KERALAM

സ്ഥലം ലഭ്യമാക്കിയാൽ ആണവ നിലയം കേരളത്തിലാകാമെന്ന് കേന്ദ്രം, സംസ്ഥാനത്തിന് പുറത്തും ആകാമെന്ന് നിർദ്ദേശം

തിരുവനന്തപുരം: 150 ഏക്കർ സ്ഥലം ലഭ്യമായാൽ കേരളത്തിന് ആണവോർജ നിലയം അനുവദിക്കാൻ തയ്യാറെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടാർ അറിയിച്ചു. സംസ്ഥാനത്തെ വൈദ്യുതി-നഗര വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട്ടെ ചീമേനിയാണ് ഇതിന് പറ്റിയ സ്ഥലം എന്നും മന്ത്രി പറഞ്ഞു. സ്ഥലം ലഭ്യമായാൽ വേണ്ട സഹായമെല്ലാം കേന്ദ്രം ചെയ്യാമെന്ന് വാഗ്‌ദാനമുണ്ട്. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്‌ക്ക് വലിയതോതിൽ പരിഹാരമാകും എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.

എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടില്ല എന്നാണ് വിവരം. തൃശൂരിലെ അതിരപ്പിള്ളിയും കാസർകോട് ചീമേനിയുമാണ് ഊർജവകുപ്പും വൈദ്യുതിബോർഡും പദ്ധതിയ്‌ക്കായി കേന്ദ്രത്തെ സമീപിച്ചപ്പോൾ നിർദ്ദേശിച്ച സ്ഥലങ്ങൾ. എന്നാൽ അതിരപ്പിള്ളിയിൽ ഡിസ്‌‌നിലാന്റ് മാതൃകയിൽ വലിയ ടൂറിസം കേന്ദ്രം ആസൂത്രണം ചെയ്യുന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതിനെ എതിർത്ത് മുൻപ് വ്യക്തമാക്കിയിരുന്നു.

അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ടത് സംസ്ഥാനമാണെന്നും കേരളതീരത്ത് തോറിയം അടങ്ങുന്ന മോണോസൈറ്റിന്റെ വലിയ നിക്ഷേപമുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കേരളത്തിൽ തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിക്കാൻ കഴിയും. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു കേന്ദ്രമന്ത്രി. കോവളത്ത് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ കേരളത്തിൽ തന്നെ വൈദ്യുതിനിലയം വേണമെന്നില്ലെന്നും പുറത്ത് സ്ഥാപിക്കാനും സാധിക്കുമെന്നാണ് കേരളം നിർദ്ദേശിച്ചത്. തോറിയത്തിൽ നിന്ന് യൂണിറ്റിന് ഒരു രൂപയ്‌ക്ക് വൈദ്യുതി ഉൽപാദിപ്പിക്കാമെന്നാണ് കേരളം കേന്ദ്രമന്ത്രിക്ക് സമർപ്പിച്ച നിർദ്ദേശത്തിൽ ഉള്ളത്.


Source link

Related Articles

Back to top button