെൽസ് റോഡ് ജംക്‌ഷൻ, വിക്ടോറിയ ഹോസ്റ്റൽ റോഡ് എന്നിവ വഴി പോകണം. വിക്ടോറിയ ഹോസ്റ്റൽ റോഡ്, ബെൽസ് റോഡ് എന്നിവ വൺവേ ആക്കും. ഭാരതി ശാല ജംക്‌ഷനിൽ നിന്നു മാത്രമാകും പ്രവേശനം. വാലജാ ശാല ജംക്‌ഷനിൽ നിന്നു പ്രവേശനമുണ്ടാകില്ല. കണ്ണകി പ്രതിമയിൽ നിന്നു ഭാരതി ശാലയിലേക്കുള്ള ഭാഗം വൺവേ ആക്കും. ബെൽസ് റോഡ്, ഭാരതി ശാല എന്നിവ വഴി കണ്ണകി പ്രതിമ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്കു പ്രവേശനം അനുവദിക്കില്ല.

അളങ്കാനല്ലൂർ ജല്ലിക്കെട്ട് ഇന്ന്മധുരയിലെ ലോകപ്രശസ്തമായ അളങ്കാനല്ലൂർ ജല്ലിക്കെട്ട് ഇന്ന് നടക്കും. പ്രത്യേക പരിശീലനം നേടിയ ആയിരത്തിലേറെ കാളകളും അവയെ പിടിച്ചു കെട്ടുന്നതിനായി ആയിരത്തോളം യുവാക്കളുമാണ് മത്സരിക്കുക. മധുരയിലെ 3 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും അളങ്കാനല്ലൂർ ജല്ലിക്കെട്ടിനാണ്. ‌‌ഇന്നലെ പാലമേട് നടന്ന ജല്ലിക്കെട്ടിൽ കാളകളുടെ കുത്തേറ്റ് 14 പേർക്കു പരുക്കേറ്റു. മത്സരം കാണാനെത്തിയവരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. വീരന്മാർക്കു (കാളകളെ പിടിച്ചു കെട്ടുന്നവർ) പിടി കൊടുക്കാതെ കുതിച്ചു പായുന്ന കാളകളെ കാണാനും അവയെ പിടിക്കാനും മറ്റൊരിടത്ത് തമ്പടിച്ച യുവാക്കളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. ജനക്കൂട്ടത്തോടു പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പോകാത്തതിനാൽ അവരെ ഓടിക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് ജനക്കൂട്ടം പൊലീസിനു നേരെ കല്ലെറിഞ്ഞു. കല്ലെറിഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രഗല്ഭ ജല്ലിക്കെട്ട് വീരൻമാരെപ്പോലും വിറപ്പിച്ച് ചിന്നമ്മ വി.കെ.ശശികലയുടെ കാള അവണിയാപുരം ജല്ലിക്കെട്ടിൽ ഒന്നാമത്. കാളയുടെ പരിപാലകനായ മായാണ്ടിക്കു ട്രാക്ടറാണു സമ്മാനമായി ലഭിച്ചത്. ഒരു പശുവിനെയും ഒരു കിടാവിനെയും ബോണസായും നൽകി. വാടിവാസൽ കടന്നു വന്നതു മുതൽ ഒരു ജല്ലിക്കെട്ട് വീരനെയും ശരീരത്തിൽ തൊടാൻ അനുവദിക്കാതെ ഒരു മിനിറ്റോളം ചീറിനിന്നതോടെയാണു ശശികലയുടെ കാള ഒന്നാമതെത്തിയത്. വളരെ നേരം ശ്രമിച്ചിട്ടും കാളയുടെ അടുത്തു വരാൻ പോലും ആർക്കും കഴിഞ്ഞില്ല. 8 വർഷത്തോളം നീണ്ട പരിശീലനത്തിലും പരിശ്രമത്തിനും ഒടുവിലാണു നേട്ടം സ്വന്തമാക്കാനായതെന്നു മായാണ്ടി പറഞ്ഞു. മത്സരത്തിലെ ഏറ്റവും മികച്ച ജല്ലിക്കെട്ട് വീരന് 8 ലക്ഷം രൂപ വിലയുള്ള കാറും, മികച്ച കാളയ്ക്കു 10 ലക്ഷം രൂപ വിലയുള്ള ട്രാക്ടറുമായിരുന്നു സമ്മാനം.

English Summary:
Pongal Celebrations & Alanganallur Jallikettu: Pongal celebrations and Alanganallur Jallikettu are underway in Tamil Nadu. Chennai is implementing tight security and traffic control measures for the massive influx of visitors enjoying Pongal festivities.


Source link

Related Articles

Back to top button