ഉടൻ ഇങ്ങനെയൊരു നടപടി. ആരും പ്രതീക്ഷിച്ചുകാണില്ല, ഹണിയുടെ ധീരമായ നീക്കം; മാല പാർവതി പറയുന്നു
നടി ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ വളരെ പെട്ടെന്ന് തന്നെ നടപടി എടുത്തത് പ്രശംസനീയമെന്ന നടി മാലാ പാർവതി. ഹണി റോസ് ചെയ്തത് വലിയകാര്യമാണ്. ഇത്തരത്തിലുള്ള പരാതികളിൽ ഒരു നടപടിയും ഉണ്ടാകില്ല എന്ന പൊതുബോധത്തിനാണ് മാറ്റം വന്നിരിക്കുന്നത്. എത്ര ശക്തനും സമ്പന്നനും ആണെങ്കിലും നടപടി ഉണ്ടാകുമെന്ന് തെളിയിച്ചു ഈ നടപടി. അതിൽ സന്തോഷവും ആശ്വാസവുമുണ്ട് എന്ന് മാലാ പാർവതി പറയുന്നു. അശ്ലീലമായ കമന്റു പറയുന്നവർക്കെതിരെ മാത്രമല്ല സമൂഹ മാധ്യമങ്ങളിലെ തലക്കെട്ടുകളിലൂടെ ഇത്തരം കമന്റുകൾ ഇടാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും പരാതി കൊടുത്തിട്ടുണ്ട്. താൻ കൊടുത്തൊരു കേസിൽ തന്റെ മോർഫ് ചെയ്ത വീഡിയോ പ്രചരിച്ചു എന്നൊരു സചിത്ര വാർത്ത സമൂഹ മാധ്യമങ്ങളിൽ കണ്ടു. അതിനടിയിൽ വരുന്ന കമന്റുകൾ ‘ഈ കിളവിയെ ആർക്ക് വേണം’ ‘ആരാണ് ഇവർ’ എന്നൊക്കെയാണ്. ഇത്തരത്തിൽ കമന്റിടാൻ പ്രേരിപ്പിക്കുന്നവർക്കെതിരെ കൂടി നടപടി ഉണ്ടാകണം എന്ന് മാലാ പാർവതി പറയുന്നു. ഹണി റോസിന്റെ ധീരമായ നടപടി പ്രശംസനീയാർഹമാണെന്നും, സമൂഹത്തിൽ മാറ്റം വരുമെന്ന് തോന്നിത്തുടങ്ങി എന്നും മാല പാർവതി പറയുന്നു.
മാലാ പാർവതിയുടെ വാക്കുകൾ; “ഹണി റോസിന്റെ പരാതിയിയിൽ വളരെ പെട്ടെന്ന് തന്നെ നടപടി ഉണ്ടായത് പ്രശംസനീയം എന്നേ പറയാനുള്ളൂ. ഒരിക്കലും ഇത്തരമൊരു അറസ്റ്റ് ഉണ്ടാകുമെന്ന് മലയാളികൾ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആ കേസ് ഒക്കെ കൊടുത്തു ഇവരെയൊന്നും ഒരിക്കലും അറസ്റ്റ് ചെയ്യില്ല എന്നുള്ളതാണ് പൊതുബോധം. നമ്മൾ അങ്ങനെയാണ് വിശ്വസിച്ചിരുന്നത് വിചാരിക്കുന്നത്. പക്ഷെ അതിനു വിപരീതമായിട്ട് എത്ര പണമുണ്ടെങ്കിലും ശക്തനായാലും നടപടി ഉണ്ടാകുമെന്ന് തെളിയിച്ചു അതിൽ വലിയ സന്തോഷവും ആശ്വാസവുമുണ്ട്.
ഹണി ചെയ്തത് വളരെ നല്ലൊരു കാര്യമാണ്. ആ കുട്ടിക്ക് നല്ല വ്യക്തതയുണ്ട് ഈ കാര്യത്തിൽ. പഠിച്ച് നിയമവശങ്ങൾ മനസ്സിലാക്കിയിട്ടാണ് ഹണി പരാതി കൊടുത്തത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത്തരം കാര്യങ്ങളൊക്കെ ജാഗ്രതയോടെ എടുക്കേണ്ടതാണ്. യൂട്യൂബ് മാധ്യമങ്ങളും മനസ്സിലാക്കേണ്ട കാര്യം ഒരു ക്ലിക്ക് ബെയ്റ്റിന് വേണ്ടി ഉണ്ടാക്കുന്ന തലക്കെട്ടുകൾ, ചിലർക്ക് മോശമായി തോന്നുന്ന വാക്കുകൾ ഉപയോഗിച്ചുള്ള തലക്കെട്ടുകൾ വച്ചിട്ടുള്ള കാർഡുകൾ ഉണ്ടാക്കുന്നതൊക്കെ കമന്റുകൾ ആകർഷിക്കാൻ വേണ്ടിയാണ്. ഇത് വായിക്കുമ്പോൾ തന്നെ നമുക്ക് തോന്നുന്നതാണ്. ഇത്തരത്തിൽ ആളുകളെ പ്രകോപിതരാക്കി തെറി പറയിക്കുന്ന പ്രവണത നമ്മുടെ നാട്ടിലുണ്ട്. അതെല്ലാം ഇതിന്റെ പരിധിയിൽ വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സർക്കാർ ഇങ്ങനെ തന്നെ ശക്തമായ നിലപാട് എടുത്താൽ ഈ വിഷയങ്ങളൊക്കെ ചർച്ചക്ക് വരും. ഇതൊരു ചുഴിയാണ്. ഒരു കാര്യം ഒരാൾ പറയുന്നു അതിനു ഒരാൾ എതിരഭിപ്രായം പറയുന്നു, അതിൽ പ്രകോപനപരമായ ഒരു കാർഡ് ഒരാളെ ചെയ്യുന്നു.
എന്റെ കാര്യം തന്നെ പറയുകയാണെങ്കിൽ ഞാൻ ഡിസംബർ രണ്ടാം തീയതി ഒരു പരാതി കൊടുത്തു പതിനാറാം തീയതി അത് എഫ് ഐ ആർ ആക്കി 28 ആം തീയതി മജിസ്ട്രേറ്റിന്റെ മുന്നിൽ മൊഴിയും കൊടുത്തു. ഇത് ഞാൻ വാർത്ത ആക്കിയിരുന്നില്ല. ഇന്നലെയാണ് ചില സാഹചര്യവശാൽ ഇത് പുറത്തുവന്നത്. ഉടനെ തന്നെ കാർഡ് പോയത് മാല പാർവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വച്ചിട്ടുള്ള വീഡിയോ പുറത്തിറങ്ങി എന്ന്. അങ്ങനെ ഒരു കാര്യമേ ഇല്ല. അതല്ല എന്റെ കേസ്. പക്ഷെ എത്ര ചാനൽ അത് പ്രചരിപ്പിച്ചു. അതിനു താഴെ വരുന്ന കമന്റ്റ് ഈ കിളവിയുടെ വീഡിയോ ആര് കാണാൻ എന്നൊക്കെയാണ്. എന്തിനാണ് ഇങ്ങനെയുള്ള അശ്രദ്ധമായ കാര്യങ്ങൾ ചെയ്യുന്നത്. ഹണി ചെയ്തത് കമന്റിടുന്നവരെ മാത്രമല്ല കമന്റ്റ് ഇടാൻ പ്രേരിപ്പിക്കുന്ന ചാനലുകളെ കൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു. അത് പ്രശംസനീയമായ കാര്യമാണ്. ഇനി ഇങ്ങനെ ഉണ്ടാകരുത് എന്നുകൂടി ഉറപ്പാക്കാൻ അവർ ശ്രമിക്കുന്നുണ്ട്. മാറിയാൽ കൊള്ളാം.”
മാലാ പാർവതിയെക്കുറിച്ചുള്ള ഒരു വീഡിയോക്ക് താഴെ അശ്ളീല കമന്റിട്ട ആളിനെതിരെയാണ് പോലീസിൽ പരാതി നൽകിയതെന്ന് മാല പാർവതി കഴിഞ്ഞ ദിവസം മാധ്യമ ചർച്ചയിൽ പറഞ്ഞിരുന്നു. വളരെ നികൃഷ്ടമായ കമന്റായിരുന്നു അതെന്നും താൻ കേസ് ഫയൽ ചെയ്യുകയും മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകുകയും ചെയ്തിരുന്നു എന്നും മാല പാർവതി പറഞ്ഞിരുന്നു.
“പൊതുവെ എന്റെ വസ്ത്രധാരണത്തെപ്പറ്റി അധികമാരും പറയാറില്ല. പക്ഷെ എനിക്കെതിരെ ഒരു വീഡിയോയ്ക്ക് താഴെ വന്ന നികൃഷ്ടമായ ഒരു അശ്ളീല കമന്റിനെതിരെ ഞാൻ കഴിഞ്ഞ ദിവസം പരാതികൊടുത്തു. ഞാൻ സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്യുകയും ഡിസംബർ 28 ആം തീയതി മജിസ്ട്രേറ്റിനടുത്ത് പോയി മൊഴി കൊടുക്കുകയും ചെയ്തു. ” മാല പാർവതി കൂട്ടിച്ചേർത്തു.
English Summary:
Actress Mala Parvathy lauded the swift action taken against Bobby Chemmannur based on Honey Rose’s complaint.
Source link