KERALAM

ബോബി കേസിൽ ഹൈക്കോടതി,​ ആരുടെ രൂപവും മാറാം; അധിക്ഷേപം വേണ്ട

കൊച്ചി: ആരുടെ ശരീരത്തിനും മനസിനും മാറ്റം വരാമെന്നും ബോഡി ഷെയിമിംഗിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഹൈക്കോടതി. നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

പ്രതി കോടതിയിൽ സമർപ്പിച്ച വിശദീകരണങ്ങളിലെ പല ഭാഗങ്ങളും അധിക്ഷേപകരമാണ്. ബോഡി ഷെയിമിംഗ് സമൂഹത്തിൽ അംഗീകരിക്കാനാകില്ല. തടിച്ചതാണ്, മെലിഞ്ഞതാണ്, ഉയരക്കുറവാണ്, കറുത്തതാണ്, ഇരുണ്ടതാണ് തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം. ”നിങ്ങൾ രൂപം നോക്കി സ്ത്രീയെ വിലയിരുത്തിയാൽ അത് നിർവചിക്കുന്നത് അവളെയല്ല, നിങ്ങളെത്തന്നെയാണ്”” എന്ന അമേരിക്കൻ മോട്ടിവേറ്റ‌ർ ഡോ. സ്റ്റീവ് മറബൊലിയുടെ വാക്കുകളും ഉത്തരവിൽ ഉദ്ധരിച്ചു.

ഹർജിയിൽ ബോബി തന്റെ വ്യക്തിപരമായ നേട്ടങ്ങളും സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താൻ സെലിബ്രിറ്റിയാണെന്നും പറയുന്നു. എന്നാൽ

നടിയായോ മറ്റു പ്രൊഫഷണൽ മേഖലകളിലോ പരാതിക്കാരി പ്രശസ്തയല്ലെന്നും വാദിക്കുന്നു. പരാതിക്കാരിക്ക് സമൂഹത്തിലുള്ള സ്ഥാനം സംബന്ധിച്ച് ഹർജിക്കാരൻ വക്കാലത്തെടുക്കേണ്ടെന്ന് കോടതി താക്കീതു നൽകി. തുടർന്ന് ഹർജിയിലെ ഈ ഭാഗം വാദത്തിൽ ഉന്നയിക്കുന്നില്ലെന്ന് ബോബിയുടെ അഭിഭാഷകൻ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട മറ്റ് വീഡിയോകളും അപകീർത്തികരമാണെന്നും കൈകൾ കൊണ്ട് പരാതിക്കാരിയുടെ ശരീരഘടന കാട്ടുന്ന ദൃശ്യമുണ്ടെന്നും കോടതി പറഞ്ഞു.


Source link

Related Articles

Back to top button