INDIALATEST NEWS

മുറിവുണങ്ങാതെ ‘അമർ സോനാർ ബാംഗ്ല’; ഭീതിയുറഞ്ഞ ജീവിതം പറഞ്ഞ് മനീന്ദ്ര


‘‘അമർ സോനാർ ബാംഗ്ല, അമി തുമാർ ഭാലോബാഷിസിറോഡിൻ തുമാർ ആകാശ്………സിറോഡിൻ തുമാർ ആകാശ്, തുമാർ ബതാസ്, ആമർ പ്രാണേതുമാർ ആമർ പ്രാണേ ബജായ്ബാഷിസോനാർ ബാംഗ്ല, അമി തുമാർ ഭാലോബാഷി’’

1905 ലെ ബംഗ്ലാ വിഭജന കാലത്താണ് ഈ വരികൾ ആദ്യമായി അച്ചടിച്ചു വരുന്നത്. ബംഗാളി ഭാഷയിൽ പുറത്തിറങ്ങിയിരുന്ന ‘ബംഗൊദർശൻ’, ‘ബോൽ’ എന്നീ മാഗസിനുകളില്‍ വന്ന ആ കവിത എഴുതിയത് രവീന്ദ്രനാഥ ടഗോർ ആയിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഈസ്റ്റ് ബംഗാളായും ഹിന്ദു ഭൂരിപക്ഷ പ്രദേശമായ വെസ്റ്റ് ബംഗാളായും വിഭജിക്കപ്പെട്ട അവിഭക്ത ബംഗാളിന്റെ വേദന ടഗോർ ആ വരികളിൽ സൂചിപ്പിച്ചിരുന്നു. പിന്നീട് പാക്കിസ്ഥാനിൽനിന്നു മോചിക്കപ്പെട്ട ബംഗ്ലദേശിന്റെ ദേശീയ ഗാനമായി ‘അമർ സോനാർ ബാംഗ്ല’. അരനൂറ്റാണ്ട് പിന്നിടുന്ന ബംഗ്ലദേശിന്റെ ചരിത്രത്തിൽ ‘അമർ സോനാർ ബാംഗ്ല’യെ മാറ്റാൻ ഒട്ടേറെ ശ്രമങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം വിഫലമായി.

ബംഗ്ലദേശിലെ ധാക്കയിൽ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയായ ഗണഭബനിലേക്ക് ഇരച്ചുകയറി ദേശീയ പതാക സ്ഥാപിച്ചപ്പോൾ.(Photo by K M ASAD / AFP)

1970 കളിലെ വിമോചന സമരകാലത്തിനു ശേഷം ബംഗ്ലദേശ് കലുഷിതമായ വർഷമായിരുന്നു 2024. സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം, പിന്നീട് രാജ്യത്തെത്തന്നെ പിടിച്ചുകുലുക്കുന്ന രക്തരൂഷിത വിപ്ലവമായി മാറുന്നതാണ് ഈ വർഷം കണ്ടത്. സമാധാനം പുലരുന്ന ബംഗ്ലദേശിന്റെ നല്ല നാളെയ്ക്കായി കാത്തിരിക്കുന്ന ഒട്ടേറെ ബംഗ്ലദേശികളുണ്ട്. അതിലൊരാളാണ് ധാക്ക ഡിവിഷനിലെ ബൈരഭിലുള്ള മുപ്പത്തിനാലുകാരനായ മനീന്ദ്ര.
ഒമാനിൽ ഏറെ നാളത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് മനീന്ദ്ര തന്റെ നാട്ടിലേക്ക് തിരികെ എത്തിയത്. പ്രവാസ ജീവിതത്തിൽ ലഭിച്ചതെല്ലാം സ്വരുക്കൂട്ടി ബൈരഭിൽ ആരംഭിച്ച ചെറിയ കട (ദൂക്കാൻ) ആണ് ഇന്ന് മനീന്ദ്രയുടെ വരുമാന മാർഗം. 2024 ബംഗ്ലദേശിനെ സംബന്ധിച്ച് വേദനാജനകമാണെന്ന് മനീന്ദ്ര പറയുന്നു. ധാക്ക ഡിവിഷന്റെയും ചിറ്റഗോങ് ഡിവിഷന്റെയും അതിർത്തിയിലാണ് മേഘ്ന നദിക്കരയിലെ മനീന്ദ്രയുടെ ബൈരഭ് ഗ്രാമം.

‘‘കലാപം തുടങ്ങിയ ദിവസങ്ങൾ വളരെയേറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ധാക്കയിലെ നഗരഭാഗങ്ങളിൽ കലാപം നടക്കുന്ന വിവരം ടിവിയിലൂടെയാണ് അറിഞ്ഞത്. സംവരണ വിഷയത്തിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധം നടത്തുന്നു എന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. വൈകാതെ സംവരണ പ്രക്ഷോഭം ഷെയ്ഖ് ഹസീനയ്ക്കും അവരുടെ പാർട്ടിക്കുമെതിരെയായി. അവാമി ലീഗുകാരെ പ്രതിഷേധക്കാർ അടിച്ചോടിച്ചു. അവരുടെ ഓഫിസുകൾ തല്ലിത്തകർത്തു. പിന്നാലെ ചിറ്റഗോങ്ങിലും പ്രക്ഷോഭം ആരംഭിച്ചു. വൈകാതെ രാജ്യം മുഴുവൻ അതു വ്യാപിച്ചു.’’ – മനീന്ദ്ര ഓർത്തെടുത്തു.

ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് ചെയ്യുന്നു. ധാക്കയിലെ ഷാബാഗിൽ നിന്നുള്ള ദൃശ്യം. ചിത്രം: എഎഫ്പി

‘‘ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനു പിന്നാലെ മുഹമദ് യൂനുസ് അധികാരത്തിൽ വരുമെന്ന് ഉറപ്പായിരുന്നു. മുഹമ്മദ് യൂനുസാണ് പ്രക്ഷോഭം ആരംഭിച്ച വിദ്യാർഥിസംഘടനകൾക്കു സാമ്പത്തിക സഹായം ചെയ്യുന്നതെന്ന് അന്നു തന്നെ ചില വാർത്തകൾ വന്നിരുന്നു. പ്രക്ഷോഭത്തിന്റെ ദിവസങ്ങൾ ഓർക്കുമ്പോൾ പേടിയാണ്. ഫോൺ ഇല്ല, ഇന്റർനെറ്റ് ഇല്ല. എല്ലാം തടസപ്പെട്ടു. പൊലീസും സൈന്യവും പലപ്പോഴും പ്രക്ഷോഭത്തെ അടിച്ചമർത്താൻ പോലും ശ്രമിച്ചില്ല

പ്രക്ഷോഭത്തിന് ശേഷം കാര്യങ്ങൾ മാറി. ധാക്കയിലെ വിവരങ്ങൾ പതിയെ അറിഞ്ഞു തുടങ്ങി. ഭക്ഷണത്തിനും മറ്റു സാധനങ്ങൾക്കും പെട്ടെന്നു വില കൂടി. അരി കിലോയ്ക്ക് 65 ടാക്കയിലെത്തി (1 രൂപ = 1.14 ടാക്ക). പഞ്ചസാര കിലോയ്ക്ക് 128 ടാക്ക. ഉരുളക്കിഴങ്ങ് കിലോയ്ക്ക് 100 ടാക്ക, സവാള കിലോയ്ക്ക് 110 ടാക്ക. സാധനങ്ങളുടെ വില കൂടിയതിന് പുറമെ പലർക്കും ജോലി നഷ്ടപ്പെട്ടു. പഠിപ്പുള്ളവർക്കു പോലും ജോലി ലഭിക്കാൻ പ്രയാസമായി. പലയിടത്തും മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ ജോലിക്കെടുക്കാൻ തുടങ്ങി. പ്രക്ഷോഭ കാലത്ത് നിരവധി ഹിന്ദുക്കളാണ് രാജ്യം വിടാൻ തീരുമാനിച്ചത്. പരിചയത്തിലുള്ള കുറച്ചു പേർ കൊൽക്കത്തയിലേക്കു പോയി. അവർ തിരിച്ചുവരാനുള്ള സാധ്യതയും കുറവാണ്. ചിലരെല്ലാം കൊൽക്കത്തയിൽ ജോലിയും കച്ചവടവുമായി തുടരുകയാണ്. പ്രക്ഷോഭവും തുടർന്നുണ്ടായ സംഭവങ്ങളും ഇപ്പോഴും ഭീതിയോടെയാണ് അവർ ഓർക്കുന്നത്. പല ക്ഷേത്രങ്ങൾക്കും രാത്രി കാവൽ നിൽക്കേണ്ടി വന്നിട്ടുണ്ട്. യുവാക്കൾ മാറിമാറിയാണ് ഇങ്ങനെ കാവൽ നിന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നുണ്ടെന്ന് കേട്ടതോടെയാണ് സുരക്ഷ ഒരുക്കാൻ നിർബന്ധിതമായത്. ദുർഗാപൂജയ്ക്കു രണ്ട് ദിവസം മുൻപ് കിഷോർഗണ്ഡിലുള്ള ക്ഷേത്രം അക്രമികൾ തകർത്തിരുന്നു

Photo by Abdul Goni / AFP

‘‘ഇപ്പോൾ പൊതുവേ ശാന്തമാണ് ബംഗ്ലദേശ്. വലിയ അക്രമസംഭവങ്ങൾ ഇപ്പോൾ കേൾക്കുന്നില്ല. ഷെയ്ഖ് ഹസീനയെ രാജ്യം പതുക്കെ മറന്നു തുടങ്ങിയെന്നു തോന്നുന്നു. ഗ്രാമത്തിൽ ഇപ്പോൾ ഹിന്ദുക്കളും മുസ്‌ലിംകളും ഐക്യത്തോടെയാണ് താമസിക്കുന്നത്. അടുത്തിടെ നടന്ന ‘കൃഷ്ണ ഭാഗ്രം’ ഉത്സവത്തിനടക്കം ഈ ഹിന്ദു – മുസ്‌ലിം ഐക്യം കാണാൻ സാധിച്ചിരുന്നു. ഇനിയൊരു കലാപം ഉണ്ടാകരുതെന്നാണ് ഓരോ ബംഗ്ലദേശിയും ആഗ്രഹിക്കുന്നത്. അതിനിടെ ഇസ്കോൺ സന്യാസിമാരുടെ അറസ്റ്റ് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതൊക്കെ വൈകാതെ പരിഹരിക്കപ്പെട്ടേക്കാം.’’ – മനീന്ദ്ര പറഞ്ഞു.

അവസാനമായി ഒരു വാചകം കൂടി പറഞ്ഞാണ് മനീന്ദ്ര നിർത്തിയത്. ‘‘പ്രേ ഫോർ ബംഗ്ലദേശ്’’, ആ വാക്കുകളിൽ പക്ഷേ അത്രയും നേരം അയാളുടെ സംസാരത്തിലുണ്ടായിരുന്ന ആത്മവിശ്വാസമായിരുന്നില്ല; മറിച്ച് ഇനിയൊരു കലാപത്തെ കൂടി താങ്ങാൻ തന്റെ രാജ്യത്തിനാകുമോ എന്ന ഭയമായിരുന്നു നിഴലിച്ചിരുന്നത്.


Source link

Related Articles

Back to top button