നടി മീന ഗണേഷ് അന്തരിച്ചു
ഷൊർണൂർ: ശ്രദ്ധേയമായ അമ്മ വേഷങ്ങളിലൂടെയടക്കം പ്രേക്ഷക മനസിൽ ഇടംനേടിയ ചലച്ചിത്ര നടി മീന ഗണേഷ് (81) അന്തരിച്ചു. ഇന്നലെ പുലർച്ചെ 1.20ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് നാലുദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്നലെ വൈകിട്ട് നാലരയ്ക്ക് ഷൊർണൂർ ഭാരതപ്പുഴ ശാന്തിതീരത്ത് നടത്തി. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ചുകാലമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഇരുനൂറോളം സിനിമകളിലും, നൂറുകണക്കിന് നാടകങ്ങളിലും 25ലധികം സീരിയലുകളിലും വേഷമിട്ടു. പ്രശസ്ത നാടകകൃത്തായിരുന്ന എ.എൻ.ഗണേഷിന്റെ ഭാര്യയാണ്. മക്കൾ: സീരിയൽ സംവിധായകനായ മനോജ്, സംഗീത. ഭർത്താവ് ഗണേഷിനൊപ്പം നാടകവേദിയിൽ സജീവമായിരുന്നു. നാടക രംഗത്തുനിന്നാണ് സിനിമയിലെത്തിയത്.
1942ൽ പാലക്കാട് കല്ലേക്കുളങ്ങരയിലാണ് ജനനം. ആദ്യകാല തമിഴ് നടൻ കെ.പി.കേശവന്റെ മകളാണ്. സ്കൂൾ പഠനകാലത്തു തന്നെ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. കെ.പി.എ.സി, എസ്.എൽ പുരം സൂര്യസോമ തുടങ്ങി നിരവധി സമിതികളുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1976ൽ പുറത്തിറങ്ങിയ ‘മണിമുഴക്കം ‘ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. 1991ലെ ‘മുഖചിത്രം ‘ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു.
വിവാഹശേഷം ഭർത്താവുമായി ചേർന്ന് ‘പൗർണമി കലാമന്ദിർ’ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി നടത്തിയിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വളയം, പിൻഗാമി, നന്ദനം, സദാനന്ദന്റെ സമയം, കരുമാടിക്കുട്ടൻ, മീശ മാധവൻ, മിഴി രണ്ടിലും തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.
Source link