‘ലക്ഷങ്ങൾ കമ്മിഷൻ വാങ്ങി’: കേരളത്തിലെ മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലിയിൽ; 2 പേർ അറസ്റ്റിൽ
തിരുവനന്തപുരം∙ തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേരെ സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തു. മായാണ്ടി, മനോഹരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ലക്ഷങ്ങള്‍ കമ്മിഷന്‍ വാങ്ങി കേരളത്തില്‍നിന്ന് മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ഇവിടെ തള്ളിയതാണെന്നാണ് പൊലീസ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സുത്തമല്ലി പൊലീസ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
തിരുനെല്‍വേലിയിലെ നടുക്കല്ലൂര്‍, കൊടകനല്ലൂര്‍, പലാവൂര്‍ ഭാഗങ്ങളിലാണ് ട്രക്കുകളില്‍ എത്തിച്ച മാലിന്യം തള്ളിയത്. മാലിന്യം തളളുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. എഐഡിഎംകെയും ബിജെപിയും ഡിഎംകെ സര്‍ക്കാരിനെതിരെ രംഗത്തുവന്നു. കേരളത്തില്‍നിന്നു മാലിന്യം തള്ളുന്നവര്‍ക്ക് ഡിഎംകെ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ സെല്ലില്‍ പരാതി ലഭിച്ചിട്ടും അവഗണിച്ചു. മാലിന്യം തള്ളുന്നതു തുടര്‍ന്നാല്‍ ലോറിയില്‍ കയറ്റി മാലിന്യങ്ങള്‍ തിരികെ കേരളത്തിലേക്ക് കൊണ്ടുപോകുമെന്നും അണ്ണാമലൈ മുന്നറിയിപ്പു നല്‍കി.
സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരും വില്‍ക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ പുനരുപയോഗിക്കാന്‍ സാധിക്കാത്തവയാണു വലിച്ചെറിയുന്നതെന്നാണ് സംശയം. മരുന്നുകളും ശുചീകരണ ലായനികളും ഉള്‍പ്പെടെ ഒട്ടേറെ സാധനങ്ങള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കാനുകളും മറ്റും കച്ചവടക്കാര്‍ വാങ്ങാറുണ്ട്. അവര്‍ ഇതു ഇവിടെ സൂക്ഷിച്ചശേഷം ഒരുമിച്ചു തമിഴ്‌നാട്ടിലെ പ്ലാസ്റ്റിക് പുനരുപയോഗ കമ്പനികള്‍ക്കു നല്‍കും. ഇത്തരം മാലിന്യത്തില്‍ പുനരുപയോഗ സാധ്യത ഇല്ലാത്തവ ഉണ്ടാകും. അതാണു വഴിയില്‍ തള്ളുന്നതെന്നു മുന്‍പു വിവരം ലഭിച്ചിട്ടുണ്ടെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു. പല സ്ഥലത്തും മാലിന്യം വലിച്ചെറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഐഎംഎയുടെ സ്ഥാപനമായ ഇമേജുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നു കണ്ടെത്താനാണ് ഐഎംഎ ഇതേക്കുറിച്ചു പരിശോധന നടത്തിയത്.
അതേസമയം, റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്നു മാലിന്യം ശേഖരിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയിരുന്നു. ആര്‍സിസിയിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ 2 ഏജന്‍സികള്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. സര്‍ജറി, ക്ലിനിക്കല്‍ മാലിന്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ)യുടെ മാലിന്യ സംസ്‌കരണ സ്ഥാപനമായ പാലക്കാട്ടെ ഇമേജിലേക്ക് കൊണ്ടുപോകും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മറ്റു മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് രണ്ടു സ്ഥാപനങ്ങള്‍ക്കും ഉണ്ടെന്ന് ആര്‍സിസിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്‍സിസിയില്‍ നിന്ന് എടുക്കുന്ന മാലിന്യം സംസ്‌കരിക്കാന്‍ സ്ഥാപനങ്ങള്‍ക്കു ശേഷിയുണ്ടെന്നു പരിശോധിച്ച ശേഷമാണു കരാര്‍ നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇമേജ് എടുക്കുന്ന സാധനങ്ങള്‍ പാലക്കാട്ട് സംസ്‌കരിക്കുമെന്നും പുറത്തേക്കു കൊണ്ടുപോകില്ലെന്നും ഐഎംഎ പ്രതിനിധികള്‍ അറിയിച്ചു.
ആര്‍സിസി വിശദീകരണം
ആശുപത്രി മാലിന്യങ്ങള്‍ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ആര്‍സിസി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി ബയോമെഡിക്കല്‍ മാലിന്യങ്ങളുള്‍പ്പെടെ വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടികളാണ് നടപ്പാക്കുന്നത്. ആശുപത്രിയിലെ പൊതുമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്നത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കേരള ശുചിത്വ മിഷന്റെയും അംഗീകാരമുള്ള സുനേജ് ഇക്കോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.
ടെന്‍ഡറിലൂടെ തിരഞ്ഞെടുത്ത വെണ്ടര്‍മാരാണ് പുനരുപയോഗിക്കാവുന്ന മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഭക്ഷണ മാലിന്യങ്ങള്‍ ഒരു പ്രാദേശിക പന്നി ഫാമുമായുള്ള കരാറിലൂടെയാണ് സംസ്‌കരിക്കുന്നത്. മലിനമായ പ്ലാസ്റ്റിക്, ഷാര്‍പ്പ്, ക്ലിനിക്കല്‍ മാലിന്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇമേജ് എന്ന സംഘടനയാണ് ശേഖരിച്ച് സംസ്‌കരിക്കുന്നത്.
ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തില്‍ പോളിസികളും പ്രോട്ടോക്കോളുകളും പാലിക്കുന്നത് ഉറപ്പുവരുത്തുന്നുണ്ട്. മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് നടത്തുന്നത്. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും പിഴവുണ്ടായിട്ടില്ല. തമിഴ്‌നാട് തിരുനെല്‍വേലിയില്‍ ആശുപത്രിമാലിന്യങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ആര്‍സിസിക്ക് ഉത്തരവാദിത്തമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
English Summary:
Illegal dumping hospital waste: Tamil Nadu Erupts in Protest Over Illegal Dumping of Kerala Medical Waste, 2 Arrested
Source link