സി.പി.എം പത്തനംതിട്ട ജില്ലാസമ്മേളനം: നവീൻബാബു വിഷയവും ചർച്ചയാകും
പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയിൽ പതാക ഉയർന്നു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉച്ചയ്ക്ക് ഒരു മണിയോടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തിരുവല്ല നോർത്ത് ലോക്കൽ കമ്മിറ്റി റിപ്പോർട്ട് ചോർന്ന പശ്ചാത്തലത്തിൽ ജില്ലാ കമ്മിറ്റി റിപ്പോർട്ട് അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് പാർട്ടിയുടെ പത്തനംതിട്ട, കണ്ണൂർ ജില്ലാ കമ്മിറ്റികൾ രണ്ടു തട്ടിലായെന്ന് വ്യാഖ്യാനിക്കുന്ന തരത്തിൽ നേതാക്കളിൽ നിന്നുണ്ടായ പ്രതികരണങ്ങൾ പ്രതിനിധികളുടെ വിമർശനത്തിന് ഇടയാക്കും. നവീൻബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടിയെന്ന് പ്രഖ്യാപിച്ച ശേഷം പ്രതി സ്ഥാനത്തുള്ള പി.പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത് ജില്ലയിലെ പ്രവർത്തകരിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. കേസിൽ സി.ബി.ഐ അന്വേഷണത്തെ എതിർക്കാനുള്ള കാരണം നേതാക്കൾ വിശദീകരിക്കുമെന്നാണ് സൂചന. സി.ബി. ഐ കൂട്ടിലടച്ച തത്തയാണെന്ന കോടതി നിരീക്ഷണമാണ് നേതാക്കൾ ഏരിയ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്. ജില്ലയിലെ ചില ലോക്കൽ സമ്മേളനങ്ങൾ ബഹളത്തെ തുടർന്ന് നിറുത്തി വച്ചതും പിന്നീട് വീണ്ടും നടത്തിയതും കടുത്ത വിഭാഗീയത കാരണമാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്ത് കാപ്പ, പീഡനക്കേസ് പ്രതികൾ പാർട്ടിയിൽ കടന്നുകൂടിയതും ചർച്ചയിൽ ഉയർന്നു വന്നേക്കും.
Source link