KERALAM

വാളയാർ കേസ്: പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്തു, സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: വാളയാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പീഡനത്തിനിരയായ പെൺകുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമടക്കം ചുമത്തി സി.ബി.ഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. പീഡനം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതിരിക്കുക, ക്രൂരത തുടങ്ങിയ കുറ്റങ്ങളും ചുമത്തി. എറണാകുളത്തെ സി.ബി.ഐ മൂന്നാം കോടതിയിൽ തിരുവനന്തപുരം യൂണിറ്റാണ് പോക്‌സോ, ഐ.പി.സി വകുപ്പുകൾ ചുമത്തി കുറ്റപത്രം നൽകിയത്.

കുട്ടികൾ പലതവണ ചൂഷണത്തിന് ഇരയായെന്ന് അറിഞ്ഞിട്ടും ഇവർ യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. നേരത്തേ, പ്രദേശവാസികളെ പ്രതികളാക്കി നൽകിയ കുറ്റപത്രം കോടതി തള്ളിയിരുന്നു. മരണം ആത്മഹത്യയാണെന്നായിരുന്നു സി.ബി.ഐയുടെയും കണ്ടെത്തൽ. കോടതി നിർദ്ദേശപ്രകാരമുള്ള തുടരന്വേഷണത്തിലാണ് അനുബന്ധ കുറ്റപത്രം നൽകിയത്.


2017 ജനുവരി 13നാണ് വാളയാർ അട്ടപ്പുറത്ത് 13കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മാർച്ച് നാലിന് കുട്ടിയുടെ 9 വയസുകാരിയായ അനുജത്തിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂത്തകുട്ടിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി ഇളയകുട്ടിയായിരുന്നു. കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം ഇരയായെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയെങ്കിലും മരണം ആത്മഹത്യയാണെന്നു രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

മൂത്തകുട്ടിയുടെ മരണത്തിൽ പ്രദേശവാസികളായ വലിയ മധു, ഷിബു, പ്രദീപ്, കുട്ടിമധു എന്നിവരെ പിടികൂടിയിരുന്നു. രണ്ടാമത്തെ കുട്ടിയുടെ മരണത്തിൽ വലിയമധുവിന് പുറമേയുള്ള പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ല. കുട്ടിമധുവിനെ 2013 ഒക്ടോബറിൽ മരിച്ച നിലയിൽ കണ്ടെത്തി.

”നിരപരാധിത്വം തെളിയിക്കും. സി.ബി.ഐയിൽ വിശ്വാസം നഷ്ടപ്പെട്ടു. സർക്കാരിനൊപ്പം ചേർന്ന് സി.ബി.ഐയും കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്

-മരിച്ച കുട്ടികളുടെ അമ്മ


Source link

Related Articles

Back to top button