ചോദ്യപേപ്പർ വീണ്ടും ചോർന്നെന്ന് കെ.എസ്.യു
കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോൾ വീണ്ടും ചോദ്യപേപ്പർ ചോർച്ചയെന്ന് കെ.എസ്.യു ആരോപണം. ഇന്നലെ നടന്ന പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്നാണ് കെ.എസ്.യു ആരോപിച്ചത്. 40 മാർക്കിന്റെ പരീക്ഷയിൽ 32 മാർക്കിന്റെ ചോദ്യങ്ങളും കഴിഞ്ഞ ദിവസം രാത്രി എം.എസ് സൊല്യൂഷൻസ് പ്രവചിച്ചതാണ്. ചൊവ്വാഴ്ച രാത്രി ഒരു മണിക്കൂറിലധികം നീളുന്ന യുട്യൂബ് ലൈവിലൂടെ ഇതുമാത്രം പഠിച്ചാൽ പരീക്ഷ എളുപ്പമാകും എന്നു പറഞ്ഞായിരുന്നു എം.എസ് സൊല്യൂഷൻസ് രംഗത്തെത്തിയത്. സാധാരണ ചോദ്യങ്ങൾ പ്രവചിക്കുന്ന രീതിയിൽ നിന്നും മാറി ഇത്തവണ പാഠഭാഗങ്ങളാണ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടും വീണ്ടും ചോദ്യപേപ്പർ ചോർന്നു എന്നത് കേരളത്തിന്റെ ആഭ്യന്തര വകുപ്പിനോടുള്ള വെല്ലുവിളിയാണെന്നും, പൊലീസിനെ ഇവർക്ക് പുല്ലുവിലയാണെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണം നടത്തും
തിരുവനന്തപുരം: പത്താം ക്ളാസിലെ ക്രിസ്മസ് പരീക്ഷയുടെ രസതത്രം ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തിലും സർക്കാർ അന്വേഷണം നടത്തിയേക്കും. ചോദ്യപ്പേപ്പർ ചോർന്നെന്ന് കെ.എസ്.യു ആരോപിച്ചതിന് പിന്നാലെ സംഭവത്തെ പറ്റി വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകും.
Source link