നിയമസഭ തിരഞ്ഞെടുപ്പിന് 16 മാസം സംസ്ഥാന കോൺഗ്രസിൽ പുതിയ സമവാക്യങ്ങൾ, കരുത്താർജ്ജിച്ച് ചെന്നിത്തല
മത,സാമുദായിക പിന്തുണ ഉറപ്പിക്കാനും മത്സരം
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് 16 മാസം ശേഷിക്കേ, സംസ്ഥാന കോൺഗ്രസിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭരണത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തിൽ മുഖ്യമന്ത്രിസ്ഥാനം ഉറപ്പിക്കാനുള്ള കരുനീക്കങ്ങളിലാണ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെ
കോൺഗ്രസിന്റെ തലപ്പത്തുള്ളവർ. മത,സാമുദായിക പിന്തുണ കൂടി ഉറപ്പിക്കാനുള്ള തന്ത്രങ്ങളിൽ ഇവരിൽ ആര്, ആരെ കടത്തി വെട്ടുമെന്നതിലാണ് രാഷ്ട്രീയ ചർച്ചകൾ.
ചെന്നിത്തലയോട് എൻ.എസ്.എസ് നേതൃത്വം പുലർത്തിവന്ന നീരസത്തിൽ ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം മഞ്ഞുരുകിയതാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി സംവാദങ്ങളിൽ അദ്ദേഹത്തെ വീണ്ടും സജീവമാക്കിയത്. മന്നം ജയന്തി ആഘോഷച്ചടങ്ങിലേക്ക് എൻ.എൻ.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ക്ഷണം. പിന്നാലെ, കോൺഗ്രസിൽ മുഖ്യമന്ത്രിയാവാൻ ഏറ്റവും യോഗ്യൻ രമേശാണെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രശംസ. അതോടെ, എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും ധാർമ്മിക പിന്തുണ അദ്ദേഹം ഉറപ്പിച്ച മട്ടിലാണ് പ്രചാരണം. മുസ്ലിം, ക്രൈസ്തവ പിന്തുണ ഉറപ്പിക്കാനും നീക്കം സജീവം.
അതേസമയം, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വാഭാവിക സ്ഥാനാർത്ഥികളിൽ ഒരാളാവുമെന്നതിൽ തർക്കമില്ല. അതിനു മുന്നോടിയായി, കോൺഗ്രസിലെ യുവനിരയെ ഗ്രൂപ്പുകൾക്കതീതമായി തനിക്കൊപ്പം അണിനിരത്തുന്നതിൽ സതീശൻ വിജയം കണ്ടു. പഴയ എ ഗ്രൂപ്പിലെ ചില
മാനേജർമാരുടെ കൂറും സതീശനോടാണെന്ന് പറയപ്പെടുന്നു.
എന്നാൽ, ഐ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളിൽ പലരും അസ്വസ്ഥരാണ്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ പലകാര്യങ്ങളും കൂടിയാലോചിക്കാതെ തങ്ങളെ
ഒതുക്കുന്നുവെന്നും ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്നുമാണ് അവരുടെ പരാതി. പാർട്ടി നിയമസഭാകക്ഷിക്ക് പുറമേ, സംഘടനയും കൈപ്പിടിയിലൊതുക്കാനാണ് സതീശന്റെ ശ്രമമെന്നാരോപിച്ച് വിശാല ഐ ഗ്രൂപ്പ് സജീവമാക്കി പൊരുതാനാണ് അവരുടെ ശ്രമം.
കെ.പി.സി.സി പ്രസിഡന്റ് പദത്തിൽനിന്ന് കെ.സുധാകരനെ മാറ്റുന്ന കാര്യത്തിൽ ഒരാലോചനയും നടന്നിട്ടില്ലെന്ന വാദവുമായി ചെന്നിത്തലയും, കെ.മുരളീധരനും, ശശിതരൂരും രംഗത്ത് വന്നു. മുഖ്യമന്ത്രിയാവാൻ ചെന്നിത്തല സർവഥാ യോഗ്യനാണെന്ന് കെ.സുധാകരൻ ഇന്നലെ നടത്തിയ പ്രതികരണവും ശ്രദ്ധേയം.
അവസരത്തിനൊത്ത്
ഉയരാൻ സതീശൻ
മുസ്ലിം ലീഗ് നേതൃത്വവുമായി സൗഹൃദത്തിലായ വി.ഡി. സതീശൻ വിവിധ ക്രൈസ്തവ സഭകളുമായും നല്ല ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. മാരാമൺ കൺവെൻഷനിലേക്കും സതീശന് ക്ഷണം ലഭിച്ചു. അതേസമയം, നാലുവോട്ടിന് വേണ്ടി സമുദായ നേതാക്കളുടെ തിണ്ണനിരങ്ങാനില്ലെന്ന തന്റെ പഴയ പരാമർശം തിരിഞ്ഞുകുത്തുന്നു. എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗം നേതൃത്വങ്ങൾക്ക് തന്നോടുള്ള നീരസത്തിന് കാരണം ഇതാവാമെന്ന് അദ്ദേഹം കരുതുന്നു. ഇത് മാറ്റിയെടുക്കാനാണ് ശ്രമം. വർഗീയതയെ എതിർക്കുന്ന സംഘടനയാണ് എൻ.എസ്.എസെന്നും, തനിക്കെതിരായ വെള്ളാപ്പള്ളിയുടെ വിമർശനം ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുമെന്നുമുള്ള സതീശന്റെ പ്രതികരണം ഇതിന്റെ ഭാഗമാണ്.
Source link