KERALAM

നവംബറോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവർത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവംബർ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ നടപ്പാക്കി വരികയാണ്. അത് ഊർജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങൾക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്.

വീട് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് മനസോടിത്തിരി മണ്ണ് പദ്ധതി വിവിധ ജില്ലകളിൽ കാര്യക്ഷമമാക്കണം. സർക്കാരിന്റെ വിവിധ ക്യാമ്പയിനുകൾ മികച്ച രീതിയിൽ നടക്കുന്നുണ്ട്. ഇവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജില്ലകളിൽ കൃത്യമായ സംവിധാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ സംസ്ഥാനം നല്ല പുരോഗതി നേടിയിട്ടുണ്ട്. ഇത് പൂർണ്ണതയിലെത്തിക്കാൻ ജില്ലാ കളക്ടർമാർ നേതൃപരമായ പങ്ക് വഹിക്കണം. ജനുവരിയിൽ തുടങ്ങിയ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന് ജനപങ്കാളിത്തം ഉറപ്പാക്കണം. സുതാര്യതയ്ക്ക് വലിയ പ്രാധാന്യം സർക്കാർ നൽകുന്നുണ്ടെന്നും അഴിമതി തടയാൻ ശക്തമായ നടപടി കൈക്കൊളളണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മന്ത്രിമാരായ കെ. രാജൻ, കെ.എൻ.ബാലഗോപാൽ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻ കുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ.അനിൽ, ഒ.ആർ. കേളു, വീണ ജോർജ്, ഡോ. ആർ. ബിന്ദു, എം.ബി.രാജേഷ്, ജെ. ചിഞ്ചു റാണി, പി. പ്രസാദ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർമാർ, വകുപ്പ് സെക്രട്ടറിമാർ, മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.


Source link

Related Articles

Back to top button