ടി.പി. കേസിലെ പ്രതികളെ പാർട്ടിക്ക് ഭയം: കെ. കെ. രമ
കണ്ണൂർ: ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവു നീക്കം പൊളിഞ്ഞതിന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരോട് സർക്കാരിന് ഈർഷ്യ തുടരുന്നു. വിവരങ്ങൾ ചോർത്തി എന്ന പേരിൽ ജയിൽ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ 6 മാസം കഴിഞ്ഞിട്ടും പിൻവലിക്കാത്ത സർക്കാർ,ശിക്ഷാ നടപടി കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്. പട്ടികയിൽ ടി.പി കേസ് പ്രതികൾ ഉൾപ്പെട്ടതെങ്ങനെയെന്നു കണ്ടെത്താതെ,പട്ടിക പുറത്തായതിന്റെ പേരിൽ മാത്രമാണു നടപടിയെന്നത് ഈ വിഷയത്തിൽ സർക്കാരിനുള്ള താത്പര്യം വ്യക്തമാക്കുന്നതാണെന്ന് ടി.പി ചന്ദ്രശേഖരന്റെ പത്നി കെ.കെ രമ എം.എൽ.എ. കേരള കൗമുദിയോടു പറഞ്ഞു.
അനധികൃത നീക്കം പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ് ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നത്. വാർത്ത പുറത്തു വന്നത് എവിടെ നിന്നെന്നറിയാന്‍ പൊലീസുകാരെ ഉൾപ്പെടെ ചോദ്യം ചെയ്യുന്നു.
വാടക കൊലയാളികളോട്
പ്രതിബദ്ധത
ടി.പി കേസ് പ്രതികൾക്കു ജാമ്യം ലഭിക്കില്ലെന്നു വന്നതോടെ,ശിക്ഷയിളവ് പട്ടിക അപ്പാടെ ആഭ്യന്തരവകുപ്പ് മരവിപ്പിച്ചിരുന്നു. ക്വട്ടേഷന്‍ കൊലപാതകം നടത്തിയവർക്കു സാധാരണഗതിയിൽ ഇളവു നൽകാനാകില്ല. രജീഷും ഷാഫിയും ഉൾപ്പെടെ 6 പ്രതികൾക്ക് 20 വർഷത്തേക്കു ശിക്ഷയിളവ് നൽകരുതെന്നു ഹൈക്കോടതി വിധിച്ചിരുന്നു. ശിക്ഷ ഇരട്ടിപ്പിച്ച് ഇരട്ട ജീവപര്യന്തമാക്കുകയും ചെയ്തു. ഈ വിധി ലംഘിച്ചാണ് വിട്ടയക്കാനുള്ള ലിസ്റ്റിൽ ഈ പ്രതികളെ ഉൾപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെറ്റ പരാജയം ചർച്ച ചെയ്ത സംസ്ഥാന കമ്മിറ്റി യോഗം തിരുത്തൽ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയതിന് പിറ്റേ ദിവസമാണ് ടി.പിയുടെ കൊലയാളികളെ മോചിതരാക്കാനുള്ള നീക്കം പുറത്തായത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് വഴിവിട്ട നീക്കമെന്നത് വ്യക്തമാണ്. നേരത്തെയും ടി.പികേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം നടന്നിരുന്നു.
സി.പി.എം
ദിവ്യയ്ക്കൊപ്പം
കേരളത്തിലെ സി.പി.എം നേതൃത്വത്തിന്റെ ദുരധികാര പ്രയോഗത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് എ.ഡി.എം നവീൻ ബാബു. എല്ലാമെല്ലാം നഷ്ടപ്പെട്ട ആ കടുംബത്തിന്റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അതുപോലെ നിലനിൽക്കുകയാണ്. നവീൻബാബുവിന്റെ കുടുംബത്തിനൊപ്പമുണ്ടെന്ന് പ്രഖ്യാപിക്കുകയും പൊലീസിനെ ഉപയോഗിച്ച് പ്രതി ദിവ്യയെ രക്ഷിക്കാനുള്ള നീക്കവും നടത്തുന്നു. ഈ ഇരട്ടത്താപ്പ് സർക്കാർ അവസാനിപ്പിക്കണം. കേരളത്തിന് പുറത്തുള്ള ദേശീയ ഏജൻസി അന്വേഷിച്ചാലേ സത്യം പുറത്തുവരൂ.
Source link