CINEMA

ത്രില്ലടിപ്പിച്ച്, ചിരിപ്പിച്ച് ‘പുണ്യാളൻ’; റിവ്യു

ത്രില്ലടിപ്പിച്ച്, ചിരിപ്പിച്ച് ‘പുണ്യാളൻ’; റിവ്യു | Ennu Swantham Punyalan Review | Ennu Swantham Punyalan Rating | Ennu Swantham Punyalan Full Movie

ത്രില്ലടിപ്പിച്ച്, ചിരിപ്പിച്ച് ‘പുണ്യാളൻ’; റിവ്യു
Ennu Swantham Punyalan Review

ആർ.ബി. ശ്രീലേഖ

Published: January 11 , 2025 11:28 AM IST

2 minute Read

പോസ്റ്റർ

അർജുൻ അശോകനും ബാലുവർഗീസും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായെത്തിയ കോമഡി ത്രില്ലർ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ രസകരമായൊരു കഥയുമായാണ് എത്തുന്നത്.  കോമഡിയും സസ്‌പെൻസും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം തിയറ്ററിൽ കാണികളെ കുടുകുടെ ചിരിപ്പിക്കും. കുറെ പെൺമക്കൾക്ക് ശേഷം ആറ്റുനോറ്റ് പിറന്ന ആൺതരിയെ സെമിനാരിയിലയച്ചേക്കാം എന്ന നേർച്ച നേർന്നതാണ് തോമസിന്റെ കുടുംബം. ചെറുപ്പത്തിൽ ചില പ്രണയങ്ങൾക്ക് ശ്രമിച്ചെങ്കിലും നേർച്ച നേർന്ന പയ്യൻ ആയതുകൊണ്ട് ഒരു പെൺകുട്ടിയും തോമസിലേക്ക് അടുത്തില്ല. ഒടുവിൽ സെമിനാരി തന്നെയായി തോമസിന്റെ വഴി. അച്ചടക്കത്തോടെ സെമിനാരിയിലെ കൊച്ചച്ചനായി ജോലി നോക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു രാത്രി ഫാദർ തോമസിന്റെ വാതിലിൽ ആരോ മുട്ടി.  
വീട്ടിൽ നിന്ന് ഒളിച്ചോടി വന്ന കമിതാക്കൾ അഭയം ചോദിച്ചു വന്നതായിരുന്നു.  പെൺകുട്ടിയെ അച്ചന്റെ സംരക്ഷണയിൽ വിട്ടിട്ട് കാമുകൻ സുഹൃത്തിന്റെ സഹായം തേടിപ്പോയി. മീര എന്ന പെൺകുട്ടിയെ അച്ചനെ ഏൽപ്പിച്ചു പോയ കാമുകൻ പിന്നെ തിരിച്ചുവന്നില്ല. ആലംബമറ്റ മീരയെ ഇറക്കി വിടാനും വയ്യ പള്ളീലച്ചന്റെ മുറിയിൽ ഒരു പെൺകുട്ടിയെ കണ്ടാലുണ്ടാകുന്ന അവസ്ഥ ഓർത്ത് സമാധാനവുമില്ലാതെ ഫാദർ തോമസ് ദിവസങ്ങൾ തള്ളിനീക്കി.  ഫാദർ തോമസിനെ ഞെട്ടിച്ചുകൊണ്ട് ഒരു രാത്രി പള്ളിയിൽ കള്ളൻ കയറി.  പള്ളിയിലെ പൊൻകുരിശ്ശായിരുന്നു കള്ളന്റെ ലക്‌ഷ്യം.  കള്ളനെ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചാൽ കൊച്ചച്ചന്റെ അവിഹിതം നാട്ടിൽ പാട്ടാക്കുമെന്ന് കള്ളൻ, കാമുകൻ വരാതെ പോകാൻ കഴിയില്ലെന്ന് മീര, മുറിയിൽ ഇടയ്ക്കിടെ അടിച്ചുവരാൻ വരുന്ന ജോലിക്കാരിയും കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന കപ്യാരും അച്ചനെ അന്വേഷിച്ചുവരുന്ന വല്യച്ചനും നാട്ടുകാരും.  എല്ലാം കൂടി ചെകുത്താനും കടലിനും നടുക്കായ അവസ്ഥയിലായി ഫാദർ തോമസിന്റെ ജീവിതം. ഈ ഊരാക്കുടുക്കിൽ നിന്ന് രക്ഷപെടാനുള്ള തോമസിന്റെ നെട്ടോട്ടവും കാമുകനെ കാത്തിരിക്കുന്ന മീരയും സകല അടവുകളും പയറ്റുന്ന കള്ളനും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്ന യുവതാരങ്ങളുടെ മത്സരിച്ച അഭിനയപ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്.  അർജുൻ അശോകൻ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. ഗെറ്റപ്പിലും ചലനങ്ങളിലും നിഗൂഢത പുലർത്തുന്ന കള്ളനായി അർജുൻ അശോകൻ പ്രേക്ഷകരെയാകെ ത്രസിപ്പിക്കുന്നു. അനശ്വര രാജന്റെ ഗംഭീര പ്രകടനമാണ്‌ മറ്റൊരു സസ്പെൻസ്.  ബാലു വർഗീസ് ആണ് ഫാദർ തോമസായി എത്തുന്നത്.  ഏറെ പ്രത്യേകതകളുള്ള പൊട്ടിച്ചിരിക്ക് വകനൽകുന്ന കഥാപാത്രം ബാലു വളരെ അനായാസം ഏറ്റെടുത്തിട്ടുണ്ട്. അൽത്താഫ്, രഞ്ജി പണിക്കർ, ബൈജു സന്തോഷ് , മീനാരാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

പുതുമുഖ സംവിധായകനായ മഹേഷ് മധു മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുന്ന സംവിധായകനായി വളർന്നേക്കും എന്ന പ്രതീതിയാണ് ആദ്യ ചിത്രത്തിലൂടെ തന്നെ നൽകുന്നത്. കോമഡിയിൽ തുടങ്ങി ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകൾ ഒളിപ്പിച്ചാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാംജി എം. ആന്റണിയാണ് തിരക്കഥാകൃത്ത്.  കോമഡിയുടെ പശ്ചാത്തലത്തിൽ ഒരു സസ്പെൻസ് ത്രില്ലർ എങ്ങനെ ചെയ്യാം എന്നതിനൊരു ഗംഭീര ഉദാഹരണമാണ് ചിത്രം. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്തതാണ്  ചിത്രത്തിലെ രണ്ടാം പകുതിയിലെ ഗംഭീര ട്വിസ്റ്റ്. ആദ്യന്തം സസ്പെന്‍സ് നിലനിർത്താൻ സംവിധായകൻ മഹേഷ് മധുവിന് കഴിഞ്ഞിട്ടുണ്ട്. കോമഡിക്കും ത്രില്ലറിനും ഇണങ്ങുന്ന സംഗീതം ഒരുക്കിയത് സാം സി.എസ്. ആണ്.

നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിൽ ആരായിരിക്കും ജയിക്കേണ്ടത് എന്നൊരു ഗുണപാഠത്തോടെയാണ് ‘എന്ന് സ്വന്തം പുണ്യാളൻ’ അവസാനിക്കുന്നത്. മനുഷ്യന് സ്വാർഥനാകാം, പക്ഷേ അത് മറ്റൊരു ദുർബലനെ ക്രൂശിച്ചുകൊണ്ടാകരുത് എന്നൊരു പാഠം പ്രേക്ഷകനിലേക്കെത്തിക്കുന്നുണ്ട് ചിത്രം.  ചിരിക്കാനുള്ള വകയോടൊപ്പം ത്രില്ലടിപ്പിച്ചും ആസ്വദിപ്പിച്ചും ഞെട്ടിച്ചും പ്രേക്ഷകമനം കവരുകയാണ് ഈ പുണ്യാളൻ.

English Summary:
Ennu Swantham Punyalan Malayalam Movie Review And Rating

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-baluvarghese 6ae32eeb54gse9kmf9oen86h53 mo-entertainment-common-moviereview mo-entertainment-movie-anaswararajan mo-entertainment-movie-arjunashokan f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button