KERALAM

മാനസിക വെല്ലുവിളിയുള്ള യുവതിയെ കൂട്ട മാനഭംഗം ചെയ്തതായി പരാതി

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന അരീക്കോട് സ്വദേശിനിയായ 36കാരിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയതായി പരാതി. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം ഏഴു പേർക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ പേർ ഉൾപ്പെട്ടതായി സൂചനയുണ്ട്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിന് ഇരയാക്കി യുവതിയുടെ 15 പവൻ സ്വർണവും ഇവർ കവർന്നിട്ടുണ്ട്.

കോഴിക്കോട് ചികിത്സയിൽ കഴിയുന്ന യുവതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടും. അയൽവാസിയായ മുഖ്യപ്രതി പത്ത് വർഷത്തിനിടെ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പലർക്കായി കാഴ്ചവയ്ക്കുകയായിരുന്നു. മാനസിക വെല്ലുവിളിയുള്ളത് തിരിച്ചറിഞ്ഞാണ് പ്രതികൾ യുവതിയെ ചൂഷണം ചെയ്തത്. 11 മാസം മുമ്പ് മുഖ്യപ്രതി പീഡനവിവരം യുവതിയുടെ അയൽവാസിയോട് അബദ്ധത്തിൽ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ മാനസിക നില വഷളാകുമോയെന്ന് ഭയന്ന് കാര്യങ്ങൾ അന്വേഷിക്കാൻ കുടുംബത്തിന് സാധിച്ചില്ല. ഇതിനിടെ മാനസിക വിഭ്രാന്തി കൂടി യുവതി കിണറ്റിൽ ചാടിയതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ പലതവണ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പ്രതികൾ ഉണ്ടാവാമെന്ന് സംശയിക്കുന്നതായി യുവതിയുടെ സഹോദരൻ പറഞ്ഞു. കൊണ്ടോട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവുമായി അകന്ന് താമസിക്കുന്ന യുവതിക്ക് രണ്ട് മക്കളുണ്ട്.


Source link

Related Articles

Back to top button