‘തിരുവനന്തപുരം – തലശ്ശേരി’ ദൂരം ഒരു മണിക്കൂറില്‍ പിന്നിടാം; പുതിയ ട്രെയിനുമായി ചൈന
ബീജിംഗ്: ഇത് അതിവേഗ ട്രെയിനുകളുടെ കാലമാണ്, ഇന്ത്യക്കാര്‍ അടുത്ത വര്‍ഷത്തോടെ അതില്‍ യാത്ര ചെയ്യും. എന്നാല്‍ അങ്ങ് ചൈനയില്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ആണ്. മണിക്കൂറില്‍ 450 കിലോമീറ്ററാണ് വേഗത. ഈ ട്രെയിന്‍ ഇങ്ങ് കേരളത്തില്‍ ഓടിയാല്‍ ഒരു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയില്‍ എത്തിച്ചേരാന്‍ കഴിയും. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിനിന് ചൈന നല്‍കിയിരിക്കുന്ന പേര് സിആര്‍ 450 എന്നാണ്.
ഇതുവരെ ചൈന പുറത്തിറക്കിയ ബുള്ളറ്റ് ട്രെയിനുകളില്‍ ഏറ്റവും വേഗതയേറിയത് സിആര്‍ 400 ആയിരുന്നു. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ ഓടുന്നത്. പുതിയ ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തില്‍ 450 കിലോമീറ്റര്‍ വേഗത കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് ചൈനീസ് റെയില്‍വേ അധികൃതര്‍ പറയുന്നത്. പുതിയ മോഡല്‍ യാത്രാസമയം കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമായ യാത്രാനുഭവം പ്രദാനം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അതേസമയം, നിരവധി റൂട്ടുകളില്‍ ചൈനീസ് റെയില്‍വേ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കുന്നുണ്ടെങ്കിലും ബീജിംഗ് – ഷാങ്ഹായ് റൂട്ടില്‍ മാത്രമാണ് സാമ്പത്തികമായി ലാഭം നേടിയിട്ടുള്ളത്. മറ്റ് റൂട്ടുകളിലൊന്നും ലാഭം കണ്ടെത്താന്‍ ചൈനീസ് റെയില്‍വേക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ ലാഭം ലക്ഷ്യം വെച്ചുള്ളതല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഹൈസ്പീഡ് റെയില്‍ നെറ്റ്വര്‍ക്ക് വിപുലീകരണം രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും യാത്രാ സമയം കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കുന്നു. ബുള്ളറ്റ് ട്രെയിനുകള്‍ ഓടുന്ന റൂട്ടുകളില്‍ കൂടുതല്‍ വ്യാവസായിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നും ചൈന അവകാശപ്പെടുന്നു.
Source link