CINEMA

2024ൽ ചെയ്തത് 207 മലയാളം സിനിമകൾ; നിർമാതാവിന് ലാഭം നേടിക്കൊടുത്തത് 22 സിനിമകൾ


ബോക്സ് ഓഫിസിൽ 100 കോടി നേടിയ സിനിമയുണ്ടായിട്ടും മലയാള സിനിമ 2024ൽ വീണത് കടുത്ത പ്രതിസന്ധിയുടെ ‘ ഗുണാകേവിൽ ’. മഞ്ഞുമ്മൽ ബോയ്സിന്റെ തെന്നിന്ത്യൻ വിജയഗാഥയിൽ കീർത്തി നേടിയ മലയാളത്തിൽ 2024ൽ ഇറങ്ങിയത് 206 സിനിമകൾ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ഫാന്റസി ത്രീഡി ബറോസ് ക്രിസ്മസ് ദിനത്തിലിറങ്ങുന്നതോടെ ഈ വർഷത്തെ റിലീസ് സിനിമകളുടെ എണ്ണം 207 ആകും. 2023ൽ 222 സിനിമകൾ.
സിനിമകളുടെ എണ്ണം ഡബിൾ സെഞ്ചറി പിന്നിട്ടെങ്കിലും നിർമാതാവിന് ലാഭം നേടിക്കൊടുത്തത് 22 സിനിമകൾ മാത്രം.1000 കോടിയുടെ നഷ്ടമെങ്കിലും നിർമാതാക്കൾക്ക് സംഭവിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ടെലിവിഷൻ സാറ്റലൈറ്റ്, ഒടിടി അവകാശം എന്നിങ്ങനെ മികച്ച വരുമാനം നേടിക്കൊടുത്തിരുന്ന സിനിമയുടെ വരുമാന സ്രോതസ്സുകൾ പ്രതിസന്ധിയിലായതോടെ അടുത്ത വർഷം ചിത്രങ്ങളുടെ എണ്ണം കുറയാനാണ് സാധ്യത. സിനിമയുടെ വിജയം തിയറ്റർ വിജയം മാത്രമാണെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

100 കോടിയിലേറെ വരുമാനം നേടിയ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് തന്നെയാണ് സൂപ്പർഹിറ്റ് ചാർട്ടിൽ മുന്നിൽ. തമിഴിലും മികച്ച വിജയം നേടാൻ കഴിഞ്ഞതാണ് റെക്കോർഡ് കലക്‌ഷൻ നേടാൻ കാരണം. സൂപ്പർ ഹിറ്റ് ചാർട്ടിൽ 11 സിനിമകൾ ഇടം നേടി. ഈ സിനിമകൾക്ക് തിയറ്ററിൽ നിന്ന് കിട്ടിയ കലക്‌ഷൻ മാത്രം കണക്കുകൂട്ടി ഫിലിം ചേംബർ നടത്തിയ അനുമാനമാണിത്. ഒടുവിൽ റിലീസ് ചെയ്ത റൈഫിൾ ക്ലബ്‌, മാർക്കോ എന്നീ ചിത്രങ്ങളും ഹിറ്റ്‌ ചാർട്ടിൽ ഇടം നേടുമെന്നാണ് തുടക്കത്തിലെ കല‌ക്‌ഷൻ സൂചിപ്പിക്കുന്നത്

സൂപ്പർഹിറ്റ് ചിത്രങ്ങളിൽ 3 എണ്ണമൊഴികെ ബാക്കിയെല്ലാം ചെയ്തത് യുവസംവിധായകർ. കുതിച്ചുയരുന്ന നിർമാണച്ചെലവാണ് മറ്റൊരു പ്രതിസന്ധി. പ്രതിദിന ഷൂട്ടിങ് ചെലവ് 5 ലക്ഷത്തിലേറെയാണിപ്പോൾ.

സാറ്റലൈറ്റ്, ഒടിടി വിലകൾ ഉയർന്നു നിന്ന കാലഘട്ടത്തിൽ തങ്ങളുടെ ‘സാറ്റലൈറ്റ് വാല്യു ’ കണക്കാക്കി പ്രതിഫലമുയർത്തിയ താരങ്ങൾ താഴേക്കിറങ്ങിവരുന്നില്ലെന്നാണ് നിർമാതാക്കളുടെ പരാതി.
അടുത്ത വർഷം സിനിമകളുടെ എണ്ണം 33% കുറയുമെന്ന് ഫിലിം ചേംബർ സെക്രട്ടറി സജി നന്ത്യാട്ട് ചൂണ്ടിക്കാട്ടി. നിർമാണച്ചെലവ് കുത്തനെ കൂടിയതും പ്രേക്ഷകർ സിലക്ടീവായതും ഹേമ കമ്മിറ്റി മേഖലയിൽ സൃഷ്ടിച്ച അവമതിപ്പും സിനിമയെ സാരമായി ബാധിച്ചതായി സജി ചൂണ്ടിക്കാട്ടി.

സൂപ്പർഹിറ്റുകൾ
മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആവേശം, ആടുജീവിതം, വർഷങ്ങൾക്കു ശേഷം, ഗുരുവായൂർ അമ്പല നടയിൽ, ടർബോ, വാഴ, എആർഎം, കിഷ്കിന്ധാകാണ്ഡം.

ഹിറ്റുകൾ
ഏബ്രഹാം ഓസ്‍ലർ, അന്വേഷിപ്പിൻ കണ്ടെത്തും, ബൊഗെയ്ൻവില്ല, ഹലോ മമ്മി, സൂക്ഷ്മദർശിനി, പണി

ആവറേജ് ഹിറ്റുകൾ
തലവൻ, ഗോളം, നുണക്കുഴി, അഞ്ചക്കള്ള കോക്കൻ, ഉള്ളൊഴുക്ക്


Source link

Related Articles

Back to top button