എം.ടി.വാസുദേവൻ നായർ: കാലവും ജീവിതവും
നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, നാടകകൃത്ത്, അദ്ധ്യാപകൻ, പത്രാധിപർ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ എന്ന എം.ടി.വാസുദേവൻ നായർ 1933 ജൂലായ് 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ജനിച്ചു. അച്ഛൻ: ടി.നാരായണൻ നായർ. അമ്മ: അമ്മാളുഅമ്മ.
മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂർ ഹൈസ്‌കൂളിലും പാലക്കാട് വിക്‌ടോറിയ കോളേജിലും വിദ്യാഭ്യാസം. വിക്‌ടോറിയയിൽ നിന്ന് കെമിസ്‌ട്രിയിൽ ബി.എസ്‌സി ബിരുദം നേടിയ ശേഷം പട്ടാമ്പി, ചാവക്കാട് ഹൈസ്‌കൂളുകളിലും പാലക്കാട്ട് എം.ബി ട്യൂട്ടോറിയൽസിലും അദ്ധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. ഇതിനിടെ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ഉപേക്ഷിച്ചു. 1956ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ ജൂനിയർ എഡിറ്ററായി കോഴിക്കോട്ടേക്ക് സ്ഥിര താമസമാക്കി. മുഖ്യപത്രാധിപരായിരുന്ന എൻ.വി.കൃഷ്‌ണവാര്യർ 1968ൽ സ്ഥാനമൊഴിഞ്ഞപ്പോൾ എം.ടി മുഖ്യപത്രാധിപരായി. 1981 വരെ ആ പദവിയിൽ തുടർന്നു. പിന്നീട് ഒരിടവേളയ്‌ക്കുശേഷം 1989ൽ മാതൃഭൂമി പീരിയോഡിക്കൽസിന്റെ എഡിറ്ററായി. 1999ൽ വിരമിച്ചു.
കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്, എക്സിക്യുട്ടീവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുവരികയായിരുന്നു. എം.ബി കോളേജിൽ സഹ അദ്ധ്യാപികയും പിന്നീട് കോഴിക്കോട് സെന്റ് വിൻസെന്റ് സ്‌കൂളിൽ അദ്ധ്യാപികയുമായിരുന്ന പ്രമീളയാണ് ആദ്യ ഭാര്യ. പിന്നീട് നർത്തകി കലാമണ്ഡലം സരസ്വതിയെ വിവാഹം കഴിച്ചു. സിതാര (ജോൺസൺ ആൻഡ് ജോൺസൺ, യു.എസ്), അശ്വതി (നർത്തകി) എന്നിവർ മക്കൾ. മരുമകൻ: സഞ്‌ജയ് ഗിർമെ (യു.എസ്), ശ്രീകാന്ത് (നർത്തകൻ).
എഴുത്തിന്റെ ലോകത്തേക്ക്
ആദ്യം കവിതയോടായിരുന്നു താത്പര്യം. എന്നാൽ തന്റെ തട്ടകം അതല്ലെന്ന് വളരെ പെട്ടെന്നുതന്നെ അദ്ദേഹം തിരിച്ചറിഞ്ഞു. ചക്രവാതം എന്ന പത്രത്തിൽ വന്ന ‘ഉന്തുവണ്ടി”യാണ് ആദ്യം വെളിച്ചം കണ്ട കഥ. പിന്നീട് കേരളോദയത്തിൽ, 14-ാം വയസിൽ വി.എൻ.തെക്കേപ്പാട്ട്, കൂടല്ലൂർ വാസുദേവൻ നായർ, എം.ടി.വാസുദേവൻ നായർ എന്നീ മൂന്ന് പേരുകളിൽ രത്നങ്ങളെക്കുറിച്ച് ലേഖനം, രാജാജിയുടെ ജീവചരിത്രം, എസ്.കെ.പൊറ്റക്കാടിന്റെ കഥകളെക്കുറിച്ച് അവലോകനം എന്നിവ പ്രസിദ്ധീകരിച്ചു. വിക്ടോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോഴാണ് ‘രക്തം പുരണ്ട മൺതരികൾ” എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങിയത്.
1954ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ” എന്ന കഥ ഒന്നാംസ്ഥാനം നേടി. ഇതോടെ മലയാളസാഹിത്യത്തിൽ എം.ടി തന്റെ സ്ഥാനമുറപ്പിച്ചു. ‘പാതിരാവും പകൽവെളിച്ചവും” എന്ന ആദ്യനോവൽ ഈ സമയത്താണ് ഖണ്ഡശ്ശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്” ആണ് (1958). , എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാഡമി അവാർഡ് സമ്മാനിച്ചു.
കാലം, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, രണ്ടാമൂഴം, എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയ അറബിപ്പൊന്ന് തുടങ്ങിയ നോവലുകൾ ജനങ്ങൾ നെഞ്ചോടുചേർത്തു. 1984ലാണ് ‘രണ്ടാമൂഴം” പുറത്തിറങ്ങുന്നത്. മഹാഭാരത കഥയിൽ നിന്ന് വേറിട്ട് ഭീമന് നായകവേഷം കൽപ്പിച്ചു കൊടുത്ത രണ്ടാമൂഴം ജനങ്ങൾ ഇരുകെെയുംനീട്ടി സ്വീകരിച്ചു. തൊണ്ണൂറുകളിലാണ് ‘വാരാണസി” പുറത്തുവന്നത്.
എം.ടിയുടെ സിനിമാജീവിതവും ജനങ്ങൾ നെഞ്ചിലേറ്റി. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചത്. 1973ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമ്മാല്യം” എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതി. നാലുതവണ ദേശീയപുരസ്കാരം ലഭിച്ചു. തുടർന്ന് തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ മലയാളചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അൻപതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയിൽ അദ്ദേഹമുണ്ടായിരുന്നു. ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.
പുരസ്കാരങ്ങൾ
ജ്ഞാനപീഠം 1995ലാണ് എം.ടിയെ തേടിയെത്തിയത്. 2004ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് (കാലം), കേരള സാഹിത്യ അക്കാഡമി അവാർഡ് (നാലുകെട്ട്, സ്വർഗം തുറക്കുന്ന സമയം, ഗോപുരനടയിൽ), വയലാർ അവാർഡ് (രണ്ടാമൂഴം), ഓടക്കുഴൽ അവാർഡ് (വാനപ്രസ്ഥം), എന്നിങ്ങനെ എണ്ണപ്പെട്ട പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം ആദ്യസംവിധാനം നിർവഹിച്ച ‘നിർമ്മാല്യത്തിന്” 1973ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഇതിനുപുറമേ 30ലേറെ ദേശീയ, സംസ്ഥാന അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996 ജൂൺ 22ന് കാലിക്കറ്റ് സർവകലാശാല ഓണററി ഡി. ലിറ്റ് (ഡോക്ടർ ഒഫ് ലെറ്റേഴ്സ്) ബിരുദം നല്കി ആദരിച്ചു.
മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരവും (1978ൽ ബന്ധനം, 1991ൽ കടവ്, 2009ൽ കേരളവർമ്മ പഴശ്ശിരാജ,) 2011ൽ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു. 2005ൽ കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വവും 2013ൽ കേന്ദ്ര സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പും ലഭിച്ചു.
Source link