KERALAM

‘നെഞ്ചിൽ  ഇടിച്ചു,  കമ്പികൊണ്ട് കാലിൽ അടിച്ചു’; എസ്‌എഫ്‌ഐ യൂണിയൻ റൂമിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയേറ്റത് കൊടിയ മർദ്ദനം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളിൽ നിന്ന് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്കേറ്റത് ക്രൂരമർദ്ദനം. കോളേജിലെ യൂണിയൻ റൂമിൽ വിളിച്ച് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. രണ്ടാംവർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥിയായ പൂവച്ചൽ പെരുങ്കുഴി കൊണ്ണിയൂർ ചക്കിപ്പാറ, മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിനും സുഹൃത്ത് അഫ്സലിനുമാണ് മർദ്ദനമേറ്റത്.

‘വൈകല്യത്തിന്റെ പേരിലും അവരേക്കാൾ മുന്നിട്ട് നിൽക്കുന്നതിനും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. കൊടികെട്ടാനും മരത്തിൽ കേറാനും ഡെസ്‌ക് പിടിച്ചിടാനും ഉൾപ്പെടെ അവർ പറയുമ്പോൾ കഴിയില്ല, കാല് വയ്യാത്തതാണെന്ന് ഞാൻ പറയുമായിരുന്നു. അങ്ങനെ പറയുമ്പോൾ കളിയാക്കുകയും മാതാപിതാക്കളെ അടക്കം ചീത്ത വിളിക്കുകയും ചെയ്യും. ഇത് നാലാമത്തെ തവണയാണ് റൂമിൽ കൊണ്ടുപോയി അടിക്കുന്നത്. പിടിച്ചുവലിച്ച് കൊണ്ടുപോവുകയായിരുന്നു. കൂട്ടുകാരനെ പുറത്തിറക്കിയിട്ട് എന്നെ അകത്തുകയറ്റി. മുഖത്ത് അ‌ടിച്ചു, നെഞ്ചിൽ ഇടിച്ചു. കമ്പികൊണ്ട് കാലിൽ അടിച്ചു. തലയിൽ അടിച്ചു. ഷൂസിട്ട് കാലിൽ ചവിട്ടി. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും അടക്കമാണ് മർദ്ദിച്ചത്’ അനസ് വ്യക്തമാക്കുന്നു. കാട്ടാക്കട സ്വദേശിയായ അനസും ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്.

വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ഫിലോസഫി മൂന്നാംവർഷ വിദ്യാർത്ഥി ജമൽചന്ദ്, മൂന്നാംവർഷ ഹിസ്റ്ററി വിദ്യാർത്ഥി മിഥുൻ, മൂന്നാംവർഷ ബോട്ടണി വിദ്യാർത്ഥി അലൻ ജമാൽ, രണ്ടാംവർഷ സുവോളജി വിദ്യാർത്ഥി വിധു ഉദയ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

അതേസമയം, എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെങ്കിലും തുടർനടപടികളിലേയ്ക്ക് പൊലീസ് കടന്നിട്ടില്ല. മഹസർ ഉൾപ്പെടെ തയ്യാറാക്കാൻ പ്രിൻസിപ്പളിന്റെ അനുമതി ആവശ്യമാണ്. അനുമതി ഇന്ന് ലഭിക്കുകയേ ഉള്ളൂ. അതിനുശേഷമേ യൂണിറ്റ് റൂമിൽ കയറി മഹസർ തയ്യാറാക്കാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു. ഇതിനിടെ അനസ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന് കാട്ടി എസ്.എഫ്.ഐ പരാതി നൽകിയെങ്കിലും പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ല.

തിങ്കളാഴ്ച വൈകിട്ട് 3.30തോടെയായിരുന്നു സംഭവം. യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ മുറിയിലേക്ക് കൊണ്ടുപോയി മുഹമ്മദ് അനസിനെ മർദ്ദിക്കുകയായിരുന്നു. ‘നാട്ടിൽ പാർട്ടി പ്രവർത്തനം നടത്തുന്ന നിനക്ക് ഞങ്ങൾ പറഞ്ഞാൽ അനുസരിക്കാനെന്താണ് കുഴപ്പം”എന്ന് ചോദിച്ച് തെറിവിളികളോടെയായിരുന്നു അക്രമം. ഇനി നീ കോളേജിൽ പഠിക്കുന്നത് കാണണമെന്നും അക്രമികൾ ഭീഷണിമുഴക്കിയിരുന്നു.


Source link

Related Articles

Back to top button