‘പിന്നീട് രണ്ടാമൂഴത്തെക്കുറിച്ച് സംസാരിച്ചില്ല’; എംടി നൽകിയ പിരിമുറുക്കങ്ങൾ പറഞ്ഞ് മോഹൻലാൽ
ഓരോ മനുഷ്യനും ഒരർഥത്തിൽ ഏകാന്തപഥികനാണ്. ആൾക്കൂട്ടത്തിൽ തനിച്ചായവരുടെ കഥകൾ പറഞ്ഞ് അത്രയും ഏകാന്തമായാണ് എംടി നമ്മുടെ ഉള്ളിലേക്ക് കടന്നുവരുന്നത്.
ഐ.വി.ശശി ചിത്രത്തിലൂടെയാണ് എന്റെ എംടി ബന്ധം. അത്രയും സ്നേഹം മനസ്സിൽ സൂക്ഷിച്ചൊരാളാണ് കടന്നുപോകുന്നത്. ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, പഞ്ചാഗ്നി, ഉയരങ്ങളിൽ, സദയം, താഴ്‌വാരം തുടങ്ങി … തിരയിളക്കങ്ങളിൽ എന്റെ ചുവടുറപ്പിച്ച കഥാപാത്രങ്ങൾ പലതും എംടി സമ്മാനിച്ചതാണ്. ഉയരങ്ങളിലെ രാജനായി അദ്ദേഹം നിർദേശിച്ചത് എന്റെ പേരാണ്. പുറമെ സൗമ്യമായി പെരുമാറുമ്പോഴും വില്ലനിസം മനസ്സിൽ സൂക്ഷിക്കൊന്നാരാൾ. ക്രൂരതയുടെ ചുടുചോരയിൽക്കുളിച്ച പ്രതിനായകനായിരിക്കുമ്പോഴും പ്രേക്ഷകപ്രീതി ഒരു കാന്തം പോലെ കഥാപാത്രത്തിലേക്കൊട്ടി നിന്നാലേ അത്തരം കഥാപാത്രങ്ങൾ വിജയിക്കുമായിരുന്നുള്ളൂ. ‘ആൾക്കൂട്ടത്തിൽ തനിയെ’യിലെ അനിൽ ഒരു ചെറിയ വേഷമാണ്. ജീവിതത്തിലെ സമ്പത്തും പദവിയുമല്ല വലിയ സൗഭാഗ്യങ്ങളെന്നു വിശ്വസിക്കുന്ന ഒരാൾ. ആ ഫിലോസഫി എന്നെയും വ്യക്തിപരമായി ആകർഷിച്ചു. കഥകളി രംഗവേദിയിൽ കിരാതനായ ശത്രുവിനെ കൊല്ലുന്ന ‘രംഗ’ത്തിലെ നിഷ്കളങ്കനായ അപ്പുണ്ണിയുടെ ആത്മസംഘർഷങ്ങളും സദയത്തിലെ തൂക്കുകയർ കഴുത്തിലേക്ക് വീഴുമ്പോഴുള്ള അന്ത്യരംഗത്തിലെ മാനസികപിരിമുറുക്കങ്ങളും ഈ അക്ഷരങ്ങൾ തന്നതാണ്.
ഒരു ദയയുമില്ലാതെ അഥവാ വല്ലാത്ത ദയയോടെ രണ്ടു പെൺകുട്ടികളെ കാരുണ്യത്തോടെ ഇല്ലാതാക്കിയ സത്യനാഥന്റെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ അതുവരെ കടന്നുപോന്നിട്ടില്ലാത്ത മാനസിക സംഘർഷം ഞാൻ അനുഭവിച്ചു. ക്രൂരത കാരുണ്യമായും ദയ കത്തിമുനയായും സ്നേഹം കൊലയായും മാറുന്ന ജീവിതം – രക്തം പുരണ്ട ക്യാൻവാസിൽ സത്യനാഥൻ എന്ന ചിത്രകാരൻ വരച്ച ഏറ്റവും ഭയാനകമായ ചിത്രം – അതിന്റെ പൂർത്തീകരണം അഭിനേതാവ് എന്ന നിലയിൽ അന്നോളം ഞാൻ കടന്നുപോന്ന അവസ്ഥകളെ എല്ലാം വെല്ലുവിളിക്കുന്നതായിരുന്നു.
മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം പൊതുവേദിയിൽ.
കഥയുടെ ഓരോ വഴിത്തിരിവിലും എംടി മൈനുകൾ കുഴിച്ചിട്ടു. അതു പൊട്ടിയത് പക്ഷെ, പ്രേക്ഷകന്റെ മനസ്സിലായിരുന്നു. എംടിയുടെ സിനിമയെ ഒരു ജോണറിൽ വേർതിരിച്ചുനിർത്തുക പ്രയാസമാണ്. താഴ്‌വാരം ഒരു പ്രതികാര സിനിമ മാത്രമാണോ? അതിൽ പ്രണയമില്ലേ? ഉണ്ട്. ഫാന്റസിയില്ലേ ? ഉണ്ട്.
വെബ്സീരീസിനു വേണ്ടി എംടിയുടെ ‘ഓളവും തീരത്തിലും’ വീണ്ടും അഭിനയിക്കാൻ എനിക്കു കഴിഞ്ഞു. ചിത്രത്തിന്റെ സെറ്റിൽ അദ്ദേഹം നേരിട്ടുവന്ന് പിറന്നാൾ ആഘോഷിച്ചു. ‘അമൃതംഗമയ’ ഷൂട്ടിങ് സമയത്ത് 2 ദിവസം സംവിധായകൻ ഹരിഹരനു സുഖമില്ലാത്തതിനാൽ എംടിയാണു സംവിധായകനായി നിർദേശം നൽകിയത്. അതു മറ്റൊരു ഭാഗ്യം.
എംടി സാറിന്റെ തിരക്കഥയിലെ സംഭാഷണശൈലി മാറ്റാൻ പറ്റില്ല. നമ്മൾ ആദ്യം പറയുന്ന വാക്ക് അദ്ദേഹം രണ്ടാമത് പറയും. അങ്ങനെ ചില അപൂർവതകൾ. ‘കൊല്ലാനവൻ ശ്രമിക്കും ചാവാതിരിക്കാൻ ഞാനും ’ എന്ന ഒറ്റഡയലോഗിൽ ‘താഴ്‌വാരം’ എന്ന സിനിമ മുഴുവനുണ്ട്. ചെറിയൊരു മൂളലിനു പോലും മുനയും മുള്ളുമുണ്ട്. വലിയ അർഥതലങ്ങൾ. രണ്ടു മൂന്നു സീൻ കഴിഞ്ഞിട്ടായിരിക്കും ചില സംഭാഷണങ്ങളുടെ അർഥം നമുക്ക് മനസ്സിലാവുക. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ശൈലി മാത്രമാണ് എന്റേത്. അദ്ദേഹം ഒരിക്കൽ പറഞ്ഞതു കഥാപാത്രം രൂപപ്പെടുമ്പോൾതന്നെ എങ്ങനെ സിനിമയിൽ അവതരിപ്പിക്കുമെന്ന ധാരണയുണ്ടാകും എന്നാണ്. അതിനു മുകളിൽ വളരുമ്പോഴാണു മികച്ച നടനാകുന്നത്.
ഞാൻ അവതരിപ്പിച്ച ‘കർണഭാരം’ സംസ്കൃത നാടകം കാണാൻ എംടി മുംബൈയിൽ വന്നു. ഒപ്പം ഒഎൻവി സാറും ഉണ്ടായിരുന്നു. ഒന്നും പറയാതെ ചിരിയിൽ, തലോടലിൽ അദ്ദേഹം മറുപടി ഒതുക്കും. ‘കർണഭാരം’ 2 തവണ കണ്ടിട്ടും അദ്ദേഹം ഒന്നും പറഞ്ഞില്ല. 2 തവണ കണ്ടിട്ട് ഇഷ്ടമായില്ലേ എന്നു ദുബായിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തപ്പോൾ ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
‘സാർ നാടകം കണ്ടിട്ട് ഒന്നും പറഞ്ഞില്ലല്ലോ?’
എനിക്കു വളരെ ഇഷ്ടമായി എന്നായിരുന്നു മറുപടി. മലയാള മനോരമ ഒരുക്കിയ ‘കഥയാട്ട’ത്തിൽ എംടിയുടെ ഭീമനായി വളരുമ്പോൾ മനസ്സിൽ നിറഞ്ഞുനിന്നത് കടഞ്ഞെടുത്തതുപോലെ ശിൽപഭദ്രമായ എഴുത്തിലെ താമരപ്പൊയ്കകളാണ്. ഇതിഹാസത്തിലെ ഭീമനല്ല എംടിസാറിന്റെ ഭീമൻ. ഗുരുമുഖത്തും ആയുധക്കളരിയിലും പാഞ്ചാലിയുടെ മുന്നിലും രണ്ടാമനാകേണ്ടി വന്ന രണ്ടാമൂഴക്കാരൻ.
‘കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ടു നടക്കുന്ന ദേവാ…ഇവിടെ ഞാനുണ്ട്. അവിടുത്തെ മകനായ അഞ്ചുവയസ്സുള്ള ഒരുണ്ണി’ സ്റ്റേജിൽ നിന്നിറങ്ങുമ്പോഴും മനസ്സിൽ ദുന്ദുഭി മുഴങ്ങുന്നു. ‘രണ്ടാമൂഴം’ സിനിമയാകുന്നതിന്റെ ചില സാധ്യതകൾ എംടിസാർ പറഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് ചില സാങ്കേതിക പ്രശ്നങ്ങളിൽപ്പെട്ട് പ്രോജക്ട് നടക്കാതെ പോയതിനുശേഷം അക്കാര്യം സംസാരിച്ചിട്ടില്ല.
പ്രിയനുവേണ്ടി സാർ ഒരു തിരക്കഥയെഴുതണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. ഞാനത് അദ്ദേഹത്തോടു പറയുകയും ചെയ്തു. ചെന്നൈയിൽ പ്രിയനും സാറും തമ്മിൽ കൂടിക്കാഴ്ചയും നടത്തി. അപ്പോഴാണ് പ്രിയന്റെ അച്ഛന് അസുഖമാകുന്നതും മറ്റും. പിന്നെ അതു നടന്നില്ല. പ്രിയൻ ആദ്യമായി വായിച്ച എംടിയുടെ തിരക്കഥ ‘ഓളവും തീരവു’മായിരുന്നു. മനോരഥങ്ങൾ എന്ന സീരീസിനുവേണ്ടി അതു വീണ്ടും ചെയ്യാൻ പ്രിയനും കഴിഞ്ഞു. കടങ്ങളൊന്നും ബാക്കിയില്ല.
ഫൈറ്ററായിരുന്നു എംടി സാർ. ജീവിതത്തിൽ നിന്നു തിരികെവിളിക്കാൻ ശ്രമിച്ചപ്പോഴെല്ലാം തിരിച്ചുവന്നയാൾ. ഒന്നും സംഭവികരുതേയെന്ന് നമ്മൾ ആത്മാർഥമായി ആഗ്രഹിക്കുന്ന ചില വ്യക്തികളുണ്ടല്ലോ. മഹാബലർ കരയാൻ പാടില്ലല്ലോ എന്നെഴുതിയ വിരലുകൾ നിശ്ചലമായി. നമ്മളാരും മഹാബലരല്ലല്ലോ. മനുഷ്യരല്ലേ…
Source link