മഹാകുംഭമേളയ്ക്ക് ഇന്നു തുടക്കം; 35 കോടിയിലേറെ തീർഥാടകരെത്തും, സജ്ജീകരണച്ചെലവ് 7,000 കോടി
മഹാകുംഭമേളയ്ക്ക് ഇന്നു തുടക്കം; 35 കോടിയിലേറെ തീർഥാടകരെത്തും, സജ്ജീകരണച്ചെലവ് 7,000 കോടി | മനോരമ ഓൺലൈൻ ന്യൂസ്- prayagraj india news malayalam | Maha Kumbh Mela 2024 | 350 Million Pilgrims Expected in Prayagraj | Malayala Manorama Online News
മഹാകുംഭമേളയ്ക്ക് ഇന്നു തുടക്കം; 35 കോടിയിലേറെ തീർഥാടകരെത്തും, സജ്ജീകരണച്ചെലവ് 7,000 കോടി
ഓൺലൈൻ ഡെസ്ക്
Published: January 13 , 2025 09:20 AM IST
1 minute Read
മഹാകുഭമേള നടക്കുന്ന പ്രയാഗ്രാജിൽനിന്നുള്ള കാഴ്ച. (PTI Photo) (PTI01_02_2025_000051A)
പ്രയാഗ്രാജ് (യുപി) ∙ ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേള ഇന്നു മുതൽ. അപൂർവനിമിഷത്തിനു സാക്ഷികളാകാനും ത്രിവേണീസംഗമപുണ്യം നുകരാനും വിദേശികൾ ഉൾപ്പെടെയുള്ള തീർഥാടകർ ഒഴുകിയെത്തുകയാണ്. 45 നാൾ നീളുന്ന മേളയിൽ 35 കോടിയിലേറെ പേർ പങ്കെടുക്കുമെന്നാണു കണക്കാക്കുന്നതെന്ന് യുപി ചീഫ് സെക്രട്ടറി മനോജ്കുമാർ സിങ് പറഞ്ഞു. മേളയ്ക്കു മുന്നോടിയായി ഇന്നലെ നടന്ന സ്നാനത്തിൽ 25 ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു.
144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയുടെ സജ്ജീകരണങ്ങൾക്കായി 7,000 കോടി രൂപയാണു ചെലവഴിക്കുന്നത്. 2019ൽ 24 കോടി പേർ പങ്കെടുത്ത കുംഭമേളയ്ക്കുവേണ്ടി 3,500 കോടി ചെലവഴിച്ചിരുന്നു. അന്ന് 3200 ഹെക്ടർ സ്ഥലമാണു താൽക്കാലിക നഗരവിന്യാസത്തിനായി നീക്കിവച്ചെതങ്കിൽ ഇത്തവണ ഇത് 4000 ഹെക്ടറാണ്. കഴിഞ്ഞ കുംഭമേള ശുചിത്വത്തിന്റെ കാര്യത്തിൽ പ്രകീർത്തിക്കപ്പെട്ടിരുന്നെന്നും ഇത്തവണ ശുചിത്വത്തിനു പുറമേ സുരക്ഷയ്ക്കും മുൻഗണന നൽകുന്നതായും അധികൃതർ പറഞ്ഞു.
ഘട്ടുകളുടെ നീളം 8 കിലോമീറ്ററിൽനിന്ന് 12 കിലോമീറ്ററാക്കി. പാർക്കിങ് ഏരിയയും വർധിപ്പിച്ചു. മൂവായിരം ക്യാമറകളുടെ സഹായത്താലാണ് ഇത്തവണ തിരക്ക് നിയന്ത്രിക്കുന്നത്. ഈമാസം 25 മുതൽ 30 വരെയുള്ള മൗനി അമാവാസി കാലത്ത് 5 കോടി ഭക്തരെയാണു പ്രതീക്ഷിക്കുന്നത്. സ്നാനത്തിനു വിശേഷപ്പെട്ട 6 ദിവസങ്ങളിലും തീർഥാടക പ്രവാഹമുണ്ടാകുമെന്നതിനാൽ അന്നു വിഐപികൾക്ക് പ്രവേശനം അനുവദിക്കില്ല.
പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്. 3 വർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണു കുംഭമേളകൾ നടത്താറുള്ളത്. അർധകുംഭമേള 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്രാജിലും നടക്കും. മഹാകുംഭമേള പ്രയാഗ്രാജിൽ മാത്രമാണ്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണകുംഭമേളകൾക്കു ശേഷമാണു മഹാകുംഭമേള നടക്കുന്നത്.
English Summary:
Maha Kumbh Mela: The Maha Kumbh Mela in Prayagraj begins today, expecting over 350 million pilgrims. ₹7000 crore was spent on preparations for this once-in-a-century religious event.
mo-religion 5us8tqa2nb7vtrak5adp6dt14p-list 7m9sdir0umpfcjtmvdmatjrqml 40oksopiu7f7i7uq42v99dodk2-list mo-news-common-kumbh-mela mo-news-world-countries-india-indianews mo-news-common-uttar-pradesh-news
Source link