കനത്ത ചൂടിൽ വെന്തുരുകുന്നു, കേരളത്തിലെ ഈ പ്രദേശങ്ങളിൽ കുടിവെള്ളവും കിട്ടാതാകും
കോട്ടയം : മഴ മാറിയതോടെ മദ്ധ്യകേരളത്തിൽ കോട്ടയം ചൂടിലാണ്. കണ്ണൂരും പുനലൂരും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചൂട് കോട്ടയത്താണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷവും ജില്ലയിൽ റെക്കാഡ് ചൂടാണ് അനുഭവപ്പെട്ടത്. പല ദിവസങ്ങളിലും 40 ഡിഗ്രി വരെ അനൗദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ ചൂട് വീണ്ടും കൂടുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകുന്നത്. ഈ മാസം പകുതിയോടെ മഴയ്ക്ക് സാദ്ധ്യതയുണ്ടെങ്കിലും ചൂട് കുറയില്ല. പിന്നാലെ വരൾച്ചയും പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം ജനുവരിയിൽ ശക്തമായ മഴ പെയ്തിരുന്നു. ജനുവരി, ഫെബ്രുവരി മാസത്തെ മഴയിൽ ജില്ലയിൽ 178 ശതമാനം അധികം രേഖപ്പെടുത്തി. എന്നാൽ ഫെബ്രുവരി അവസാനം മുതൽ പകൽ ചുട്ടുപൊള്ളുകയായിരുന്നു. പകൽച്ചൂട് വർദ്ധിക്കുന്നതിനൊപ്പം രാത്രി താപനില കുറഞ്ഞതിനാൽ രാവിലെയും വൈകിട്ടും തണുപ്പും വർദ്ധിച്ചിട്ടുണ്ട്. മലയോര മേഖലകളിലാണ് തണുപ്പിന്റെ കാഠിന്യം കൂടുതൽ.
കുടിവെള്ളക്ഷാമം രൂക്ഷമാകും
ഏതാനും ദിവസം വെയിൽ തെളിഞ്ഞതിന് പിന്നാലെ വരണ്ട അവസ്ഥയായിരിക്കുകയാണ്. തോടുകളിലെയും പുഴകളിലെയും ജലനിരപ്പ് കുത്തനെ താഴ്ന്നു. ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വേനൽ മഴ നേരത്തെ എത്തിയില്ലെങ്കിൽ ഇത്തരം പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളം കിട്ടാക്കനിയാകും.
മുന്നറിയിപ്പുകൾ
മലയോര പടിഞ്ഞാറൻ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായേക്കും
നിർമ്മാണത്തിലിരിക്കുന്ന ശുദ്ധജല വിതരണ പദ്ധതികൾ പൂർത്തിയാക്കണം
പമ്പിംഗ് , പൈപ്പ് പൊട്ടൽ മൂലമുള്ള പ്രശ്‌നങ്ങൾ പരമാവധി കുറയ്ക്കണം
പെയ്‌ത്ത് വെള്ളം നിലനിറുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യണം
മിന്നലിലും മുന്നിൽ
16 വർഷത്തിനിടെ സംസ്ഥാനത്ത് കൂടുതൽ മിന്നലുകൾ ഉണ്ടായത് കോട്ടയത്താണെന്നാണ് പഠന റിപ്പോർട്ട്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസഹായത്തോടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഭൗതികശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിന്റേതാണ് കണ്ടെത്തൽ. ഉപഗ്രഹ ഡേറ്റ വിശകലനം ചെയ്‌പ്പോൾ സംസ്ഥാനത്തെ ശരാശരി മിന്നലിന്റെ തോത് പ്രതിവർഷം ഒരു ചതുരശ്ര കിലോമീറ്ററിൽ 20 വരെയാണ്. ജില്ലയിൽ ഇത് 70 വരെയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ചൂട് : 35 ഡിഗ്രി
Source link