അൻവർ മാപ്പ് പറഞ്ഞത് സ്വീകരിക്കുന്നു:സതീശൻ
സുൽത്താൻ ബത്തേരി:പി.വി അൻവർ പൊതുമാപ്പ് പറഞ്ഞത് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയും ഉപജാപകസംഘവുമാണ് ആരോപണത്തിന് പിന്നിലെന്ന് തെളിഞ്ഞതായി സുൽത്താൻബത്തേരിയിൽ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് തെറ്റായ ആരോപണം ഉന്നയിച്ചതെന്ന് അന്ന് നിയമസഭയിൽ താൻ പറഞ്ഞിരുന്നു. ഈ ആരോപണം ഉന്നയിക്കാൻ മുഖ്യമന്ത്രി അദ്ദേഹത്തെ ചുമതലപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി അറിയാതെ ഒരു എം.എൽ.എയ്ക്ക് ആരോപണം ഉന്നയിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് നിങ്ങളെ ഓർത്ത് ചിരിക്കണോ, അതോ നിങ്ങളുടെ ഗതികേട് ഓർത്ത് കരയണോ എന്ന് ഞാൻ മുഖ്യമന്ത്രിയോട് ചോദിച്ചത്. അൻവറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റെയും ഗൂഢാലോചനയാണ് പുറത്തുവന്നത്.
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർന്നപ്പോൾ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉണ്ടാക്കിയത്. അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയ വിജിലൻസ് അത് തള്ളിക്കളയുകയും ചെയ്തു.
ഇതെല്ലാം ചെയ്യിപ്പിച്ചത് സി.പി.എമ്മിലെ ഉന്നത നേതാക്കളായിരുന്നെന്നും അൻവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. മന്ത്രിമാർ ഉൾപ്പെടെയുള്ള സി.പി.എമ്മിലെ ഉന്നത നേതാക്കൾ അൻവറിന് പിന്നിലുണ്ടെന്നും പാർട്ടിയിൽ പിണറായി വിജയനെ എതിർക്കാൻ ശക്തിയില്ലാത്തവർ അൻവറിനെ കരുവാക്കി പിണറായിക്കും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിനും എതിരെ ആരോപണം ഉന്നയിക്കുകയാണെന്നും ഞാൻ പറവൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കാൻ മുഖ്യമന്ത്രി അറിയാതെ പൊളിറ്റിക്കൽ സെക്രട്ടറി ഒരു എം.എൽ.എയ്ക്ക് നിർദ്ദേശം നൽകില്ല. നിലമ്പൂരിലെ സ്ഥാനാർത്ഥിയെ കോൺഗ്രസും യു.ഡി.എഫും തീരുമാനിക്കും. യു.ഡി.എഫിന് നിരുപാധിക പിന്തുണ നൽകുമെന്നു പറഞ്ഞത് നല്ല കാര്യമെന്നും സതീശൻ പറഞ്ഞു.
Source link