ASTROLOGY

തിരുവാതിര മാഹാത്മ്യം


വളരെ പ്രാധാന്യമുള്ള വിശേഷദിവസമാണ് ധനുമാസത്തിലെ തിരുവാതിര. ഇരുപത്തേഴ് നക്ഷത്രങ്ങളിൽ ആറാമത്തേതാണ് ഇത്. തീക്കട്ടപോലെയോ കണ്ണീർത്തുള്ളി പോലെയോ ആണ് ആകൃതി. ഗ്രീക്കിൽ Ardo എന്നു പറയും. സംസ്കൃതത്തിലെ ആര്‍ദ്ര തദ്ഭവിച്ചതാണ് ആതിര.

തിരുവാതിരയുടെ ഐതിഹ്യം രണ്ടു പ്രകാരത്തിലുണ്ട്. ബാലഗോപാലനെ ഭർത്താവായി ലഭിക്കാൻ ഗോപസ്ത്രീകൾ കാർത്യായനീപൂജ നടത്തിയ ദിവസമാണെന്നാണ് ഒരു വിശ്വാസം. ശിവദൃഷ്ടിയാൽ കാമദേവൻ ദഹിച്ചപ്പോൾ രതീദേവി വിലപിക്കുകയും ‘താമസിയാതെ ഭർതൃസമാഗമം ഉണ്ടാവട്ടെ’ എന്ന് പാർവതി വരം കൊടുക്കുകയും ചെയ്തു എന്നാണ് മറ്റൊരു വിശ്വാസം.

മകയിരം നോയമ്പ് മുതൽ തിരുവാതിര അനുഷ്ഠിക്കും. നോയമ്പിന് എട്ടങ്ങാടി നിവേദ്യമുണ്ട്. കാച്ചിൽ, കൂർക്ക, ചേന, ചേമ്പ്, ചെറുകിഴങ്ങ്, പയറ്, തേങ്ങ, ഏത്തയ്ക്ക എന്നിവ ഒന്നിച്ച് മിശ്രിതമാക്കി വേവിച്ചെടുക്കുന്നു. മധുരത്തിന് ശർക്കരയും കൽക്കണ്ടവും മുന്തിരിയും ചേർക്കാറുണ്ട്.
തിരുവാതിരയ്ക്ക് കുളത്തിലോ ആറ്റിലോ നീന്തിത്തുടിച്ചുള്ള കുളി കഴിഞ്ഞ് സ്ത്രീജനങ്ങൾ ശിവപാർവതീ ക്ഷേത്രത്തില്‍ ദർശനം നടത്തും. ഉച്ചയ്ക്ക് തിരുവാതിരപ്പുഴുക്കും കൂവപ്പായസവും വയ്ക്കും. തിരുവാതിര വ്രതത്തിന് അരിയാഹാരം കഴിക്കില്ല. തിരുവാതിരക്കളി അഥവാ കൈകൊട്ടിക്കളി രാത്രിയിലാണ്. പണ്ട് നേരം പുലരുവോളം തിരുവതിരക്കളിയുണ്ടാകും. ലാസ്യശാഖയിൽപെട്ട കളിയാണ് ഇതെന്ന് മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ പറയുന്നു.

ഗണപതി, ശിവൻ, സരസ്വതി, പാർവതി, ലക്ഷ്മി, കൃഷ്ണൻ എന്നീ ദേവതകളെ സ്തുതിച്ചുകൊണ്ടായിരിക്കും തിരുവാതിരയുടെ തുടക്കം. കഥകളിപ്പദം, കുറവഞ്ചി, വഞ്ചിപ്പാട്ട്, കുമ്മി എന്നിവയാണ് ആലപിച്ച് കളിക്കുന്നത്. കുമ്മി ദ്രുതചലനമാണ് (ഉത്തരാസ്വയംവരത്തിലെ വീര വീരാട കുമാരവിഭോ….) സാരി വിളംബത്തിലാണ് (നളചരിതം ഒന്നാം ദിവസത്തിൽ ദമയന്തിയും തോഴിമാരും ചേർന്നുള്ള പൂമകനും മൊഴിമാതും ഭൂമിദേവി താനും എന്ന പദം). സാരി സാധാരണ പതിവില്ല. നല്ല പരിശീലനം വേണം. അഷ്ടമംഗല്യമെടുത്താണ് കളി. ‘‘കുരവം, ദർപ്പണം, ദീപം, കലശം, വസ്ത്രമക്ഷതം അംഗനാ ഹേമ സംയുക്തമഷ്ടമംഗല്യ ലക്ഷണം’’. കുരവം വായ്ക്കുരവയാണ്, ദർപ്പണം വാൽക്കണ്ണാടി, കലശം ചെപ്പുകുടം, അക്ഷതം ഉണക്കലരി, ഹേമം സ്വർണം.
ദശപുഷ്പം ചൂടി കളിക്കണം എന്നാണ് വിധി. മുക്കുറ്റി, തിരുതാളി, നിലപ്പന, കയ്യോന്നി, ചെറുള, വിഷ്ണുക്രാന്തി, പൂവാംകുരുന്നില, മുയൽച്ചെവിയൻ, ഉഴിഞ്ഞ, കറുക എന്നിവയാണ് ദശപുഷ്പം. തിരുവാതിര കളിക്കുന്നവരെല്ലാം പാടണമെന്നാണ്. ലാളിത്യമുള്ള കേരളീയ വേഷമായിരിക്കണം. പ്രായഭേദമന്യേ ഏതു സ്ത്രീക്കും ഇതിൽ പങ്കെടുക്കാം. പാടാൻ രണ്ടു പേരും കളിക്കാൻ എട്ടുപേരുമാണ്. താളത്തിൽ കൈമണി ആകാം. മച്ചാട്ട് ശാന്തമ്പിള്ളി നാരായണന്‍ ഇളയത്, ഇരയിമ്മൻ തമ്പിയുടെ മകൾ കുട്ടിക്കുഞ്ഞു തങ്കച്ചി, കുഞ്ചൻ നമ്പ്യാർ തുടങ്ങിയവർ തിരുവാതിരപ്പാട്ടുകൾ എഴുതിയിട്ടുണ്ട്.

പൂത്തിരുവാതിര എന്നു പറയുന്നത് രജസ്വലകളായ പെൺകുട്ടികൾക്കായി നടത്തുന്ന ചടങ്ങാണ്. വിവാഹശേഷം ആദ്യം വരുന്നതാണ് പുത്തൻ തിരുവാതിര. ഇതിനും ചടങ്ങുകളുണ്ട്. സ്ത്രീസമത്വവും സ്വാതന്ത്ര്യവും ഉല്ലാസവും തിരുവാതിരയുടെ വൈശിഷ്ട്യമാണ്.
ലേഖകൻ 

രാജാ ശ്രീകുമാർ വർമ
9447701836


Source link

Related Articles

Back to top button