KERALAM

അങ്ങോട്ട് ആഡംബര കാറിൽ, ഇങ്ങോട്ട് പൊലീസ് ജീപ്പിൽ, ടാറ്റപറഞ്ഞും കൈവീശി കാണിച്ചും ബോച്ചെ

കൊച്ചി: ആഡംബര കാറിൽ വയനാട്ടിലെ തന്റെ റിസോർട്ടിലെത്തിയ ബോച്ചെയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപാേയത് ജീപ്പിൽ. കേസും കസ്റ്റഡിയും ഒട്ടും തനിക്ക് പ്രശ്നമല്ലെന്ന മട്ടിൽ മാദ്ധ്യമപ്രവർത്തകരോടും വഴിവക്കിൽ കൂടിനിന്നവരോടും ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചും ടാറ്റ പറഞ്ഞുമായിരുന്നു ബോച്ച ജീപ്പിലിരുന്നത്. തന്റെ ട്രേഡ് മാർക്കായ വെള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നതും.

ഇന്നുരാവിലെയാണ് വയനാട് മേപ്പാടിക്കടുത്തുള്ള തൊള്ളായിരം കണ്ടിയിലെ റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ റിസോർട്ടിൽ ന്യൂ ഇയർ പാർട്ടി നടത്തുന്നത് ഹൈക്കോടതി വിലക്കിയതിനെത്തുടർന്ന് അവിടെ നിന്ന് പാേയ ബോച്ചെ ഒളിവിൽ പോകാനും മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനും വേണ്ടിയാണ് വീണ്ടും റിസോർട്ടിലേക്ക് വന്നതെന്നാണ് പൊലീസ് കരുതുന്നത്. നീക്കങ്ങൾ മുൻകൂട്ടി കണ്ടായിരുന്നു കസ്റ്റഡി. പിടിയിലായ ബോച്ചെയെ ഒരു കാറിലാണ് പുത്തൂർ വയലിലെ ജില്ലാ പൊലീസ് ക്യാമ്പിൽ എത്തിച്ചത്. കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന ബോച്ചെയുടെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ പകർത്തിയോടെ കാറിൽ നിന്നിറക്കി ക്യാമ്പിനുള്ളിലേക്ക് മാറ്റിയശേഷം പൊലീസ് ജീപ്പിൽ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷമായിരിക്കും ചോദ്യംചെയ്യലും വൈദ്യപരിശോധനയും. തുടർന്നായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.

നടി ഹണിറോസിന്റെ പരാതിയെത്തുടർന്ന് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത പൊലീസ് ബോച്ചെയുടെ നീക്കങ്ങൾ എല്ലാം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മുൻകൂർ ജാമ്യത്തിനും ഒളിവിൽപ്പോകാനും ശ്രമിക്കുന്നതായി വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ബോച്ചെ റിസോർട്ടിലേക്ക് കടന്നിട്ടുണ്ടെന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിനെ അറിയിക്കുകയായിരുന്നു. പരാതി നൽകിയതിന് പിന്നാലെ ഹണി റോസിനെ വിളിച്ച മുഖ്യമന്ത്രി എല്ലാ പിന്തുണയും അറിയിച്ചിരുന്നു. ഇതുകൂടി ആയതോടെ പൊലീസ് നീക്കങ്ങൾക്ക് ശരവേഗമായി. ഒരുതരത്തിലുള്ള ഇളവുകളും ബോച്ചെയ്‌ക്ക് നൽകേണ്ടെന്ന് പൊലീസ് തുടക്കത്തിൽ തന്നെ തീരുമാനിച്ചിരുന്നു. ഉന്നതങ്ങളിൽ നിന്നുളള നിർദ്ദേശവും അത്തരത്തിലായിരുന്നത്രേ.


Source link

Related Articles

Back to top button