WORLD

ഇലോണ്‍ മസ്‌ക് യു.എസ്. പ്രസിഡണ്ടാവുമോ? ഉത്തരവുമായി ട്രംപ്


വാഷിങ്ടണ്‍ ഡി.സി: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പ്രസിഡണ്ടാവുമോ എന്ന അഭ്യൂഹത്തിന് വിരാമമിട്ട് ഡൊണള്‍ഡ് ട്രംപ്. രാജ്യത്ത് ജനിച്ചവര്‍ക്കു മാത്രമേ പരമോന്നത പദവിയിലിരിക്കാന്‍ യോഗ്യതയുള്ളൂവെന്നാണ് അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്നതെന്ന്‌ ട്രംപ് ചൂണ്ടിക്കാണിച്ചതായി എന്‍.ബി.സി. ന്യൂസ് റിപ്പോര്‍ട്ടുചെയ്യുന്നു. അമേരിക്കന്‍ പ്രസിഡണ്ടാവണമെങ്കില്‍ യു.എസ്. ഭരണഘടന പ്രകാരം ജന്മം കൊണ്ട് അമേരിക്കക്കാരനാവുകയും പതിനാല് വര്‍ഷം താമസക്കാരനായിരിക്കുകയും വേണം. ” ഇല്ല, അദ്ദേഹം പ്രസിഡണ്ടാവില്ല, അതു സംഭവിക്കാന്‍ പോകുന്നില്ല”- മസ്‌ക് പ്രസിഡണ്ടാവുമെന്ന അഭ്യൂഹത്തോട് അരിസോണയിലെ റിപ്പബ്ലിക്കന്‍ കോണ്‍ഫറന്‍സില്‍വെച്ച് എഴുപത്തിയെട്ടുകാരനായ ട്രംപ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ലോകത്തെ ഏറ്റവും ധനികനായ ഇലോണ്‍ മസ്‌ക് ജനിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. ഗവണ്‍മെന്റ് ചെലവുകള്‍ വെട്ടിക്കുറയ്ക്കുക, പൊതുജനക്ഷേമ നയങ്ങള്‍, പബ്ലിക് സര്‍വീസ് എന്നിവയുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട് രൂപികരിച്ച ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) നയിക്കാന്‍ മസ്‌കിനെയാണ് ട്രംപ് ചുമതലപ്പെടുത്തിയത്. അമേരിക്കന്‍ ഭരണനിര്‍വഹണത്തില്‍ ഇലോണ്‍ മസ്‌കിന് നല്‍കിയിരിക്കുന്ന ഇടപെടലുകളെ പരിഹസിച്ചുകൊണ്ട് ഡെമോക്രാറ്റുകള്‍ ‘പ്രസിഡണ്ട് മസ്‌ക്’ എന്നാണ് വിശേഷിപ്പിച്ചത്. ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും നേതൃത്വം കൊടുക്കുന്ന ഡോജ് ഒരു സര്‍ക്കാരിതര സ്വതന്ത്ര നിര്‍ദ്ദേശക സമിതിയാണ്. കഴിഞ്ഞ ദിവസം നിലവിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നിര്‍ണായകമായ ഒരു ബില്ലുമായി ട്രംപ് ഇടപെടല്‍ നടത്തിയപ്പോള്‍ മസ്‌ക് നടത്തിയ അനുകൂല നീക്കങ്ങളാണ് അടുത്ത പ്രസിഡണ്ട് ഇലോണ്‍ മസ്‌ക് ആണെന്ന അഭ്യൂഹം പരത്തിയത്‌.


Source link

Related Articles

Back to top button