KERALAM

സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി: ‘സൗജന്യ പാലിയേറ്റീവ് സേവനം എല്ലാവർക്കും ഉറപ്പാക്കണം “

തിരുവനന്തപുരം: ബി.പി.എൽ-എ.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പാലിയേറ്റീവ് പരിചരണം സൗജന്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലിയേറ്റീവ് കെയർ സേവനം വിപുലീകരിക്കുന്നതിനുള്ള ക്യാമ്പയിന് മുന്നോടിയായി ചേർന്ന പാലിയേറ്റീവ് സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാന്ത്വന പരിചരണം ആവശ്യമുള്ളവരെയെല്ലാം ചേർത്തുപിടിക്കണം.

വേദനയനുഭവിക്കുന്നവരെ പരിചരിക്കുന്നതിനുള്ള മനസ് സമൂഹത്തിന്റെയും മനുഷ്യത്വത്തിന്റെ അളവുകോലാണ്. കിടപ്പുരോഗികൾ, വീട്ടിൽത്തന്നെ പരിചരണം വേണ്ടവർ, മുഴുവൻ സമയവും സഹായം ആവശ്യമുള്ളവർ എന്നിവരെ പ്രത്യേകമായി കരുതണം. ഇതിനായി ജനുവരി ഒന്നിനാരംഭിക്കുന്ന ജനകീയ ക്യാമ്പയിൻ വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണം. സർക്കാർ മേഖലയിൽ 1,142പ്രൈമറി പാലിയേറ്റീവ് യൂണിറ്റുകളുണ്ട്. ഇവയിലൂടെ 1,14,439 രോഗികളെ പരിചരിക്കുന്നുമുണ്ട്.

കിടപ്പ് രോഗികളുടെ മെച്ചപ്പെട്ട പരിചരണത്തിന് 20,000 ജനസംഖ്യയുള്ള പ്രദേശത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹോം കെയർ യൂണിറ്റ് ആരംഭിക്കണമെന്ന് പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിൽ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ 30,000 പേരുള്ള പ്രദേശത്തിന് ഒരു കെയർ യൂണിറ്റാണ് പ്രവർത്തിക്കുന്നത്. വോളന്റിയർമാരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്.

നിരാലംബരായ വൃദ്ധരെ പാർപ്പിച്ചിരിക്കുന്ന ഹോമുകൾ, സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും പ്രവർത്തിക്കുന്ന വൃദ്ധ മന്ദിരങ്ങൾ എന്നിവിടങ്ങളിൽക്കൂടി പാലിയേറ്റീവ് കെയർ സേവനം എത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ എം.ബി. രാജേഷ്, വീണാ ജോർജ്, ആർ. ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

രജിസ്ട്രേഷൻ ഉറപ്പാക്കണം

 രജിസ്‌ട്രേഷനില്ലാതെ ആരും മേഖലയിൽ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

 പാലിയേറ്റീവ് കെയർ രംഗത്ത് വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ, ബ്ലോക്ക് തല സംവിധാനമൊരുക്കും.

 വാർഡംഗത്തിന്റെ നേതൃത്വത്തിൽ ആശ, അങ്കണവാടി, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകരടങ്ങിയ സമിതിയാണ് രൂപീകരിക്കുക.

 തദ്ദേശ സ്ഥാപനതലത്തിലും സമാനമായ സമിതികൾ രൂപീകരിക്കും.

 സമിതികൾ മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തണം.


Source link

Related Articles

Back to top button