സംഗീത രാവിൽ അലിഞ്ഞ് കേരളകൗമുദി- കൗമുദി ടി.വി വാർഷികം
കോഴിക്കോട്: വാർത്തയിൽ നിലാവിന്റെ തെളിമ പുലർത്തുന്ന കേരളകൗമുദിയുടെ 113-ാംവാർഷികവും കൗമുദി ടി.വിയുടെ പതിനൊന്നാം വാർഷികവും ആഘോഷിച്ചു. സംഗീതനിശയിൽ അലിഞ്ഞ ആഘോഷരാവിന് സാഹിത്യനഗരിയിലെ പ്രൗഢഗംഭീരമായ സദസ് സാക്ഷിയായി. കോഴിക്കോട് ഹോട്ടൽ ട്രിപ്പന്റയിൽ ഇന്നലെ വെെകിട്ട് നടന്ന ആഘോഷപരിപാടിയിൽ പ്രഗത്ഭർ പങ്കെടുത്തു.
വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി. ശ്യാംകുമാർ അദ്ധ്യക്ഷനായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി.
കേരളകൗമുദിയിലൂടെ സി.വി. കുഞ്ഞുരാമനും പത്രാധിപർ കെ. സുകുമാരനും പത്രപ്രവർത്തന ചരിത്രം തിരുത്തിക്കുറിച്ചുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഉജ്വലമായ മുഖപ്രസംഗത്തിലൂടെ അനാചാരങ്ങൾക്കും അന്ധവിശ്വാസത്തിനുമെതിരെ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിച്ചു.
സോഷ്യൽ മീഡിയയുടെ വിശ്വാസ്യത തകരുന്ന കാലത്ത് കേരളകൗമുദി പോലുള്ള അച്ചടിമാദ്ധ്യമങ്ങളുടെ വിശ്വാസ്യതയും പ്രസക്തിയും വർദ്ധിക്കുകയാണെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. നൂറ് കൊല്ലം പിന്നിടാൻ കേരളകൗമുദിക്ക് കഴിഞ്ഞതിനു പിന്നിൽ അതിന്റെ പ്രവർത്തകരുടെ സമർപ്പണമുണ്ട്.
പ്രതികൂല സാഹചര്യത്തിൽ പിറന്ന കേരളകൗമുദി അതിനെ അതിജീവിച്ചാണ് സ്വാതന്ത്ര്യത്തിനും പിന്നാക്കക്കാരുടെ പുരോഗതിക്കുമായി പോരാടിയതെന്ന് ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ശ്രീനാരായണ ഗുരു പറഞ്ഞ മൂല്യങ്ങളുടെ പാതയിൽ സഞ്ചരിച്ച് കേരളത്തിൽ മാറ്റങ്ങളുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്ഘാടകനും വിശിഷ്ടാതിഥികൾക്കുമുള്ള ഉപഹാരങ്ങൾ ഷിറാസ് ജലാൽ (ജനറൽ മാനേജർ, മാർക്കറ്റിംഗ്, കേരള കൗമുദി), അയ്യപ്പദാസ് (ജനറൽ മാനേജർ, കേരളകൗമുദി), രജീഷ്.കെ.വി (കൗമുദി ടി.വി നോർത്ത് സോൺ ഹെഡ്) തുടങ്ങിയവർ വിതരണം ചെയ്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സുരേഷ്‌കുമാർ കെ.സി, ഡോ. മുസ്തഫ ജനീൽ, എം.കെ. ബാബു, നാസർ നല്ലോയി, ജന്നത്ത് ഇ.കെ, അബ്ദുള്ള വി.പി, സുജീഷ് വട്ടപ്പറമ്പിൽ, ജുനൈദ് കൈപ്പാണി, ഡോ. ശ്രീജിത്ത് കെ.ജെ, ഡയനാ ശ്രീജിത്ത് , അഡ്വ. സി.സി. മാത്യു തുടങ്ങിയവരെ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് ഭാവഗായകൻ പി. ജയചന്ദ്രന് ആദരവർപ്പിച്ച് പ്രശസ്ത പിന്നണിഗായകരായ ചിത്ര അയ്യരും സുനിൽകുമാറും നയിച്ച സംഗീതരാവ് നടന്നു.
Source link