ശ്രീലങ്കൻ പ്രസിഡന്റിന്റെ ഉറപ്പ്, ഇന്ത്യാവിരുദ്ധത അനുവദിക്കില്ല
ന്യൂഡൽഹി: തന്റെ രാജ്യത്ത് ഇന്ത്യയ്ക്ക് ദോഷകരമായ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ശ്രീലങ്കയിൽ ചൈന പിടിമുറുക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഡൽഹി ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ദിസനായകെയുടെ ഉറപ്പ്. ഹമ്പൻതോട്ട തുറമുഖം ഏറ്റെടുത്ത ചൈനയുടെ പ്രതിരോധ കപ്പലുൾപ്പെടെ അവിടെ നങ്കൂരമിടുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാണ്.
സുരക്ഷാ താത്പര്യങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിൽ ദിസനായകെ പൂർണമായി യോജിച്ചെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ വേഗത പകർന്നു. കൊളംബോ സെക്യൂരിറ്റി കോൺക്ലേവ് പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള ഒരു പ്രധാന വേദിയാണ്. തമിഴ് ന്യൂനപക്ഷങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.
കടൽ സുരക്ഷ, ഭീകരവാദം തടയൽ, സൈബർ സുരക്ഷ, ദുരന്ത നിവാരണം തുടങ്ങിയ കാര്യങ്ങളിൽ ശ്രീലങ്കയ്‌ക്ക് പിന്തുണ നൽകും.
ടൂറിസം പ്രോത്‌സാഹിപ്പിക്കാൻ രാമായണ, ബുദ്ധിസ്റ്റ് സർക്യൂട്ട് പദ്ധതികൾ, സാംപൂർ സൗരോർജ്ജ പദ്ധതി, ശ്രീലങ്കയ്ക്കുള്ളിലെ റെയിൽവേ കണക്റ്റിവിറ്റി, ഡിജിറ്റൽ ഐഡന്റിറ്റി പ്രോജക്റ്റ്, വിദ്യാഭ്യാസം, പ്രതിരോധ ഉടമ്പടികൾ തുടങ്ങിയവ ഇരുവരും ചർച്ച ചെയ്തു.
സാമ്പത്തിക പ്രതിസന്ധി കാലത്ത് സഹായിച്ചതിന് ദിസനായകെ ഇന്ത്യയ്‌ക്ക് നന്ദി രേഖപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിന് സുസ്ഥിര പരിഹാരം കണ്ടെത്തും. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും ദിസനായകെ കൂടിക്കാഴ്ച നടത്തി.
ഹമ്പൻതോട്ട തുറമുഖവും ചൈനീസ് ഭീഷണിയും
ചൈനയിൽ നിന്ന് ശ്രീലങ്ക 15,000 കോടി രൂപ വയ്പയെടുത്ത് ചൈനയെ തന്നെ നിർമ്മാണമേല്പിച്ചതാണ് ഹമ്പൻതോട്ട തുറമുഖം
2010ൽ ആദ്യഘട്ടം പൂർത്തിയായി. എന്നാൽ, വായ്പാതിരിച്ചടവ് മുടങ്ങിയതോടെ തുറമുഖ നടത്തിപ്പ് 99 വർഷത്തേക്ക് ചൈനയ്ക്ക് വിട്ടുകൊടുത്തു
ഇത് അവസരമാക്കിയ ചൈന ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ രഹസ്യ നിരീക്ഷണത്തിന് തുറമുഖത്തെ ഉപയോഗിക്കാൻ തുടങ്ങി
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചൈനയുടെ ഉപഗ്രഹ, ബാലിസ്റ്റിക് മിസൈൽ ട്രാക്കിംഗ് കപ്പലായ യുവാൻ വാങ് 5 പലതവണ ഹമ്പൻതോട്ടയിലെത്തി
ഇരട്ടനികുതി ഒഴിവാക്കും
ശക്തമായ ഉഭയകക്ഷി വ്യാപാരം,ഇരട്ടനികുതി ഒഴിവാക്കും, രാമേശ്വരം-തലൈമന്നാർ ഫെറി സർവീസ്
രാജ്യങ്ങൾക്കിടയിൽ വൈദ്യുതി-ഗ്രിഡ് കണക്റ്റിവിറ്റി, മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനുകൾ
സാമ്പൂർ സൗരോർജ പദ്ധതി. ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങളിൽ എൽ.എൻ.ജി വിതരണം
അനുരാധപുര റെയിൽവേ സെക്ഷൻ, കാങ്കസന്തുറൈ തുറമുഖം എന്നിവയ്‌ക്ക് സഹായം
ജാഫ്‌നയിലെയടക്കം 200 വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്‌കോളർഷിപ്പ്
അഞ്ച് വർഷത്തിനുള്ളിൽ 1500 ശ്രീലങ്കൻ സിവിൽ സർവീസുകാർക്ക് ഇന്ത്യയിൽ പരിശീലനം
പാർപ്പിടം, പുനരുപയോഗ ഊർജം, കൃഷി, ഡെയറി, മത്സ്യബന്ധനം മേഖലകളിൽ പിന്തുണ
ശ്രീലങ്കയിലെ ആധാർ മാതൃകയിലുള്ള പദ്ധതി നടത്തിപ്പിൽ ഇന്ത്യൻ പങ്കാളിത്തം
Source link