ധാർമികത, കരുത്ത്
പ്രധാനമന്ത്രിയായുള്ള രണ്ടാമൂഴത്തിലെ പ്രക്ഷുബ്ധ കാലങ്ങളിൽ ഡോ.മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവെന്ന നിലയിൽ അദ്ദേഹത്തിന്റെ ധാർമികബോധ്യങ്ങളും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും എതിർപ്പുകളെ ശാന്തമായി തരണം ചെയ്യാനുള്ള ശേഷിയും ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. കോർപറേറ്റ് വ്യവസായ മേഖലയിലെ അതൃപ്തിയുടെയും മാധ്യമ ഉന്മാദങ്ങളുടെയും രാഷ്ട്രീയ അട്ടിമറികളുടെയും നാളുകളിൽ ആരെയും അടിച്ചമർത്താൻ ശ്രമിക്കാതെ സത്യസന്ധമായ ആർജവത്തോടെ നിലകൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫിസിൽ മാധ്യമ ഉപദേഷ്ടാവായി ഞാൻ ചുമതലയേറ്റു ദിവസങ്ങൾക്കകം നടന്നൊരു സംഭവം ഓർക്കുന്നു. 2009 ജൂണിലാണ്. രാജ്യത്തെ മികച്ച ഉരുക്കുനിർമാണ ശാലയ്ക്കുള്ള അവാർഡ് സമ്മാനിക്കുന്ന ചടങ്ങ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്നു. കോർപറേറ്റ് മേഖലയിലെ വൻതോക്കുകളെല്ലാം ഹാജരുണ്ട്. ചടങ്ങ് കഴിഞ്ഞുള്ള ചായ സൽക്കാരം. ഉരുക്കു വ്യവസായത്തിലെ വമ്പന്മാർ പ്രധാനമന്ത്രിയുടെ ചുറ്റുംകൂടി. തങ്ങളുടെ വ്യവസായത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന ‘നക്സലൈറ്റുകൾക്കെ’തിരെ എന്തെങ്കിലും ചെയ്യണമെന്നാണ് ആവശ്യം.
കുറച്ചു നേരം അവരുടെ വാചകമടി കേട്ടു നിന്ന ശേഷം ഡോ.മൻമോഹൻ സിങ് വിനയത്തോടെ പറഞ്ഞു, ‘നമ്മുടെ വ്യവസ്ഥിതിയിൽ നിന്ന് ഒട്ടും നീതി കിട്ടുന്നില്ലെന്ന് അവരിൽ പലരും വിചാരിക്കുന്നുണ്ടായിരിക്കാം’. ആ മറുപടിയുടെ ആഘാതത്തിൽ കോർപറേറ്റുകൾ നിശബ്ദരായി.
1991ലെ സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പാക്കിയ ധനമന്ത്രിയിൽ നിന്ന്, ഗ്രാമീണ ഇന്ത്യയിലെ അസമത്വങ്ങളെക്കുറിച്ചും ഇല്ലായ്മകളെക്കുറിച്ചും യാഥാർഥ്യബോധമുള്ളൊരു പ്രധാനമന്ത്രിയിലേക്ക് ഡോ.മൻമോഹൻ സിങ് മാറിയിരിക്കുന്നു എന്നതിന് എനിക്കു കിട്ടിയ ആദ്യത്തെ സൂചനയായിരുന്നു അത്. തങ്ങൾ അവഗണിക്കപ്പെട്ടതായി അവർക്കു തോന്നി. സർക്കാർ നയപരമായി സ്തംഭിച്ചിരിക്കുന്നുവെന്ന വ്യാജപ്രചാരണം ഉടൻ സജീവമായി.
‘അഴിമതി’ തലക്കെട്ടുകളിൽ നിറയാൻ അധികം താമസമുണ്ടായില്ല. മൻമോഹൻ സിങ് സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടാൻ പല ശക്തികളും അവരുടെ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തി. എല്ലാവർക്കും സ്വീകാര്യമായൊരു പ്രതീകം അവർക്കു വേണ്ടിയിരുന്നു. അധികമാർക്കുമറിയാത്ത അണ്ണാ ഹസാരെയെ മുംബൈയിലെ പ്രമാണിമാർ പൊക്കിക്കൊണ്ടു വരുന്നതും ഇന്ത്യ എഗെയിൻസ്റ്റ് കറപ്ഷൻ എന്ന ‘അഴിമതി വിരുദ്ധ പ്രസ്ഥാനം’ രംഗത്തെത്തുന്നതും അങ്ങനെയാണ്.
അണ്ണാ ഹസാരെയെ പിന്തുണയ്ക്കുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സർക്കാരിന് എന്തെങ്കിലും ചെയ്യാനാവുമോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ലളിതമായിരുന്നു: ‘അതിന് എത്രയോ വഴികളുണ്ട്. പക്ഷേ അവയെല്ലാം വൃത്തികെട്ട വഴികളാണ്. ആ വഴികളിലൂടെ പോകാൻ എനിക്കു താൽപര്യമില്ല’.
മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അദ്ദേഹം എന്നും ബഹുമാനിച്ചിരുന്നു. 2012 ജനുവരി ഒന്നിന് അദ്ദേഹം അമൃത്സറിലെ സുവർണക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നു. അണ്ണാ ഹസാരെ ഉറഞ്ഞുതുള്ളുന്ന കാലം. ‘പ്രധാനമന്ത്രിയെ ജനം വളയുന്നത്’ ചിത്രീകരിക്കാൻ ചാനലുകളെല്ലാം കാത്തുനിൽക്കുന്നു. രണ്ടു പേർ കരിങ്കൊടി വീശുന്നതു കണ്ട് ചാനൽ ക്യാമറകളെല്ലാം അവരെ മാത്രം കാണിച്ചുകൊണ്ടിരുന്നു.
പ്രാർഥനകൾ സ്വകാര്യമായി നിർവഹിക്കാനുള്ള പ്രധാനമന്ത്രിയുടെ അവകാശത്തെ മാധ്യമങ്ങൾ ലംഘിക്കുകയാണെന്ന തരത്തിൽ പത്രക്കുറിപ്പിറക്കാൻ ഞാൻ അദ്ദേഹത്തോട് അനുമതി ചോദിച്ചു. അദ്ദേഹം പറഞ്ഞു, ‘ഹരീഷ്, പ്രാർഥിക്കാനുള്ള എന്റെ അവകാശം ആരും ലംഘിച്ചിട്ടില്ല. ഞാനെന്റെ പ്രാർഥന നിർവഹിച്ചിട്ടുണ്ട്. ഇഷ്ടമുള്ളതു റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് അവകാശമുണ്ട്’.
പ്രധാനമന്ത്രിയായിരിക്കുമ്പോഴോ, ആ പദവി ഒഴിഞ്ഞ ശേഷമോ അദ്ദേഹം ആരോടും വിദ്വേഷം പുലർത്തിയില്ല; തന്നോടു വിശ്വാസവഞ്ചന കാണിച്ചവരോടു പോലും. പകയും പ്രതികാരവും അദ്ദേഹത്തിനു പരിചയമില്ലായിരുന്നു.
(2009 ജൂൺ മുതൽ 2012 ജനുവരി വരെ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു ലേഖകൻ. ദ് ട്രിബ്യൂൺ എഡിറ്റർ ഇൻ ചീഫും ദ് ഹിന്ദു റസിഡന്റ് എഡിറ്ററുമായിരുന്നു).
Source link