കുടുംബത്തിലെ നാല് പേരുടെ ജീവനെടുത്ത അതേ റോഡിൽ വീണ്ടും അപകടം; യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും അപകട മരണം. ബൈക്ക് യാത്രികനായ തിരുവനന്തപുരം വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ (25) ആണ് മരിച്ചത്. പാഴ്സൽ ജീവനക്കാരനായ കിരൺ എതിർദിശയിൽ നിന്ന് വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ബൈക്ക് റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്.
സംസ്ഥാനത്ത് അപകടങ്ങൾ തുടർക്കഥയായിക്കൊണ്ടിരിക്കുകയാണ്. കിരൺ അപകടത്തിൽപ്പെട്ട അതേസ്ഥലത്ത് ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചിരുന്നു. കുമ്പഴ മല്ലശ്ശേരി പൂത്തേതുണ്ടിയിൽ നിഖിൽ മത്തായി ഭാര്യ അനു ബിജു. ഒപ്പമുണ്ടായിരുന്ന നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ അനുവിന്റെ പിതാവ് മല്ലശ്ശേരി വട്ടക്കുളഞ്ഞി പുത്തൻവിള കിഴക്കേതിൽ ബിജു പി.ജോർജ് എന്നിവരായിരുന്നു മരിച്ചത്.
മലേഷ്യയിൽ ഹണിമൂൺ കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും.ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസുമായി കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ നിഖിലിനെയും അനുവിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു ഇരുവരുടെയും പിതാക്കന്മാർ. നിഖിലിന്റെ വീട്ടിലേക്ക് എത്താൻ എഴു കിലോമീറ്റർ മാത്രം ശേഷിക്കേ, കാർ എതിരെയെത്തിയ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൂന്ന് പേർ സംഭവസ്ഥലത്തുവച്ച് മരിച്ചു. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.
Source link