ബി.ജെ.പി യുമായി അകലം പാലിക്കാൻ വി.എസ്.ഡി.പി
തിരുവനന്തപുരം: വി.എസ്.ഡി.പിയുടെ ആവശ്യങ്ങളിൽ ഒന്നുപോലും നിറവേറ്റാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുമായുള്ള ബന്ധത്തിൽ അകലം പാലിക്കാൻ വി.എസ്.ഡി.പിയുടെ ഇരുപതാമത് നാടാർ പ്രതിനിധിസഭയിൽ തീരുമാനം.
ബി.ജെ.പി യുമായുള്ള ബന്ധത്തിൽ സമുദായത്തിന് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് പ്രതിനിധികളുടെ വിമർശനത്തെ തുടർന്നാണ് തീരുമാനം. സാമൂഹിക പരിഷ്കർത്താവായ വൈകുണ്ഠ സ്വാമിയുടെ പേര് രാജ്യത്തെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിക്ക് നൽകുക, വൈകുണ്ഠ സ്വാമിയുടെ ചിത്രം പതിച്ച പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കുക, നവോത്ഥന രംഗത്ത് അവാർഡ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കിയാൽ മാത്രം ബന്ധം തുടർന്നാൽ മതിയെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. സമ്മേളനം വി.എസ് .ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു.
ജനാധിപത്യ കേരളത്തിൽ നാടാർ സമുദായത്തിന് നീതി ലഭിക്കുന്നുണ്ടോ എന്ന വിഷയത്തിൽ നടന്ന സെമിനാർ എം.വിൻസന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ, പി.എസ് .സി മുൻ അംഗങ്ങളായ ഡോ .രാജൻ, ജി.രാജേന്ദ്രൻ,എൻ.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ, വി.എസ്.ഡി.പി മുൻ സംസ്ഥാന പ്രസിഡന്റ് കോട്ടുകാൽക്കോണം സുനിൽ,സംസ്ഥാന പ്രസിഡന്റ് കള്ളിക്കാട് ശ്യാംലൈജു, വർക്കിംഗ് പ്രസിഡന്റ് അഡ്വ. പൂഴിക്കുന്ന് സുദേവൻ എന്നിവർ പങ്കെടുത്തു.
Source link