സുരേഷ് കുറുപ്പിന്റെ മനസ് ടി.പിക്ക് ഒപ്പമെന്നതിൽ അഭിമാനം, ചോരയിൽ കുതിർന്ന ആ റെയിൽവേ ടിക്കറ്റ് മറക്കാനാവുന്നില്ലെന്ന് കെ.കെ.രമ
കോഴിക്കോട്: ‘അന്ന് സുരേഷ് കുറുപ്പിന്റെ മകന്റെ വിവാഹത്തിനു പോകാൻ ടി.പി.ചന്ദ്രശേഖരൻ കോട്ടയത്തേക്ക് റെയിൽവേ ടിക്കറ്റടുത്തത് മേയ് നാലിന് രാവിലെയായിരുന്നു. എനിക്കൊപ്പം അന്ന് ഉച്ചവരെ ടി.പി ഉണ്ടായിരുന്നല്ലോ. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയതല്ലേ… വിവാഹത്തിനു പോരുന്നുണ്ടോയെന്ന്, തലേന്ന് രാത്രി എന്നോട് ചോദിച്ചിരുന്നു ഞാനില്ലെന്ന് പറഞ്ഞു. പോവേണ്ടെന്ന് പറയാൻ തോന്നിയതുമില്ല.
സൗഹൃദങ്ങളെ ഒരുപാടിഷ്ടപ്പെടുന്നൊരാളെ വിലക്കാൻ തോന്നിയില്ല. അത്രമാത്രം സൗഹൃദം സുരേഷ് കുറുപ്പുമായിട്ടുണ്ടായിരുന്നു.മേയ് 13 നായിരുന്നു കുറുപ്പിന്റെ മകന്റെ വിവാഹം. നേരത്തെ ടിക്കറ്റെടുക്കുകയായിരുന്നു. മേയ് നാലിനാണ് ഞങ്ങളുടെ ജീവിതത്തിൽ നിന്നും അവർ ടി.പി.യെ പറിച്ചെടുത്തത്. വർഷം 13 ആവുന്നു’- കെ.കെ.രമ കേരളകൗമുദിയോടു പറഞ്ഞു.
2012 മേയ് നാലിന് 51 വെട്ടിൽ കൊലയാളികൾ വെട്ടിമുറിച്ചപ്പോഴും ആ ഷർട്ടിന്റെ പോക്കറ്റിൽ ചോരയിൽ കുതിർന്നെങ്കിലും സുരേഷ്കുറുപ്പിന്റെ മകന്റെ കല്യാണത്തിന് പോവാനായിട്ടെടുത്ത റെയിൽവേടിക്കറ്റ് സുരക്ഷിതമായിട്ടുണ്ടായിരുന്നു. കേരളകൗമുദിയോട് അതിവൈകാരികമായി സുരേഷ്കുറുപ്പ് അതോർത്തെടുത്ത് പറഞ്ഞപ്പോൾ വീണ്ടും പൊള്ളിപ്പോവുകയാണ് കെ.കെ.രമയെന്ന ഭാര്യയുടെ നെഞ്ചകം.
‘എന്റെ രാത്രിയും പകലുകളും ടി.പിക്ക് ഒപ്പമാണ് സഞ്ചരിക്കുന്നത്. മകന്റെ കല്യാണം ജനുവരി 24നാണ്. ടി.പിയുണ്ടായിരുന്നെങ്കിൽ അതൊരു വലിയ ആഘോഷമാവുമായിരുന്നു. എങ്കിലും ടി.പിയുടെ അടുത്ത സുഹൃത്തുക്കളെയെല്ലാം വിളിച്ചിട്ടുണ്ട്. അതിൽ സി.പി.എം നേതാക്കളുമുണ്ട്. സുരേഷ്കുറുപ്പ് കുടുംബസമേതം വരുമെന്ന് പറഞ്ഞു. മരിച്ചപ്പോൾ വരാൻ കഴിയാത്ത സാഹചര്യം അദ്ദേഹം കണ്ണീരോടെയാണ് പറഞ്ഞത്. അത് ഉൾക്കൊള്ളുന്നു.
നിങ്ങളോർക്കണം, സി.പി.എം എന്ന പാർട്ടിയിൽ ഭൂരിപക്ഷവും ടി.പിയുടെ കൊലപാതകത്തോട് വിയോജിപ്പുള്ളവരാണ്. അവരൊക്കെ വിളിക്കാറുമുണ്ട്. മകന്റെ വിവാഹത്തിന് അവരെല്ലാം വരും. ടി.പി.യോട് അടുത്ത ബന്ധമുള്ള, ഇപ്പോഴും മനസിൽ ടി.പിയെ കൊണ്ടുനടക്കുന്ന ഒരുപാട് സുഹൃത്തുക്കളെ വിളിച്ചിട്ടുണ്ട്. എം.എൽ.എമാരേയും മന്ത്രിമാരേയും വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ കത്ത് നൽകിയിട്ടുണ്ട്. സി.പി.എം സംസ്ഥാനസെക്രട്ടറി ഗോവിന്ദൻ മാഷെ ഫോണിൽ വിളിച്ചിരുന്നു. വരുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, ചിലരെ വിളിച്ചിട്ടില്ല. ടി.പിയുടെ ആത്മാവുപോലും പൊറുക്കാത്ത ചിലരെ…’ രമ പറഞ്ഞു നിറുത്തി.
പാർട്ടി വിലക്കില്ല
അതേസമയം ക്ഷണം ലഭിച്ച ആർക്കും വിവാഹത്തിനു പോകാമെന്നതാണ് സി.പി.എം നിലപാട്. ‘പോവും. പാർട്ടി എതിരായിട്ടൊരു ശാസനയും ഇതുവരെ നൽകിയിട്ടില്ല. അങ്ങനെ ഒരു പതിവില്ല.. ടി.പിയുടെ മകൻ ഞങ്ങളുടേത് കൂടിയല്ലേ…’ വിവാഹത്തിന് ക്ഷണം ലഭിച്ച ഒരു സി.പി.എം നേതാവ് പറഞ്ഞു.
Source link