ഞാൻ ഇന്നും കോൺഗ്രസുകാരൻ, ധരിക്കുന്നത് ഖദർ: ടി. പദ്മനാഭൻ
തിരുവനന്തപുരം: ഞാൻ ഇന്നും കോൺഗ്രസുകാരനാണെന്നും എന്റെ അടുത്ത സുഹൃത്തുക്കളും ബഹുമാനിക്കുന്നവരും ഏറെയും രാഷ്ട്രീയക്കാരാണെന്നും സാഹിത്യകാരൻ ടി.പദ്മനാഭൻ. നിയമസഭ പുസ്‌കോത്സവത്തിൽ ‘എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒൻപതാം വയസിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. സ്കൂളിലെ ചുമരുകളിൽ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക, ക്വിറ്റ് ഇന്ത്യ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിവച്ചതിന് 1942ൽ ഒരാഴ്ച എന്നെ സസ്‌പെൻഡ് ചെയ്തിരുന്നു. 1943മുതൽ ഇന്നുവരെ ഖാദിവസ്ത്രം മാത്രമാണ് ധരിക്കുന്നത്. ലോകത്തിന്റെ ഏതുകോണിൽ സഞ്ചരിച്ചാലും ഖദർ ഷർട്ടും മുണ്ടുമാണ് വേഷം.
മലയാളത്തിൽ 75 കൊല്ലമായി ഞാനുണ്ട്. ഇന്ത്യയിൽ എന്റെ രചനകൾക്ക് കൂടുതൽ പ്രതിഫലം കിട്ടുന്നു. എന്നാൽ, കാശിനോടുള്ള ആർത്തികൊണ്ട് എഴുതാറില്ല. കഷ്ടിച്ച് ഇരുന്നൂറുറോളം കഥകളേ എഴുതിയിട്ടുള്ളൂ. മനസിൽ എഴുതി എഡിറ്റിംഗും കഴിഞ്ഞേ കടലാസിൽ പകർത്തൂ. അക്ഷമനായതുകൊണ്ടാണ് നോവലെഴുതാത്തത്. സത്യം പറഞ്ഞാൽ ശത്രുക്കളുണ്ടാകും. കളവുപറയാനുമാകില്ല. അതിനാലാണ് ആത്മകഥ എഴുതാത്തത്. നല്ല എഴുത്തുകാർ മനസിലെപ്പോഴും ഏകാകിയാണ്.
‘ചെറുകഥയ്ക്ക് ദരിദ്രനായ
ബന്ധുവിന്റെ സ്ഥാനം’
ധനികഗൃഹത്തിൽ വിരുന്നുവന്ന ദരിദ്രനായ ബന്ധുവിന്റെ സ്ഥാനമാണ് മലയാളത്തിൽ ചെറുകഥയ്ക്കുള്ളതെന്ന് 40വർഷം മുമ്പ് താൻ പറഞ്ഞത് ഇപ്പോഴും ശരിയാണ്.
50വർഷമായി വയലാർ അവാർഡ് നൽകാൻ തുടങ്ങിയിട്ട്. ആദ്യ 15 വർഷം കഴിഞ്ഞാണ് ചെറുകഥയെ പരിഗണിച്ചത്. ഇതിനായി ഞാൻ ഒത്തിരി ശബ്ദിച്ചു. അതിന്റെ പേരിലാവണം എനിക്ക് ലഭിച്ചു. അല്ലാതെ എന്റെ കൃതിയുടെ മഹത്വംകൊണ്ടാണെന്ന് ഞാൻ കരുതുന്നില്ല. എനിക്കുശേഷം ചെറുകഥയ്ക്ക് മറ്റാർക്കും ലഭിച്ചിട്ടുമില്ല.
ലക്ഷങ്ങൾ വിലമതിപ്പുള്ള അവാർഡുകൾ നിരസിച്ചിട്ടുള്ള ഞാൻ അത് കൈപ്പറ്റാൻ പാടില്ലായിരുന്നു. വ്യക്തികളെ ബഹുമാനിക്കാറുള്ള താൻ അന്ന് പി.കെ.വാസുദേവൻ നായർ അതിന്റെ ചെയർമാനായിരുന്നതിനാലാണ് അവാർഡ് കൈപ്പറ്റിയത്. സന്തോഷത്തിന് വേണ്ടിയാണ് എഴുതുന്നത്. എന്നെ ഞാനാക്കിയ സമൂഹത്തിന് എന്തെങ്കിലും ഗുണം കിട്ടിയാൽ അതിൽപരം സന്തോഷം മറ്റൊന്നില്ലെന്നും ടി.പദ്മനാഭൻ പറഞ്ഞു.
Source link