ഗുരു എതിർത്തത് നിലനിറുത്താൻ ചിലർക്ക് ആഗ്രഹം: മന്ത്രി റിയാസ്
ശ്രീകുമാർ പള്ളീലേത്ത് | Thursday 02 January, 2025 | 3:08 AM
ശിവഗിരി: ശ്രീനാരായണ ഗുരു എന്തിനെതിരെയാണോ പോരാടിയത്, അത് ഇപ്പോഴും സമൂഹത്തിൽ തുടരണം എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അത്തരക്കാർ ഗുരുവിനെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ഗുരുവചനങ്ങളും സന്ദേശങ്ങളും കൂടുതൽ പ്രസക്തമാവുന്നുവെന്നും അദ്ദേഹം വിശദമാക്കി. 92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥി യുവജന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
1916 ൽ തിരുവനന്തപുരം മുട്ടത്തറയിൽ നടന്ന പുലയസമാജത്തിന്റെ സമ്മേളനത്തിൽ ഗുരു തന്റെ ആശയം കൃത്യമായി പറഞ്ഞിട്ടുണ്ട്. ‘മനുഷ്യർ ഒക്കെ ഒരു ജാതിയാണ്. അവരുടെ ഇടയിൽ സ്ഥിതിഭേദമല്ലാതെ ജാതിഭേദം ഇല്ല.” ഇക്കാര്യം എല്ലായിപ്പോഴും ശ്രീനാരായണഗുരു പ്രചരിപ്പിച്ചിരുന്നു. എല്ലാത്തിനെയും പരസ്പരം ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ മനഃസ്ഥിതി ആർജ്ജിക്കാനാണ് ഗുരു നിരന്തരം ഉപദേശിച്ചത്.
നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തിൽ പ്രതിഷ്ഠ നടത്തി ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിന് ഗുരു മുന്നിട്ടിറങ്ങി. കീഴ്ജാതിക്കാർക്ക് ക്ഷേത്ര പ്രവേശനത്തിന് അവകാശമില്ലാത്ത കാലത്താണ് ഗുരു ഈ വിപ്ലവത്തിന് നേതൃത്വം നൽകിയത്. 1917 ലാണ് പ്രധാന ദേവാലയം വിദ്യാലയം ആയിരിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ‘ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം, അവർക്ക് അറിവുണ്ടാകട്ടെ” എന്ന വാക്കുകൾ ഗുരു വിദ്യാഭ്യാസത്തിന് നൽകിയ ഔന്നത്യം പ്രകടമാക്കുന്നു.
അധഃകൃതരുടെ അവശകതകൾ തീർക്കുന്നതിന് അയിത്തോച്ചാടനത്തിനുപുറമെ മറ്റെന്തെല്ലാം കൂടി വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം എന്ന് ഗാന്ധിജി ചോദിച്ചപ്പോൾ ഗുരു നൽകിയ മറുപടി ‘അവർക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. നന്നാകാനുള്ള സൗകര്യം മറ്റെല്ലാവർക്കും എന്നതു പൊലെ ഉണ്ടാകണം.” എന്നായിരുന്നു. കേരളത്തിന്റെ ഇന്നുകാണുന്ന വിദ്യാഭ്യാസസമ്പ്രദായത്തെ വളർത്തി എടുക്കുന്നതിൽ ഗുരുവിന് പ്രധാന പങ്കുണ്ട്.
വിദ്യാഭ്യാസം എന്നത് സാദാ വിദ്യാഭ്യാസം മാത്രമാകരുത്. നൈപുണ്യ വികസനം കൂടി ആകണമെന്നും ഗുരു നിഷ്കർഷിച്ചു. വിദ്യാഭ്യാസകാലത്ത് തൊഴിൽ നേടുന്നതിലൂടെ യുവത്വത്തെ കൂടുതൽ ഊർജ്ജസ്വലമാക്കാനാണ് ഗുരു ശ്രമിച്ചത്. വിദ്യകൊണ്ട് സ്വതന്ത്രരാകൂ എന്ന പ്രഖ്യാപനം കൂടി ഈ അവസരത്തിൽ ഓർത്തുവയ്ക്കാം. പുതുതലമുറ കൂടുതലായി ശ്രീനാരായണീയ ദർശനത്തെ ഏറ്റെടുക്കണം. അതിന് ശിവഗിരി മഠം നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഗുരുദർശനങ്ങളുടെ സത്ത മൈത്രി: എ.എ.റഹിം
ശിവഗിരി: മൈത്രിയുടെ മഹാസന്ദേശമാണ് ശ്രീനാരായണഗുരു ദർശനങ്ങളുടെ സത്തയെന്ന് എ.എ.റഹിം എം.പി പറഞ്ഞു. ജാതി ബോധത്തിനെതിരാണ് ഈ സന്ദേശം.ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് വിദ്യാർത്ഥി യുവജന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിക്കോമരങ്ങളെ വെല്ലുവിളിച്ച് ശ്രീനാരായണഗുരു തന്റെ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് 32 വയസുള്ളപ്പോഴാണ്. മൈത്രിയിൽ അധിഷ്ഠിതമായ സന്ദേശങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും കലുഷിതമായ ലോകത്തിലെ പ്രശ്നങ്ങൾക്ക് ഗുരുദർശത്തിലൂടെ പരിഹാരം നിർദ്ദേശിക്കാനും ശിവഗിരി മഠത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുദേവൻ അറിവ് പകർന്ന
ദിവ്യതേജസ്: രാഹുൽ
ശിവഗിരി: എല്ലാവർക്കും അറിവ് പകർന്ന ദിവ്യ തേജസായി ശ്രീനാരായണഗുരുദേവൻ നിലനിൽക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് വിദ്യാർത്ഥി യുവജന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു എന്ന വാക്കുകേട്ടാൽ മലയാളിയുടെ മനസിലേക്ക് ഓടിയെത്തുന്ന രൂപം ശ്രീനാരായണ ഗുരുവിന്റേതാണ്. ശ്രീനാരായണഗുരു ഉൾപ്പടെയുള്ള നവോത്ഥാന നായകർ ഉഴുതുമറിച്ച മണ്ണായതിനാലാണ് ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്ന അതേഅർത്ഥത്തിൽ കേരളത്തിൽ നടപ്പിലാക്കാൻ കഴിയുന്നതിന് കാരണം.
ഗുരുദേവൻ സമൂഹത്തെ
മാറ്റിമറിച്ച വ്യക്തിത്വം: ലിജു
ശിവഗിരി: ആശയപരമായ കരുത്തിലൂടെ മാത്രമല്ല,പ്രായോഗിക വാദത്തിലൂടെ സമൂഹത്തെ മാറ്റിമറിച്ച വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുദേവനെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം.ലിജു. ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് വിദ്യാർത്ഥി യുവജന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിനെ ഏതെങ്കിലും ചില വേലിക്കെട്ടുകൾക്കുളിൽ തളച്ചിടാൻ ആർക്കുമാവില്ല. നമ്മൾ ചിന്തിക്കുന്നതിനുമെത്രയോ അപ്പുറമാണ് ഗുരുവിന്റെ മഹത്വം. മതത്തിന്റെ പേരിൽ മനുഷ്യൻ ചോര ചൊരിയുന്ന കാലഘട്ടത്തിൽ സർവമത പാർലമെന്റുകൾക്ക് ഏറെ പ്രസക്തിയുണ്ട്. ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പ്രവേശിക്കാമെന്ന സ്വാമി സച്ചിദാനന്ദയുടെ നിർദ്ദേശം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Source link