‘അദ്ദേഹത്തിന് ജീവിതത്തെപ്പറ്റി ഒരു പരാതി മാത്രം, കർമനിരതനായ മനുഷ്യൻ’; എം ടിയെ അനുസ്‌മരിച്ച് എം എൻ കാരശ്ശേരി
കോഴിക്കോട്: മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുസ്മരിച്ച് എഴുത്തുകാരൻ എം എൻ കാരശ്ശേരി. കുറേ പതിറ്റാണ്ടുകളായിട്ട് എം ടിയുടെ വാത്സല്യം അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ എം ടിയുടെ മരണത്തിൽ മറ്റുള്ളവർക്കുള്ളതിനേക്കാൾ കുറച്ചധികം വ്യസനം അനുഭവപ്പെടുന്നുണ്ടെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു.
‘മലയാളികൾ അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായ ഒന്നായി എടുക്കും. മറ്റുള്ളവർക്കുള്ളതിനേക്കാൾ കുറച്ചധികം വ്യസനം എനിക്ക് അനുഭവപ്പെടുന്നുണ്ട്. അതിന് കാരണം കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായിട്ട് അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ. അദ്ദേഹം എന്നെ സാഹിത്യ അക്കാദമിയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. ഞങ്ങൾ നാല് വർഷത്തോളം അവിടെ പ്രവർത്തിച്ചു. സിനിമ, കുടുംബജീവിതം എന്നിവ ഒഴിച്ച് ബാക്കി സാമൂഹികകാര്യങ്ങളിൽ അദ്ദേഹത്തിന്റെ കൂടെയുള്ള ആളായിരുന്നു ഞാൻ.
അദ്ദേഹം ജീവിതത്തെപ്പറ്റി ഒരു പരാതിയാണ് പറഞ്ഞത്. ഇടത്തേ ചെവിക്ക് കേൾക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ അതൊന്നും ഒരു പരാതിയായോ പരിഭവമായോ പറഞ്ഞിട്ടില്ല. എന്നോട് പണ്ടത്തേത് പോലെ വായിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞു. എം ടി സാധാരണ ഗതിയിൽ എത്ര പേജ് വായിക്കും എന്ന ചോദ്യത്തിന് മൂന്നൂറ് പേജെന്ന് പറഞ്ഞു. ഞാൻ അതിശയിച്ചുപോയി. എന്നാൽ ഇപ്പോൾ അൻപത് പേജൊക്കെയേ പറ്റുന്നൂള്ളൂവെന്നും പറഞ്ഞു. കർമനിരതായ മനുഷ്യനാണ് അദ്ദേഹം’- കാരശ്ശേരി പറഞ്ഞു.
Source link