KERALAM

അപകടം തുടർക്കഥയായതോടെ ജില്ലയിൽ കടുത്ത നടപടി, ജനുവരി 16 വരെ പരിശോധന ക്യാമ്പയിൻ; ലൈസൻസ് വരെ പോകും

കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായി റോഡപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിലും കർശന നടപടികൾക്കൊരുങ്ങി പൊലീസും മോട്ടോർ വാഹനവകുപ്പും. നിയമലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ സംയുക്ത പരിശോധനയാണ് നടത്തുന്നത്. എല്ലാ ദിവസവും പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും വാഹനങ്ങൾ 6 മുതൽ 8 മണിക്കൂർ വരെ പാതകളിൽ നിരീക്ഷണത്തിലുണ്ടാകും. ജനുവരി 16 വരെയാണ് പരിശോധനാ ക്യാമ്പയിൻ.

ബ്ലാക്ക് സ്‌പോട്ടിൽ പരിശോധന


അപകടസാധ്യത കൂടിയ (ബ്ലാക്ക് സ്‌പോട്ട്)​ മേഖലകളിലാണ് പ്രധാനമായും സംയുക്ത പരിശോധന. ആദ്യഘട്ടത്തിൽ അമിതവേഗത, മദ്യപിച്ച് വാഹനമോടിക്കൽ, ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, സീറ്റ്‌ബെൽറ്റ് ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സർവീസ് നടത്തുക. എന്നിവയാണ് പരിശോധിക്കുന്നത്. കടുത്ത പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികളുമുണ്ട്.

പരിശോധനയുടെ ലക്ഷ്യം


ശിക്ഷാ നടപടികളെക്കാൾ ബോധവത്കരണവും അപകസാദ്ധ്യത കുറയ്ക്കുന്നതിനും വേണ്ട നിർദേശം. ദീർഘദൂര യാത്രക്കാർക്ക് വേണ്ട നിർദേശം. എത്രമണിക്കൂർ ഡ്രൈവ് ചെയ്‌തെന്നുള്ള അന്വേഷണം.

പ്രതികരണം

ശബരിമല ഡ്യൂട്ടിയ്ക്കായി ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതിനാൽ സാദ്ധ്യമാകുന്ന പൊലീസ് സേന ഉദ്യോഗസ്ഥരും വാഹനങ്ങളും ഉപയോഗിച്ചാണ് നിലവിൽ പരിശോധന. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. മുൻകാല ചരിത്രം പരിശോധിച്ച് ലൈസൻസ് കാൻസൽ ചെയ്യും.- (മോട്ടോർ വാഹനവകുപ്പ് അധികൃതർ).

സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽപ്പെട്ട് പ്രതിദിനം നിരവധി പേരാണ് മരിക്കുന്നത്. പാലക്കാട് നാല്‌ വിദ്യാർത്ഥികൾ മരിച്ചതും, പത്തനംതിട്ടയിൽ കാർ അപകടത്തിൽപ്പെട്ട് നവദമ്പതികളടക്കം നാല് പേർ മരിച്ചതുമൊക്കെ അടുത്തിടെയാണ് നടന്നത്.


Source link

Related Articles

Back to top button