KERALAM

‘എല്ലാവരെയും  ഒരുപോലെ  കാണണമെങ്കിൽ   അവരുടെ  കൈയിൽ  നിന്നൊന്നും  പ്രതീക്ഷിക്കരുത്’; 12 വർഷമായി സൗജന്യമായി നീന്തൽ പഠിപ്പിക്കുന്ന 65കാരി

ലക്കി എസ് പ്രകാശ് | Tuesday 24 December, 2024 | 1:27 PM

‘സമൂഹത്തിൽ പൈസയുള്ളവരും ഇല്ലാത്തവരുമുണ്ട്. ഫീസ് വാങ്ങി പഠിപ്പിച്ചാൽ അവിടെയൊരു വ്യത്യാസം ഉണ്ടാവും. അപ്പോൾ എല്ലാവരെയും ഒരുപോലെ കാണാൻ സാധിക്കില്ല. എല്ലാവരെയും ഒരുപോലെ കാണണമെങ്കിൽ നമ്മൾ ഒന്നും അവരുടെ കയ്യിൽ നിന്ന് പ്രതീക്ഷിക്കരുത്. ജാതിമത, സാമ്പത്തിക വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളാനാകണം’- പന്ത്രണ്ട് വർഷമായി നീന്തൽ പഠിപ്പിക്കുന്ന 65കാരിയുടെ വാക്കുകളാണിത്.

കണ്ണൂർ കണ്ണപുരം ചൂണ്ട സ്വദേശിനിയായ സി വി ജാനകിയാണ് സമൂഹത്തിന് വലിയൊരു സന്ദേശം നൽകി വ്യത്യസ്തയാവുന്നത്. വിദ്യാർത്ഥികളിൽ നിന്ന് പൈസ വാങ്ങി പണക്കാരിയാകാൻ ആഗ്രഹിക്കുന്നില്ല. അവരെ പഠിപ്പിക്കുന്നതിൽ നിന്ന് കിട്ടുന്ന സന്തോഷമാണ് ഏറ്റവും വലുതെന്നും ജാനകിയമ്മ പറയുന്നു.

അച്ഛൻ, അമ്മ, മൂന്ന് ജ്യേഷ്‌ഠൻമാർ എന്നിവരുടെ കുഞ്ഞനുജത്തിയായ ജാനകി പത്താം വയസിലാണ് ആദ്യമായി നീന്തൽ പഠിക്കുന്നത്. സ്വന്തം ജ്യേഷ്ഠൻമാർ തന്നെയായിരുന്നു ഗുരു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 52ാമത്തെ വയസിലാണ് ജാനകി നീന്തൽ പഠിപ്പിക്കാൻ കുളത്തിലിറങ്ങുന്നത്. തന്റെ മകളുടെ ഏഴുവയസുകാരിയായ മകളും സഹോദരന്റെ മകന്റെ മകനുമാണ് ആദ്യ ശിഷ്യർ. ഇത്രയും ഇടവേള വന്നിട്ടും ആഴമുള്ള കുളത്തിലേയ്ക്ക് വലിയ ഉയരത്തിൽ നിന്ന് ചാടാനോ ആഴത്തിൽ ഏറെനേരം നിന്നുകൊണ്ട് നീന്തൽ പഠിപ്പിക്കാനോ ജാനകിക്ക് ഭയം തോന്നിയില്ല. ഇപ്പോഴും വലിയ ഉയരത്തിൽ നിന്ന് കുളത്തിലേയ്ക്ക് ചാടാൻ തനിക്ക് യാതൊരു പേടിയുമില്ലെന്ന് 65ാം വയസിലും ചെറുപ്പക്കാരിയായ ജാനകി പറയുന്നു.

വീടിനടുത്തുള്ള കുളത്തിലായിരുന്നു ജാനകിയമ്മ കഴിഞ്ഞ 11 വർഷമായി പഠിപ്പിച്ചുകൊണ്ടിരുന്നത്. നിലവിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കുറുന്തോട്ടി കുളമാണ് പരിശീലന കേന്ദ്രം. ഇപ്പോൾ മുസ്ളീം സമുദായത്തിലെ സ്ത്രീകളെയും കുട്ടികളെയുമാണ് പഠിപ്പിക്കുന്നത്. 40ഉം 45ഉം വയസ് ഉൾപ്പെടെയുള്ള നൂറോളം വിദ്യാർത്ഥികളുണ്ട്. ഇവരെ ക്ഷേത്രക്കുളത്തിൽ പരിശീലിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് പരിശീലന കേന്ദ്രം മാറ്റേണ്ടി വന്നത്. കഴിഞ്ഞ ആറുമാസമായി ഇവരെ മാത്രമാണ് പഠിപ്പിക്കുന്നത്. സമൂഹത്തിലെ നാനാജാതി മതസ്ഥരായവർക്ക് പരിശീലനം നൽകിയിരുന്നു. ഇതിൽ അവസരം ലഭിക്കാത്തവരായി തോന്നിയതിനാലാണ് ഇത്തവണ മുസ്ലീം സമുദായത്തിലുള്ളവരെ മാത്രം പരിശീലിപ്പിക്കാമെന്ന തീരുമാനത്തിൽ ജാനകിയമ്മ എത്തിയത്. ഡിസംബർ കഴിയുമ്പോൾ ക്ളാസ് അവസാനിപ്പിക്കും, കുറച്ചുനാളത്തെ വിശ്രമത്തിനുശേഷം അടുത്ത വർഷം ജൂലായിൽ വീണ്ടും ക്ളാസുകൾ ആരംഭിക്കും.

കണ്ണൂരിന് പുറമെ മറ്റ് ജില്ലകളിൽ നിന്നും ആളുകൾ നീന്തൽ പഠിക്കാൻ എത്തുന്നുവെന്ന് ജാനകിയമ്മ പറഞ്ഞു. ഏറെയും സ്ത്രീകളാണ് എത്തുന്നത്. പരിശീലനം നൽകുന്നത് സ്ത്രീയായതിനാൽ വിശ്വാസത്തോടെയും ധൈര്യത്തോടെയുമാണ് നീന്തൽ പഠിക്കാൻ സ്ത്രീകൾ എത്തുന്നത്. മൂന്നുദിവസം മുതൽ ഒരാഴ്‌ചവരെയാണ് നീന്തൽ പഠിക്കാൻ വേണ്ടിവരുന്നത്. ആഴമുള്ള കുളത്തിൽ നീന്തൽ പഠിക്കുന്നവർക്ക് കടലിൽ ആയാലും ധൈര്യമായി നീന്താൻ സാധിക്കും. വലിയ ഉയരത്തിൽ നിന്ന് കുളത്തിലേയ്ക്ക് ചാടാനും പരിശീലിക്കുന്നതിനാൽ നീന്തൽ പഠനം കഴിയുന്നതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ധൈര്യശാലികളായി മാറും. ഏതൊരു പ്രതിസന്ധി ഘട്ടത്തെയും നേരിടാൻ അവർ പ്രാപ്‌തരാവും. പരിശീലനത്തിനൊപ്പം അദ്ധ്യാപകരുടെ വാക്കുകളും പ്രധാനമാണെന്ന് ജാനകിയമ്മ പറയുന്നു. നമ്മുടെ വാക്കുകളാണ് അവർക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകുന്നത്.

നീന്തൽ അദ്ധ്യാപികയ്ക്ക് പുറമെ നല്ലൊരു ക്ഷീരകർഷക കൂടിയാണ് ജാനകിയമ്മ. നീന്തൽ സൗജന്യമായി പഠിപ്പിക്കുന്നതിനാൽ പശുവളർത്തലാണ് വരുമാനമാർഗം. രാവിലെ മുതൽ ഉച്ചവരെ പശുവളർത്തലും ഉച്ചയ്ക്കുശേഷം നീന്തൽ പരിശീലിപ്പിക്കലും. മൂന്നുമണിക്കൂറാണ് നീന്തൽ ക്ളാസ്. ഒറ്റയ്ക്കാണ് നീന്തൽ പഠിപ്പിക്കുന്നത്. 30 ഓളം വിദ്യാർത്ഥികളെ ഒരു ബാച്ചിൽ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു ബാച്ചിൽ 12 പേരെയാണ് പഠിപ്പിക്കുന്നത്. വിദ്യാർത്ഥികളിൽ രണ്ട് വനിതാ പൊലീസുകാരുമും പ്ളസ് കഴിഞ്ഞ് നാവികസേനയിൽ പ്രവേശിക്കാൻ പരിശീലനം നടത്തുന്ന പെൺകുട്ടിയുമുണ്ട്. തന്റോടൊപ്പം എസ്‌എസ്‌എൽസി പഠിച്ച 60കാരിയായ ശ്യാമളയ്ക്ക് നീന്തൽ പഠിപ്പിച്ച അനുഭവവും ജാനകിയമ്മ പങ്കുവച്ചു.

എസ്‌എസ്‌എൽസി വരെ പഠിച്ച ജാനകിയമ്മയ്ക്ക് പഠനം തുടരാൻ കഴിഞ്ഞില്ലെങ്കിലും ഇതുവരെ 1882 പേരെയാണ് നീന്തൽ പഠിപ്പിച്ചത്. കുട്ടിക്കാലത്ത് കായിക ഇനങ്ങളിലും ജാനകി മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. കുടുംബത്തിന്റെ പൂർണ പിന്തുണയാണ് ഇത്രയും കാലം നീന്തൽ പഠിപ്പിക്കൽ തുടരാൻ സാധിച്ചത്. സ്ത്രീയായതിനാൽ നീന്തൽ പഠിക്കേണ്ടെന്ന് പറഞ്ഞ് വീട്ടുകാർ എതിർത്തില്ല. ജ്യേഷ്ഠന്മാരും ഭർത്താവും ഏകമകളും മരുമകനും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. പ്രായമായില്ലേ ഇനിയും നീന്തൽ പഠിപ്പിക്കുന്നത് തുടരണോയെന്ന് പലരും ചോദിച്ചു. എന്നാൽ ആരോഗ്യമുള്ളയിടത്തോളം കാലം തുടരണമെന്നാണ് ജാനകിയമ്മയുടെ തീരുമാനം. മാത്രമല്ല, നീന്തൽ പഠിപ്പിക്കുന്നതിനാൽ തന്നെ തനിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ജാനകിയമ്മ പങ്കുവച്ചു. ഇന്നത്തെക്കാലത്ത് ഡയബറ്റീസ്, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളാൽ പലരും പ്രയാസം അനുഭവിക്കുമ്പോൾ ഇത്തരം രോഗങ്ങൾക്കായി ഇതുവരെ മരുന്ന് കഴിച്ചിട്ടില്ലെന്ന് ജാനകിയമ്മ പറയുന്നു.


കുടുംബത്തിലെ എല്ലാവരും നീന്തൽ പഠിച്ചിട്ടുണ്ടെന്നും ജാനകിയമ്മ പറഞ്ഞു. സൗജന്യമായി നീന്തൽ പഠിപ്പിക്കുന്ന ജാനകിയമ്മയെ തേടി അനേകം പുരസ്‌കാരങ്ങളും എത്തി. നിരവധി മാദ്ധ്യമങ്ങളിലും ജാനകിയമ്മയുടെ ജീവിതം വാർത്തയായി. ഇന്നത്തെക്കാലത്ത് എല്ലാവരും പ്രത്യേകിച്ച് കുട്ടികൾ നീന്തൽ പഠിച്ചിരിക്കണമെന്ന് ജാനകിയമ്മ പറഞ്ഞു.


Source link

Related Articles

Back to top button