എൽ.ഡി.എഫിൽ സി.പി.ഐയിലും വലുത് ആർ.ജെ.ഡി: മോഹനൻ
കണ്ണൂർ: എൽ.ഡി.എഫിൽ സി.പി.ഐയേക്കാൾ കൂടുതൽ അംഗബലമുള്ള പാർട്ടിയാണ് തങ്ങളെന്ന് ആർ.ജെ.ഡി നേതാവും മുൻമന്ത്രിയുമായ കെ.പി. മോഹനൻ എം.എൽ.എ. എൽ.ഡി.എഫിൽ തങ്ങൾ പൂർണ തൃപ്തരല്ലെങ്കിലും മുന്നണി വിടില്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എൽ.ഡി.എഫ് തങ്ങളെ സംരക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ ചെലവുകളില്ലാതെ ഭൂരിപക്ഷത്തിൽ തനിക്ക് ജയിക്കാൻ കഴിഞ്ഞത് ഇതുകൊണ്ടാണ്. മുന്നണി വിടുന്നതിനെ കുറിച്ച് പാർട്ടി ആലോചിച്ചിട്ടില്ല. എന്നാൽ മുന്നണിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്ന ചർച്ചയുണ്ടായിട്ടുണ്ട്.
യു.ഡി.എഫുമായി ചർച്ചകൾ നടന്നിട്ടില്ല. ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമല്ലോ എന്നാണ് ഇതു സംബന്ധിച്ച് ചോദിച്ച യു.ഡി.എഫ് നേതാക്കളോട് പറഞ്ഞിട്ടുള്ളതെന്നും മോഹനൻ പറഞ്ഞു. വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. ഇടതുമുന്നണിയിലും സർക്കാരിലും എല്ലാം ശരിയാണെന്ന അഭിപ്രായം ആർ.ജെ.ഡിക്കില്ല. അത് സർക്കാർ സമ്മതിക്കുന്നുണ്ട്. പിണറായി വിജയന്റെ ബലത്തിലാണ് ഇടതുമുന്നണിയുടെ രാഷ്ട്രീയം മുന്നോട്ടു പോകുന്നത്. താൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് എൽ.ഡി.എഫിന്റെ ഭാഗമായിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link