CINEMA

എന്റെ മകൻ പോയി: വളർത്തു നായയുടെ വിയോഗത്തിൽ സിനിമയിൽ നിന്നും ഇടവേളയെടുക്കാൻ തൃഷ


ക്രിസ്മസ് ദിനത്തിൽ കുടുംബത്തിലെ ദുഃഖകരമായ വാർത്ത പങ്കുവച്ച് നടി തൃഷ കൃഷ്ണൻ. ക്രിസ്മസ് പുലരിയിൽ തന്റെ പ്രിയപ്പെട്ടവൻ നഷ്‌ടമായ ദുഃഖത്തിലാണ് താരം. കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട തന്റെ വളർത്തു നായ സോറോ വിടപറഞ്ഞ വാർത്തയാണ് രാവിലെ നടി പ്രേക്ഷകരുമായി പങ്കുവച്ചത്. നികത്താനാകാത്ത ഈ നഷ്ടത്തിന്റെ േപരിൽ ഇനി അഭിനയത്തിലേക്ക് പോലും കുറച്ചുകാലത്തേക്ക് ഉണ്ടാവില്ല എന്ന് തൃഷ ആരാധകരെ അറിയിച്ചു കഴിഞ്ഞു.

‘‘എന്റെ മകൻ സോറോ ഈ ക്രിസ്മസ് പുലരിയിൽ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവർക്കറിയാം, ഇനി എന്റെ ജീവിതം അർഥശൂന്യമായിരിക്കുന്നു എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തിൽ നിന്നും മുക്തരായിട്ടില്ല. കുറച്ചു കാലത്തേക്ക് ജോലിയിൽ നിന്നും ഇടവേള എടുക്കുന്നു.’’ തൃഷയുടെ വാക്കുകൾ.  സോറോയെ അടക്കിയ സ്ഥലത്തിന്റെ ചിത്രവും തൃഷ പങ്കിട്ട കൂട്ടത്തിലുണ്ട്. പുഷ്പങ്ങളും മെഴുകുതിരികളും പൂമാലകളും കൊണ്ട് തൃഷ സോറോയെ യാത്രയാക്കിയത്.

അടുത്തകാലം വരെയും സോറോ എന്ന തന്റെ വളർത്തുനായയെ ഓമനിക്കുന്ന തൃഷയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കാണാമായിരുന്നു. ഹൻസിക, പൂർണിമ ഇന്ദ്രജിത്ത്, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധിപ്പേർ നടിയെ ആശ്വസിപ്പിച്ചെത്തുന്നുണ്ട്.

അടുത്തിടെയാണ് കല്യാണിക്കും തന്റെ പ്രിയപ്പെട്ട വളർത്തുനായയെ നഷ്‌ടമായത്‌. ‘‘ഏറ്റവും കഠിനമായ വേദനകളിൽ ഒന്നാണിത്. കുറച്ചു സമയമെടുത്തെന്നു വരും. അവന്റെ കഥകൾ ഓർക്കുന്നതിലൂടെ അവൻ എന്നും ജീവനോടെയുണ്ടാകും. എന്റെയും നിങ്ങളുടെയും ആ ആൺകുട്ടികൾ അവരുടെ ലോകത്ത് പരസ്പരം കൂട്ടായി ഉണ്ടാകും.’’–കല്യാണി കമന്റ് ആയി കുറിച്ചു.


Source link

Related Articles

Back to top button