79 വയസുള്ള ആളാണോ ഇപ്പോൾ ഷൂട്ട് ചെയ്തത്? അശ്വതി തിരുനാളിന്റെ പ്രകടനത്തിൽ ഞെട്ടി റായ്പൂർ
ആർ. ജയകൃഷ്ണൻ | Tuesday 31 December, 2024 | 4:57 PM
ഉത്തരേന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഡിലെ തലസ്ഥാന നഗരിയായ റായ്പൂർ ആണ് സ്ഥലം. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ അവിടുത്തെ പ്രശസ്തമായ രാജ്കുമാർ കോളേജ് ക്യാമ്പസ്. തണുപ്പൻ പ്രഭാതത്തിൽ തുഷാരകണങ്ങളെ വകഞ്ഞുമാറ്റി സൂര്യപ്രകാശം എത്തുന്നതേയുള്ളൂ. മലയാളിക്ക് ഏറെ പരിചയമുള്ള ഒരു വ്യക്തി റൈഫിൾ കൈയിലേന്തി നിൽക്കുകയാണ്. പ്രായം 79 ആണെങ്കിലും അതീവ ശ്രദ്ധയോടെ കൈകളിൽ റൈഫിൽ എടുത്ത് ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ് ആ നിൽപ്പ്. വെടിയുതിർക്കാനുള്ള അറിയിപ്പ് ലഭിച്ചതും വിരലുകൾ ചലിച്ചു. വായുവേഗത്തിൽ തിര ലക്ഷ്യം ഭേദിച്ചു. കണ്ടുനിന്നവരെയെല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ആ പ്രകടനം പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയിൽ നിന്നായിരുന്നു. തിരുവനന്തപുരത്തുകാരുടെ സ്വന്തം അശ്വതി തിരുനാൾ തമ്പുരാട്ടിയിൽ നിന്ന്.
ഇന്ത്യയിലെ തന്നെ പ്രശസ്തമായ സ്കൂളാണ് റായ്പൂരിലെ രാജ്കുമാർ കോളേജ്. സ്കൂളിന്റെ വാർഷികാഘോഷത്തിനും പുതുതായി നിർമ്മിക്കപ്പെട്ട ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിനുമാണ് അശ്വതി തിരുനാളിനെ അധികൃതർ ക്ഷണിച്ചത്. കുടുംബ സുഹൃത്തും അഭിഭാഷകനുമായ അശ്വിൻ സമ്പദ്കുമാരനും ഒപ്പമുണ്ടായിരുന്നു. സ്കൂൾ ക്യാമ്പസ് നിരീക്ഷിക്കുന്നതിനിടെയാണ് ഷൂട്ടിംഗ് മത്സരം നടക്കുന്ന സ്ഥലത്തേക്ക് അശ്വതി തിരുനാൾ എത്തിയത്. കൗതുകത്തോടെ മത്സരം കാണുന്നതിനിടയ്ക്ക് ”തമ്പുരാട്ടി ഒന്ന് ശ്രമിച്ചു നോക്കുന്നോ” എന്ന് ചോദ്യമുയർന്നു. ഉടൻ ഉത്തരം വന്നു, ”തീർച്ചയായും ഞാനൊരു കൈ നോക്കട്ടെ….”
ജീവിതത്തിൽ അന്നുവരെ തോക്ക് കൈകൊണ്ട് തൊടാത്ത തമ്പുരാട്ടി സാങ്കേതിക വശമെല്ലാം ഇൻസ്ട്രക്ടറോട് ചോദിച്ച് മനസിലാക്കി. തുടർന്ന് റൈഫിൾ കൈയിലെടുത്ത് എയിം ചെയ്തു. കൂടി നിന്നവരെയെല്ലാം അത്ഭുതപ്പെടുത്തികൊണ്ട് ആദ്യ വെടിയുണ്ട തന്നെ ലക്ഷ്യസ്ഥാനം (ബുൾസ് ഐ) ഭേദിച്ചു. 10.9 ആയിരുന്നു സ്കോർ. റായ്പൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ അതികായർ അക്ഷരാർത്ഥത്തിൽ വിസ്മയിച്ചുപോയ കാഴ്ച കൂടിയായി രംഗം.
1882ൽ ആണ് രാജ്കുമാർ കോളേജ് സ്ഥാപിതമായത്. അന്നത്തെ ബ്രിട്ടീഷ് ചീഫ് കമ്മിഷണറായിരുന്ന സർ. ആൻഡ്രൂ ഫെയ്സറാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന് പണവും സ്ഥലവും നൽകിയത് റായ്പൂരിലെ നാൽപ്പതോളം നാട്ടുരാജാക്കന്മാരായിരുന്നു. 125 ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. ഹോഴ്സ് റൈഡിംഗ് അടക്കം കായികമേഖലയ്ക്കും കലാപരിപോഷണത്തിനും ഒരുപോലെ പ്രാധാന്യം നൽകികൊണ്ടുള്ള കരിക്കുലം പിന്തുടരുന്ന രാജ്കുമാർ കോളേജിൽ മലയാളി വിദ്യാർത്ഥികളും നിരവധിയാണ്.
Source link