KERALAM

പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ  ഒരാൾ  മരിച്ചു; മൂന്നുപേർ  വെന്റിലേറ്ററിൽ

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് വീട്ടിൽ അലീനയാണ് (16) മരിച്ചത്. നാലുപേരാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർ വെന്റിലേറ്ററിലാണ്. പീച്ചി തെക്കേക്കുളം പുളിയമാക്കൽ വീട്ടിൽ ജോണിയുടെ മകൾ നിമ ജോണി (12), പട്ടിക്കാട് സ്വദേശികളായ പാറശേരി വീട്ടിൽ ആൻഗ്രേസ് (16), മുരിങ്ങത്തു പറമ്പിൽ വീട്ടിൽ എറിൻ (16) എന്നിവരാണ് ചികിത്സയിൽ ഉള്ളത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. ചെരിഞ്ഞുനിൽക്കുന്ന പാറയിൽ നിന്ന് കാൽവഴുതി ആദ്യം രണ്ടുപേർ വീഴുകയും അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റ് രണ്ടുപേർ കൂടി പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെയുള്ള പീച്ചി ഡാം റിസർവോയറിന്റെ ആഴമുള്ള ഭാഗത്തേക്ക് വീഴുകയുമായിരുന്നു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലു പേരെയും പുറത്തെടുത്തത്.

മൂന്നു പേർ അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തിൽപെട്ട മൂന്നുപേർ. ഹിമയുടെ വീട്ടിൽ പള്ളിപ്പെരുന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു മൂവരും. എല്ലാവരും തൃശൂർ സെയ്ന്റ് ക്ലയേഴ്‌സ് വിദ്യാർത്ഥികളാണ്. മൂന്നുപേർ പ്ലസ് വൺ. ഒരാൾ ഏഴാംക്ലാസ് വിദ്യാർത്ഥിനിയുമാണ്. ആശുപത്രിയിലെത്തിയ മന്ത്രി കെ.രാജൻ എല്ലാ ചികിത്സാ സംവിധാനങ്ങളും ഒരുക്കാൻ നിർദ്ദേശിച്ചു. പ്രത്യേക മെഡിക്കൽ ടീമും രൂപീകരിച്ചു. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് പ്രത്യേക സംഘവും ആശുപത്രിയിലെത്തിയിട്ടുണ്ട്.


Source link

Related Articles

Back to top button