KERALAM

മൂന്ന് ദിവസം മുമ്പ് കാണാതായ പ്ലസ്‌വൺ വിദ്യാ‌ർത്ഥിനിയുടെ മൃതദേഹം കുളത്തിൽ; രണ്ട് യുവാക്കളും മരിച്ചനിലയിൽ

തിരുപ്പൂർ: മൂന്ന് ദിവസം മുമ്പ് കാണാതായ വിദ്യാർത്ഥിനിയേയും രണ്ട് യുവാക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. പ്ലസ്‌വൺ വിദ്യാർത്ഥിനിയായ ദർശന (17), സുഹൃത്തുക്കളായ മാരിമുത്തു (20), ചെന്നൈ സ്വദേശി ആകാശ് (20) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ദർശനയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മാനുപ്പട്ടിയിൽ കൃഷിയിടത്തോട് ചേർന്നുള്ള കുളത്തിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചതോടെ മരിച്ചവരിൽ ഒരാൾ കാണാതായ പെൺകുട്ടിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഡിസംബർ പതിനെട്ടിനായിരുന്നു പെൺകുട്ടിയുടെ ജന്മദിനം. അയൽവാസികൾക്ക് കേക്ക് കൊടുക്കാനെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്.

മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് ആകാശും പെൺകുട്ടിയും പരിചയപ്പെട്ടത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നാണ് സൂചന. അയൽവാസിയും സുഹൃത്തുമായ മാരിമുത്തുവിന് ആകാശുമായുള്ള അവളുടെ സൗഹൃദത്തെക്കുറിച്ച് അറിയാമായിരുന്നു.

മൂവർ സംഘം പിറന്നാളാഘോഷിക്കാനായി ഒരു ഇരുചക്രവാഹനത്തിൽ പോകുകയായിരുന്നു. ഇതിനിടയിൽ വളവിൽ വച്ച് ഇരുമ്പ് പൈപ്പ് ലൈനിൽ തട്ടി ഇരുചക്രവാഹനവും മൂന്നുപേരും കുളത്തിലേക്ക് വീഴുകയായിരുന്നു. ഫോണും ഓഫായി. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ മാതാപിതാക്കൾ, മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.
TAGS: NEWS 360, NATIONAL, NATIONAL NEWS, DEAD, MISSING CASE, LATESTNEWS, DEADBODY


Source link

Related Articles

Back to top button