ഒരുമിച്ച് 3 യുദ്ധക്കപ്പലുകൾ: പുതുചരിത്രം രചിച്ച് ഇന്ത്യ
മുംബൈ∙ ലോകത്തെ പ്രധാന നാവിക ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും വിശ്വാസ്യതയും ഉത്തരവാദിത്തവുമുള്ള പങ്കാളിയായി ലോകം രാജ്യത്തെ അംഗീകരിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഐഎൻഎസ് നീലഗിരി, ഐഎൻഎസ് സൂറത്ത്, മുങ്ങിക്കപ്പൽ ഐഎൻഎസ് വാഗ്ഷീർ എന്നീ യുദ്ധക്കപ്പലുകൾ രാജ്യത്തിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിർമിച്ച 3 യുദ്ധക്കപ്പലുകൾ ആദ്യമായാണ് ഒരുമിച്ചു കമ്മിഷൻ ചെയ്യുന്നത്. മൂന്നും നിർമിച്ചത് മുംബൈയിലെ മസ്ഗാവ് ഡോക്കിലാണ്.
10 വർഷത്തിനിടെ 33 കപ്പലുകളും 7 മുങ്ങിക്കപ്പലുകളും നാവികസേനയുടെ ഭാഗമായെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്തെ ഉൽപാദനം 1.25 ലക്ഷം കോടി രൂപ കവിഞ്ഞു. നൂറിലധികം രാജ്യങ്ങളിലേക്കു പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നു. മൂന്നാമത്തെ വലിയ ആഗോള സമ്പദ് വ്യവസ്ഥയിലേക്കുള്ള അതിവേഗ പാതയിലാണു രാജ്യം. ആത്മനിർഭർ ഭാരത് പദ്ധതി രാജ്യത്തെ ശക്തവും സ്വാശ്രയവുമാക്കി.
1.5 ലക്ഷം കോടി രൂപ ചെലവിൽ 60 കപ്പലുകൾ നിർമാണത്തിലാണ്. ഇതിലൂടെ വൻതോതിൽ തൊഴിലവസരമുണ്ടാകും. സമുദ്രമേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 10 വർഷത്തിനിടെ 3 ലക്ഷത്തിലേക്ക് ഉയർന്നു. ഏറ്റവും കൂടുതൽ നാവികരുള്ള രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നും മോദി പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠി, മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, അജിത് പവാർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഐഎൻഎസ് നീലഗിരി∙ സ്റ്റെൽത്ത് ഫ്രിഗേറ്റ് ക്ലാസ് കപ്പൽ.∙ രൂപകൽപന: ഇന്ത്യൻ നേവി വാർഷിപ് ഡിസൈൻ ബ്യൂറോ.∙ പലതരം ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കാൻ ആധുനിക സംവിധാനങ്ങൾ. 149.2 മീറ്റർ നീളം.
ഐഎൻഎസ് സൂറത്ത്
ഐഎൻഎസ് സൂറത്ത്∙ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ.∙ ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്ന്. 164 മീറ്റർ നീളം.∙ 75 % ഭാഗങ്ങളും നിർമിച്ചത് തദ്ദേശീയമായി.∙ നിർമിത ബുദ്ധി അടക്കം വരുംകാലത്തെ ആവശ്യങ്ങൾ മുന്നിൽക്കണ്ടുള്ള നിർമാണം.
ഐഎൻഎസ് വാഗ്ഷീർ
ഐഎൻഎസ് വാഗ്ഷീർ∙ സ്കോർപീൻ ശ്രേണിയിലെ ആറാമത്തെയും അവസാനത്തെയും മുങ്ങിക്കപ്പൽ.∙ ഡീസൽ–ഇലക്ട്രിക് ഊർജത്തിൽ പ്രവർത്തനം∙ 67.5 മീറ്റർ നീളം.
Source link